ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഗുസ്തി പിടിച്ച് സ്വര്‍ണം വാരിക്കൂട്ടി ഇന്ത്യ. വനിതകളുടെ 53 കിലോ വിഭാഗത്തില്‍ വിനേഷ് ഫോഗട്ടും പുരുഷ വിഭാഗം 57 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഒളിംപിക് മെഡല്‍ ജേതാവ് രവി കുമാര്‍ ദാഹിയയും ആണ് ഇന്ത്യക്ക് ഇന്ന് സ്വര്‍ണം സമ്മാനിച്ചത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വിനേഷ് ഫോഗട്ടിന്‍റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണവും രവി കുമാറിന്‍റെ ആദ്യ സ്വര്‍ണവുമാണിത്.
ടോക്കിയോ ഒളിംപിക്സിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ഗുസ്തി മതിയാക്കാനൊരുങ്ങിയ വിനേഷിന്‍റെ ശക്തമായ തിരിച്ചുവരവാണ് ബര്‍മിങ്ഹാമില്‍ കണ്ടത്. റൗണ്ട് റോബിന്‍ ലീഗ് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് എതിരാളികള്‍ക്കെതിരെയും ആധികാരിക ജയവുമായാണ് വിനേഷ് സ്വര്‍ണം സ്വന്തമാക്കിയത്. നിര്‍ണായക അവസാന മത്സരത്തില്‍ ശ്രീലങ്കയുടെ ചംബോഡ്യ കേശാനിയെ തോല്‍പ്പിച്ചാണ് വിനേശ് ബര്‍മിങ്ഹാമിലും ഗോദയില്‍ ജയിച്ചു കയറിയത്.
അതിന് മുമ്പ് കനേഡിയന്‍ താരവും ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവുമായ സാമന്ത ലെഗ് സ്റ്റുവര്‍ട്ടിനെയും നൈജീരിയയുടെ ബൊലാഫുനോലുവ അഡേക്യുറോയെയും വിനേഷ് മലര്‍ത്തിയടിച്ചിരുന്നു.തൂടര്‍ച്ചയായ മൂന്നാം സ്വര്‍ണനേട്ടത്തോടെ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി വിനേഷ്. രണ്ട് സ്വര്‍ണം നേടിയിട്ടുള്ള ഗുസ്തി താരം സുശീല്‍ കുമാറിനെയാണ് വിനേഷ് മറികടന്നത്.
പുരുഷന്‍മാരുടെ 57 കിലോ വിഭാഗത്തിലെ ഏകപക്ഷീയമായ ഫൈനലില്‍ നൈജീരിയയുടെ എബിക്കെവെനിമോ വെല്‍സണെ മലര്‍ത്തി അടിച്ചാണ്(10-0) രവി കുമാര്‍ സ്വര്‍ണം കഴുത്തലണിഞ്ഞത്. ടോക്കിയോ ഒളിംപിക്സില്‍ 57 കിലോ ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ രവി കുമാര്‍ വെള്ളി നേടിയിരുന്നു. മൂന്ന് തവണ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയിട്ടുള്ള വെല്‍സണ്‍ തുടക്കം മുതല്‍ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും രവി കുമാര്‍ പ്രതിരോധിച്ചു.
മത്സരം തുടങ്ങി ഒരു മിനിറ്റിനകം നൈജീരിയന്‍ താരത്തെ കാലില്‍ പിടിച്ച് മലര്‍ത്തയടിച്ച രവികുമാര്‍ 8 പോയന്‍റ് സ്വന്തമാക്കി. പെട്ടെന്നുള്ള തോല്‍വി ഒഴിവാക്കാന്‍ നൈജീരിയന്‍ താരം റിംഗിന് പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും കാല്‍ക്കുഴയില്‍ പിടുത്തമിട്ട രവി കുമാര്‍ അനായാസം പോയന്‍റുകള്‍ നേടി വിജയം ഉറപ്പിച്ചു.
നേരത്തെ വനിതകളുടെ 50 കിലോ ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ പൂജ ഗെഹ്‌ലോട്ടിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വെങ്കല മെഡല്‍ പോരാട്ടത്തില്‍ സ്കോട്ടിഷ് താരത്തിനെതിരെ തുടക്കത്തില്‍ പിന്നിലായെങ്കിലും പിന്നീട് തിരിച്ചടിച്ച പൂജ മെഡല്‍ ഉറപ്പാക്കി.
ബര്‍മിങ്ഹാമില്‍ ഗുസ്തിയില്‍ നിന്ന് മാത്രം ഇന്ത്യ അഞ്ച് സ്വര്‍ണം നേടിയിട്ടുണ്ട്. വിനേഷിനും രവി ദാഹിയക്കും പുറമെ സാക്ഷി മാലിക്, ദീപക് പുനിയ, ബജ്റംഗ് പൂനിയ എന്നിവരും ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചിരുന്നു.
മെഡല്‍ പട്ടികയില്‍ കുതിച്ച് ഇന്ത്യ
ഗുസ്തി പിടിച്ച് നേടിയ സ്വര്‍ണങ്ങളിലൂടെ കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ പട്ടികയില്‍ ഇന്ത്യ 11 സ്വര്‍ണവുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 11 സ്വര്‍ണവും 11 വെള്ളിയും 11 വെങ്കലവുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. 57 സ്വര്‍ണവും 46 വെള്ളിയും 47 വെങ്കലവും അടക്കം 150 മെഡലുകളുമായി ഓസ്ട്രേലിയ ആണ് ഒന്നാമത്. 48 സ്വര്‍ണം അടക്കം 137 മെഡലുകളുള്ള ഇംഗ്ലണ്ട് രണ്ടാമതും 10 സ്വര്‍ണം ഉള്‍പ്പെടെ 79 മെഡലുകളുള്ള കാനഡ മൂന്നാമതും 17 സ്വര്‍ണം ഉള്‍പ്പെടെ 42 മെഡലുകളുള്ള ന്യൂസിലന്‍ഡ് നാലാമതുമാണ്.