രാജ്യത്ത് കൊവിഡ് കേസുകള്‍ 82,000ലേക്ക്; 24 മണിക്കൂറിനിടെ 100 മരണം
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ 82,000ലേക്ക് അടുക്കുന്നു. 81970 പേര്‍ക്കാണ് ഇപ്പോള്‍ വരെ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2649 പേര്‍ മരിച്ചു. 24 മണിക്കൂറിനിടെ 3967 പോസിറ്റീവ് കേസുകളും 100 മരണവും റിപ്പോര്‍ട്ട് ചെയ്തു. 51401 പേരാണ് ചികിത്സയിലുള്ളത്. 27920 പേര്‍ രോഗമുക്തരായി.
ഗുജറാത്തിലും തമിഴ്നാട്ടിലുമാണ് കൊവിഡ് ബാധ രൂക്ഷമാവുന്നത്. ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ 8000 കടന്നു. ഗോവയ്ക്ക് പിറകെ, കൊവിഡ് വിമുക്തമായിരുന്ന മണിപ്പൂരിലും പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 324 പുതിയ കേസുകളും 20 മരണവും റിപ്പോര്‍ട്ട് ചെയ്തു.
രോഗം ഭേദമാകുന്നവരുടെ നിരക്ക് 38.43 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. തമിഴ്നാട്ടില്‍ 447 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 363 എണ്ണവും ചെന്നൈയിലാണ്. ആകെ കൊവിഡ് ബാധിതര്‍ 9674 ആയി ഉയര്‍ന്നു. ഇതുവരെ 66 പേര്‍ മരിച്ചു.
ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 472 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ പോസിറ്റീവ് കേസുകള്‍ 8470 ആയി. മരണം 115 ആയി ഉയര്‍ന്നു. രാജസ്ഥാനില്‍ 206 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രോഗികളുടെ എണ്ണം 4534 ആയി. മധ്യപ്രദേശിലും കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണ്. 253 പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ആകെ പോസിറ്റീവ് കേസുകള്‍ 4,426 ആണ്. ഉത്തര്‍പ്രദേശില്‍ മരണനിരക്ക് 88 ആയി ഉയര്‍ന്നു. കര്‍ണാടകയില്‍ 28 പേര്‍ കൂടി രോഗബാധിതരായി.