25.5 C
Kottayam
Monday, May 20, 2024

സമാധാനമായി പ്രതിഷേധിക്കുന്നവർ എന്തിന് തടി കഷ്ണവുമായി വരണമെന്ന് കോടതി,രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല;ജയിലിലേക്ക്‌

Must read

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ റിമാൻഡ് ചെയ്തു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് (മൂന്ന്) ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തത്. രാഹുലിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്താൻ കോടതി നിർദ്ദേശിച്ചിരുന്നു.

ഗുരുതര ആരോഗ്യപ്രശ്നമില്ലെന്ന് പരിശോധനയിൽ വ്യക്തമായതിനെ തുടർന്നാണ് റിമാൻഡ് ചെയ്തത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലായിരുന്നു മെഡിക്കൽ പരിശോധന. നേരത്തേ ഫോർട്ട് ആശുപത്രിയിലാണ് ആദ്യം മെഡിക്കൽ പരിശോധന നടത്തിയത്.അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

രാഹുലിന്റെ ജാമ്യാപേക്ഷ പ്രോസിക്യൂഷൻ എതിർത്തു. നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസും ഡിവൈഎഫ്ഐ പ്രവർത്തകരും മർദിച്ചതിനെതിരെ ഡിസംബർ 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിനിടെ വ്യാപക അക്രമം നടന്നതായി പ്രോസിക്യൂഷൻ വാദിച്ചു. നിരവധി പൊലീസുകാർക്ക് പരുക്കേറ്റു. പൊതുമുതല്‍ നശിപ്പിച്ചു. ഇതിനെല്ലാം തുടക്കം മുതൽ സ്ഥലത്തെത്തി നേതൃത്വം നൽകിയത് രാഹുൽ മാങ്കൂട്ടത്തിലാണ്. അക്രമങ്ങൾക്കും പൊതുമുതൽ നശീകരണത്തിനും നേരിട്ടും അല്ലാതെയുമുള്ള ഉത്തരവാദിത്തം സമരം നടത്തുന്നവർക്കുണ്ട്.

രാഹുൽ സമരത്തിന്റെ മുൻനിരയിൽനിന്ന് നേതൃത്വം നൽകുന്നതിന്റെയും സമരം അക്രമാസക്തമാകുന്നതിന്റെയും ഫോട്ടോയും വിഡിയോയും പൊലീസ് കോടതിയിൽ ഹാജരാക്കി. പിരിഞ്ഞു പോയ പ്രവർത്തകരെ മടക്കി വിളിച്ച് രാഹുൽ വീണ്ടും ആക്രമണം നടത്തി. എല്ലാ ആക്രമങ്ങളും നടന്ന സ്ഥലത്ത് പ്രതിയുടെ സാന്നിധ്യമുണ്ട്. അതിക്രമങ്ങൾ തടയാൻ യാതൊരു ശ്രമവും നേതാവെന്ന നിലയിൽ നടത്തിയില്ല. സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധമല്ല നടന്നത്, ആക്രമണമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.

നടന്നത് രാഷ്ട്രീയ പ്രതിഷേധമാണെന്ന് പ്രതിഭാഗം വാദിച്ചു. രാഹുൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചിട്ടില്ല. രാഹുലിന് പൊലീസ് അറസ്റ്റു ചെയ്യുന്നതിനു മുൻപ് നോട്ടിസ് നൽകിയില്ല. പൊലീസ് സ്റ്റേഷനിലെത്തിച്ചശേഷമാണ് നോട്ടിസ് നൽകിയത്. മൂന്നു കേസുകൾ നിലനിൽക്കുമ്പോൾ ഒരു കേസിൽ മാത്രം അറസ്റ്റു ചെയ്യുന്നതിലൂടെ പൊലീസിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു.

സമാധാനമായി പ്രതിഷേധിക്കുന്നവർ എന്തിന് തടി കഷ്ണവുമായി വരണമെന്ന് കോടതി ചോദിച്ചു. തടി കഷ്ണം കൊണ്ടു വന്നതല്ലെന്നും സംഘർഷ സ്ഥലത്തെ ഫ്ലക്സ് ബോർഡിൽനിന്നും എടുത്തതാണെന്നും പ്രതിഭാഗം മറുപടി നൽകി. രാഹുൽ ഇന്നലെയാണ് ചികിൽസ കഴിഞ്ഞ് സ്വകാര്യ ആശുപത്രിയിൽനിന്നും ഡിസ്ചാർജ് ആയതെന്നും അതിനാലാണ് ഇന്ന് അറസ്റ്റു ചെയ്തതെന്നും പൊലീസ് അറിയിച്ചു.

രാഹുലിന്റെ തലയിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും സ്ട്രോക്കിന് സാധ്യതയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷൻ ഇതിനെ എതിർത്തു. രാഹുലിനു നിലവിൽ ശാരീരിക അവശത ഇല്ലെന്നും റിമാൻഡ് ചെയ്യുന്നതിന് അസുഖം തടസ്സമല്ലെന്നും പ്രോസിക്യൂട്ടർ കല്ലമ്പള്ളി മനു പറഞ്ഞു. തുടർന്ന് വിശദമായ മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദേശിച്ചു.

ജനറൽ ആശുപത്രിയിൽ പരിശോധിച്ചതിന്റെ രേഖകൾ വിലയിരുത്തിയശേഷമാണ് കോടതി രാഹുലിനെ റിമാൻഡ് ചെയ്തത്. ഇന്ന് രാവിലെ പത്തനംതിട്ടയിലെ വീട്ടിൽനിന്നാണ് രാഹുലിനെ പൊലീസ് അറസ്റ്റു ചെയ്തത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

ഇന്നു രാവിലെ പത്തനംതിട്ടയിലെ വീട്ടിൽ നിന്നാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് രാഹുൽ. രാവിലെ പത്തേകാലിന് കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു റജിസ്റ്ററിൽ ഒപ്പിടീച്ച ശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോകുന്നതിനിടയിൽ രാഹുലിനോടു മാധ്യമ പ്രവർത്തകർ സംസാരിക്കാൻ ശ്രമിച്ചതു പൊലീസ് തടഞ്ഞു. രാഹുലിനെ പിടിച്ചു തള്ളി ജീപ്പിലേക്കു കയറ്റുകയായിരുന്നു.

രാവിലെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്തതു മുതൽ പൊലീസുമായി സഹകരിക്കുന്ന തന്നെ ബലം പ്രയോഗിച്ചു കൊണ്ടുപോകാൻ ശ്രമിക്കുന്നത് എന്തിനാണെന്നു രാഹുൽ ചോദിച്ചു. വൈദ്യ പരിശോധനയ്ക്കായി ഫോർട്ട് താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു വാഹനം തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. പ്രവർത്തകരും പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. തുടർന്നാണ് കോടതിയിൽ ഹജരാക്കിയത്.

നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേർന്ന് കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. തൊട്ടുപിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംഎൽഎയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളായിരുന്നു. കേസിൽ അറസ്റ്റിലാകുന്ന ആദ്യ നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. നേരത്തെ 31 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week