30.6 C
Kottayam
Tuesday, April 30, 2024

ചരിത്രം വഴി മാറി, ഇന്ത്യൻ വനിതകൾ ഒളിംപിക് ഹോക്കി സെമിയിൽ

Must read

ടോക്യോ:ഒളിംപിക്സിൻ്റെ ചരിത്രത്തിലാദ്യമായി ഇന്ത്യൻ വനിതകൾ ഒളിംപിക് സെമി ഫൈനലിൽ കടന്നു.ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയയെയാണ് മൂന്നാം തവണ മാത്രം ഒളിംപിക്സിൽ കളിക്കുന്ന ഇന്ത്യൻ വനിതകൾ ആവേശകരമായ ക്വാർട്ടർ പോരാട്ടത്തിൽ മറികടന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യൻ വനിതകളുടെ വിജയം. 22–ാം മിനിറ്റിൽ ഗുർജിത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. ടോക്കിയോ ഒളിംപിക്സിൽ ഗുർജീതിന്റെ ആദ്യ ഗോൾ കൂടിയാണിത്.

മത്സരത്തിൽ ഇന്ത്യയ്ക്ക് ലഭിച്ച ഒരേയൊരു പെനൽറ്റി കോർണറിൽനിന്നാണ് ഗുർജീത് കൗർ ലക്ഷ്യം കണ്ടത്. മറുവശത്ത് ഓസ്ട്രേലിയയ്ക്ക് അഞ്ചിലധികം പെനൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം ഭേദിക്കാനായില്ല. അവസാന മിനിറ്റുകളിൽ ഓസ്ട്രേലിയ കടുത്ത രീതിയിൽ സമനില ഗോളിനായി സമ്മർദ്ദം ചെലുത്തിയെങ്കിലും തുടർച്ചയായി പെനൽറ്റി കോർണറുകൾ വഴങ്ങി ഇന്ത്യൻ പ്രതിരോധം പിടിച്ചുനിന്നു.

പുറത്താകലിന്റെ വക്കിൽനിന്നു നോക്കൗട്ട് ഘട്ടത്തിലെത്തിയതിന്റെ ആത്മവിശ്വാസത്തിൽ കളിച്ച ഇന്ത്യ,പൂൾ ബി ചാംപ്യൻമാരായി എത്തിയ ഓസീസിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. 1980ലെ മോസ്കോ ഒളിംപിക്സിൽ നേടിയ നാലാം സ്ഥാനമാണ് ഒളിംപിക്സ് വനിതാ ഹോക്കിയിൽ ഇതിനു മുൻപ് ഇന്ത്യയുടെ മികച്ച പ്രകടനം. പ്രമുഖ ടീമുകൾ ഒളിംപിക്സ് ബഹിഷ്കരിച്ചതിനാൽ മോസ്കോയിൽ ആകെ ആറു ടീമുകളാണ് മത്സരിച്ചത്. റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ നടന്ന ടൂർണമെന്റിൽ രണ്ടു വിജയങ്ങളുമായാണ് ഇന്ത്യ അന്ന് നാലാം സ്ഥാനത്തെത്തിയത്.

ഒളിംപിക് ഹോക്കിയിൽ മൂന്നു തവണ സ്വർണം നേടിയിട്ടുള്ള ഓസ്ട്രേലിയ ലോക റാങ്കിങ്ങിൽ നിലവിൽ രണ്ടാം സ്ഥാനത്താണ്. ഇന്ത്യയാകട്ടെ 10–ാം സ്ഥാനത്തും. റാങ്കിങ്ങിലെ ഈ അന്തരം കളത്തിൽ തെല്ലും പ്രകടമാക്കാതെയാണ് ഇന്ത്യ തകർപ്പൻ പ്രകടനത്തോടെ വിജയവും സെമി ബർത്തും സ്വന്തമാക്കിയത്.

നേരത്തെ, ഗ്രൂപ്പ് ഘട്ടത്തിൽ എല്ലാ മത്സരങ്ങളും ജയിച്ച് പൂൾ ബിയിൽ ചാംപ്യൻമാരായാണ് ഓസ്ട്രേലിയൻ വനിതകൾ ക്വാർട്ടറിലെത്തിയത്.അഞ്ച് മത്സരങ്ങളിൽനിന്ന് അവർ അടിച്ചുകൂട്ടിയത് 13 ഗോളുകളാണ്. വഴങ്ങിയത് ഒരേയൊരു ഗോളും. അതും ആദ്യ മത്സരത്തിൽ സ്പെയിനെതിരെ.

എന്നാൽ, തികച്ചം വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സെമി പ്രവേശം. പൂൾ എയിൽ ആദ്യത്തെ മൂന്നു കളികളും തോറ്റ ഇന്ത്യ, അവസാന 2 മത്സരങ്ങളിൽ നേടിയ നിർണായക വിജയങ്ങളുടെ മികവിൽ പൂൾ എയിൽ 4ാം സ്ഥാനക്കാരായാണ് ക്വാർട്ടറിലെത്തിയത്. ആദ്യത്തെ 3 കളികളിൽ നെതർലൻ‍ഡ്സ്, ജർമനി, നിലവിലുള്ള ചാംപ്യൻമാരായ ബ്രിട്ടൻ എന്നീ ടീമുകളോടാണ് ഇന്ത്യ തോറ്റത്. പിന്നീട് അയർലൻഡിനെ 1–0നും ദക്ഷിണാഫ്രിക്കയെ 4–3നും തോൽപിച്ചു. പൂൾ എയിലെ അവസാന മത്സരത്തിൽ ബ്രിട്ടനും അയർലൻഡിനെ തോൽപ്പിച്ചതോടെയാണ് ഇന്ത്യയ്ക്ക് സെമിയിലേക്കുള്ള വാതിൽ തുറന്നുകിട്ടിയത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week