മരണശേഷവും ‘പ്രാണൻ’ പകുത്ത് നൽകി ഹരീഷ് റാണ; ഹൃദയവാൽവുകളും കോർണിയയും ദാനം ചെയ്തു

മരണശേഷവും ‘പ്രാണൻ’ പകുത്ത് നൽകി ഹരീഷ് റാണ; ഹൃദയവാൽവുകളും കോർണിയയും ദാനം ചെയ്തു

ന്യൂഡൽഹി: രാജ്യത്ത് ആദ്യത്തെ ഔദ്യോഗിക ദയാമരണത്തിന് വിധേയനാക്കിയ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്തു. ഹൃദയവാൽവുകളും കോർണിയയുമാണ് ദാനം ചെയ്തത്. അപകടത്തെ തുടർന്ന് 13 വർഷമായി അബോധാവസ്ഥയിൽ കഴിഞ്ഞിരുന്ന ഹരീഷ് റാണ ചൊവ്വാഴ്ചയാണ് വിടവാങ്ങിയത്. ഹരീഷിന്റെ സംസ്‌കാരച്ചടങ്ങുകൾ ബുധനാഴ്ച ഡൽഹിയിൽ നടന്നു.

മാർച്ച് 11നാണ് ഹരീഷ് റാണയുടെ ചികിത്സ പിൻവലിക്കാനുള്ള ഉത്തരവ് സുപ്രീം കോടതിപുറപ്പെടുവിക്കുന്നത്. ഇതേത്തുടർന്ന് ഹരീഷ് റാണയെ എയിംസിലേക്ക് മാറ്റിയിരുന്നു. ഇന്ത്യയിൽ ആദ്യമായിട്ടാണ് ‘നിഷ്‌ക്രിയ ദയാവധം’ അനുവദിച്ചുകൊണ്ട് സുപ്രീംകോടതിയുടെ ചരിത്രവിധി വരുന്നത്. ഹരീഷ് റാണയ്ക്ക് വയറ്റിൽ ഘടിപ്പിച്ച ട്യൂബിലൂടെ നൽകുന്ന മരുന്നും ചികിത്സയും നിർത്തിവെക്കാനാണ് സുപ്രീംകോടതി അനുവദിച്ചത്. ഹരീഷിന്റെ ജീവൻരക്ഷാ സംവിധാനങ്ങൾ നിർത്താമെന്ന് ഗാസിയാബാദ് ജില്ലാ ആശുപത്രിയിലെ പ്രാഥമിക മെഡിക്കൽ ബോർഡും എയിംസിലെ രണ്ടാം മെഡിക്കൽ ബോർഡും നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവർ ഉത്തരവിട്ടത്.

വീട്ടിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഹരീഷിനെ അവിടെനിന്ന് എയിംസിന്റെ പാലിയേറ്റീവ് കെയർ വകുപ്പിലേക്ക് മാറ്റിയശേഷം അവിടെവെച്ച് സി.എ.എൻ.എച്ച്. (ക്ലിനിക്കലി അസിസ്റ്റഡ് ന്യുട്രീഷ്യൻ ആൻഡ് ഹൈഡ്രേഷൻ-കുഴൽവഴിയോ ഡ്രിപ്പായോ പോഷകവും ജലാംശവും നൽകൽ) ഉൾപ്പെടെയുള്ള ജീവൻരക്ഷാ സംവിധാനങ്ങൾ പിൻവലിക്കുകയായിരുന്നു.

2013 ഓഗസ്റ്റ് 20-നായിരുന്നു ഹരീഷിന് അപകടമുണ്ടായത്. ചണ്ഡീഗഡ് യൂണിവേഴ്‌സിറ്റിയിൽ സിവിൽ എഞ്ചിനീയറിങ് പഠിക്കുകയായിരുന്ന ഹരീഷ്, തന്റെ താമസസ്ഥലത്തിന്റെ നാലാം നിലയിലെ ബാൽക്കണിയിൽനിന്ന് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും 100% വൈകല്യം സംഭവിക്കുകയും ചെയ്തു. ഹരീഷിന് കണ്ണുതുറക്കാനോ കൈകാലുകൾ ചലിപ്പിക്കാനോ കഴിയാതായിരുന്നു.

News Summary: India’s first official case of passive euthanasia was concluded as Harish Rana, who had been in a vegetative state for 13 years following an accident, passed away on Tuesday. In a noble gesture, his family donated his heart valves and corneas following his demise. Harish had been bedridden and unconscious since 2011, and his parents had approached the court seeking permission for passive euthanasia due to his incurable condition. His last rites were performed in Delhi on Wednesday, marking the end of a long legal and emotional struggle for his family.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News