32.8 C
Kottayam
Thursday, May 9, 2024

ലക്ഷദ്വീപിൽ പുതിയ വിമാനത്താവളം വരുന്നു; സൈനിക വിമാനങ്ങൾക്കും സൗകര്യമൊരുക്കും

Must read

ന്യൂഡല്‍ഹി: ലക്ഷദ്വീപില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മിനിക്കോയ് ദ്വീപാണ് ഇതിനുവേണ്ടി പരിഗണിക്കുന്നത്. ലക്ഷദ്വീപിന്റെ വിനോദ സഞ്ചാര മേഖലയെ അഭിവൃദ്ധിപ്പെടുത്തുകയാണ് പ്രധാനമായി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കിലും യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെയുള്ള സൈനിക വിമാനങ്ങള്‍ക്കും യാത്രാവിമാനങ്ങള്‍ക്കും പറന്നിറങ്ങാനും പറന്നുയരാനുമുള്ള സൗകര്യം വിമാനത്താവളത്തിലുണ്ടാകും. സൈനിക-വാണിജ്യ വ്യോമഗതാഗതം സാധ്യമാകുന്ന വിമാനത്താവളമായിരിക്കും മിനിക്കോയില്‍ നിര്‍മിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മിനിക്കോയ് ദ്വീപില്‍ വിമാനത്താവളം നിര്‍മിക്കാനുള്ള നിര്‍ദേശങ്ങള്‍ നേരത്തെ തന്നെ കേന്ദ്രസര്‍ക്കാരിന് മുന്നിലുണ്ടെങ്കിലും സൈനിക ആവശ്യങ്ങള്‍ക്കുകൂടി ഉപയോഗപ്പെടുന്ന വിധത്തില്‍ വ്യോമത്താവളം നിര്‍മിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ അടുത്തിടെയാണ് കൈക്കൊണ്ടത്. പദ്ധതി സര്‍ക്കാരിന്റെ പ്രാഥമിക പരിഗണനകളിള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നിര്‍മാണം സംബന്ധിച്ചുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നുമാണ് ഔദ്യോഗിക വിവരം.

ലക്ഷദ്വീപില്‍ വ്യോമത്താവളം വരുന്നതിലൂടെ അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം തുടങ്ങിയ സമുദ്ര മേഖലകളിലെ സൈനിക നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. പ്രതിരോധ മന്ത്രാലയത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഭാഗത്തുനിന്നാണ് മിനിക്കോയില്‍ വ്യോമത്താവളം നിര്‍മിക്കാനുള്ള നിര്‍ദേശം ആദ്യമുയര്‍ന്നത്.

മിനിക്കോയിലേക്കുകൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യന്‍ വ്യോമസേന ആരംഭിച്ചുകഴിഞ്ഞു.നിലവില്‍ അഗത്തിയിലാണ് ദ്വീപില്‍ വിമാനത്താവളമുള്ളത്. എന്നാല്‍ സൗകര്യങ്ങള്‍ പരിമിതമായതിനാല്‍ എല്ലാതരത്തിലുള്ള വിമാനങ്ങള്‍ക്കും അഗത്തിയില്‍ ഇറങ്ങാനാകില്ല.

പുതിയ വിമാനത്താവളത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനോടൊപ്പം നിലവിലുള്ള വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും നടത്തും. ഇതിലൂടെ ദ്വീപിന്റെ വിനോദസഞ്ചാര മേഖലയുടെ വികസനവും സാധ്യമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനുശേഷമാണ് മിനിക്കോയ് ദ്വീപ് കൂടുതലായി ശ്രദ്ധ നേടിയത്. അതിനിടെ, മാലദ്വീപിലെ മന്ത്രിമാരടക്കം സന്ദര്‍ശനത്തെ വിമര്‍ശിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week