32.3 C
Kottayam
Monday, May 6, 2024

ഐഎൻഎസ് വിക്രാന്തില്‍ മോഹൻലാൽ; അഭിമാനനിമിഷമെന്ന് താരം; ചിത്രങ്ങൾ വൈറൽ

Must read

കൊച്ചി:രാജ്യം തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് ടെറിട്ടോറിയൽ ആർമി ഓണററി ലഫ്റ്റനന്റ് കേണൽ പദവിയുള്ള നടൻ മോഹൻ ലാലും സംവിധായകൻ മേജർ രവിയും സന്ദർശിച്ചു. കപ്പലിന്റെ നിർമാണ പങ്കാളികളായ ഷിപ്‌യാഡ് ഉദ്യോഗസ്ഥരെയും കപ്പലിന്റെ കമാൻഡിങ് ഓഫിസർ കമ്മഡോർ വിദ്യാധർ ഹാർകെ ഉൾപ്പെടെയുള്ള നാവികരോടും ഇരുവരും ആശയവിനിമയം നടത്തി.

വിമാനവാഹിനിയുടെ പ്രത്യേകതകളും സജ്ജീകരണങ്ങളും ഇരുവരും വിശദമായി ചോദിച്ചറിഞ്ഞു. കൊച്ചി ഷിപ്‌യാഡും നാവിക സേനയും പ്രത്യേകം ക്ഷണിച്ചതിനെ തുടർന്നായിരുന്നു സന്ദർശനം. കൊച്ചി കപ്പൽശാലയിൽ നിർമാണം പൂർത്തിയായ വിമാനവാഹിനി കപ്പൽ കഴിഞ്ഞ ദിവസം ഔദ്യോഗികമായി നാവികസേനയ്ക്കു കൈമാറിയിരുന്നു.

ഇന്ത്യ ഇന്നോളം നിർമിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പടക്കപ്പലാണിത്. വിക്രാന്ത വീര്യം ഭാരതത്തിന്റെ സമുദ്രാതിർത്തികൾക്കു കവചമാകാൻ, ഇന്ത്യൻ നാവികക്കരുത്തിന്റെ വിളംബരമാകാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പു മാത്രം. രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യ ദിനത്തിനു തൊട്ടുള്ള ഏതെങ്കിലും ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കുന്നതോടെ നാവികസേനയുടെ രേഖകളിൽ ഐഎസി–1 എന്നറിയപ്പെട്ടിരുന്ന വിമാനവാഹിനി ഔദ്യോഗികമായി ഐഎൻഎസ് വിക്രാന്ത് ആകും.

ഇതോടെ തദ്ദേശീയമായി വിമാനവാഹിനി കപ്പൽ രൂപകൽപന ചെയ്തു നിർമിക്കാൻ ശേഷിയുള്ള, ലോകത്തെ ആറാമത്തെ രാജ്യം എന്ന അഭിമാന നേട്ടത്തിലേക്ക് ഇന്ത്യയെത്തും. വിമാനവാഹിനി നിർമിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയെന്ന നേട്ടത്തിലേക്കു കൊച്ചിയുടെ സ്വന്തം ഷിപ്‌യാഡും പേരു ചേർക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week