‘വാക്‌ചാതുര്യവും ശരീര അഴകും വിൽപനയ്ക്ക് വച്ച് തിരഞ്ഞെടുപ്പിനെ നേരിടുന്നു’;യു പ്രതിഭയ്ക്കെതിരെ ലീഗ് നേതാവിന്റെ അധിക്ഷേപം

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് നേതാവ്. വികസന പ്രവർത്തനങ്ങളൊന്നും ചെയ്യാതെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും വീണ്ടും തിരഞ്ഞെടുപ്പിലേയ്ക്ക് വരുന്നുവെന്നായിരുന്നു പരാമർശം. യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരിയാണ് ഇന്നലെ നടന്ന യുഡിഎഫ് കൺവെൻഷനിൽ സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്.

‘ഒരു ജനപ്രതിനിധിയെന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്ന യഥാർത്ഥ്യം മുന്നിൽ നിൽക്കുമ്പോഴാണ് വീണ്ടും അവരുടെ വാക്‌ചാതുര്യം കൊണ്ടും ശരീര അഴകുകൊണ്ടും അതൊക്കെ വിൽപനയ്ക്ക് വച്ചുകൊണ്ട് വീണ്ടും തിരഞ്ഞെടുപ്പിന് വരുന്നത്’- എന്നായിരുന്നു ഇർഷാദ് ചക്കാലശേരിയുടെ വിവാദപരാമർശം. യു പ്രതിഭയുടെ മകൻ ഉൾപ്പെട്ട കഞ്ചാവുകേസിനെക്കുറിച്ചും യുഡിഎഫ് നേതാവ് പ്രസംഗത്തിൽ പരാമർശിച്ചിരുന്നു. ഡിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ വേദിയിലിരിക്കെയാണ് ഇർഷാദ് സ്‌ത്രീവിരുദ്ധ പരാമർശം നടത്തിയത്. ഇതിനെതിരെ സിപിഎം നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.

വ്യക്തിപരമായ അധിക്ഷേപം നടത്തി തിരഞ്ഞെടുപ്പ് ചിത്രം മാറ്റാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു. കായംകുളം അസംബ്ലി മണ്ഡലത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടന്ന വികസന പ്രവർത്തനങ്ങളെ മുൻനിർത്തി വോട്ട് ചോദിക്കുന്നതിന് പകരം, സ്ഥാനാർത്ഥിയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നതെന്ന് എൽഡിഎഫ് വക്താക്കൾ പറഞ്ഞു. പഞ്ചായത്ത് മെമ്പർ മുതൽ എംഎൽഎ വരെയായി പ്രവർത്തിച്ച ഒരു ജനപ്രതിനിധിക്കെതിരെ ഉണ്ടായ ഈ നീക്കം കടുത്ത സ്ത്രീവിരുദ്ധതയാണെന്ന് അവർ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ ലീഗ് നേതാവ് ഖേദം പ്രകടിപ്പിച്ചെങ്കിലും അത് അംഗീകരിക്കാൻ എൽഡിഎഫ് തയ്യാറല്ല. ഒരു കുറ്റകൃത്യം ചെയ്ത ശേഷം മാപ്പ് പറഞ്ഞതുകൊണ്ട് അത് ഇല്ലാതാകില്ലെന്നും, യുഡിഎഫ് ചെയർമാന്റെ പ്രസ്താവന സ്ത്രീപീഡനത്തിന് തുല്യമായ കുറ്റകൃത്യമാണെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വ്യക്തിഹത്യയ്ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് എൽഡിഎഫ് തീരുമാനം. വികസനവും രാഷ്ട്രീയവും പറയുന്നതിന് പകരം വ്യക്തിയുടെ ശരീരഘടനയെയും മറ്റും അധിക്ഷേപിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് എൽഡിഎഫ് നേതാക്കൾ ചൂണ്ടിക്കാട്ടി.

ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുകയാണ് കായംകുളം. സിറ്റിംഗ് എം.എൽ.എ യു പ്രതിഭ ഹാട്രിക് പോരാട്ടത്തിനിറങ്ങുമ്പോൾ,​ മണ്ഡലം തിരിച്ചുപിടിക്കാൻ കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവിനെയാണ് കോൺഗ്രസ് നിയോഗിച്ചിരിക്കുന്നത്. ഇരുമുന്നണികൾക്കുമൊപ്പം ബി.ജെ.പിക്ക് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി തമ്പിമേട്ടുതറയും രംഗത്തുണ്ട്. 2016ലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി യു പ്രതിഭയ്ക്ക് മികച്ച ഭൂരിപക്ഷത്തിൽ വിജയം സമ്മാനിച്ച കായംകുളം 2021ലും യു പ്രതിഭയ്ക്കൊപ്പമായിരുന്നു.

News Summary: Kayamkulam is witnessing a heated political row following misogynistic remarks made by UDF leader Irshad Chakkalasery against LDF candidate U. Pratibha. During a UDF convention attended by senior DCC leaders, Irshad, the constituency convener and Muslim League leader, alleged that the MLA was seeking re-election based on “eloquence and physical appearance” rather than developmental achievements. He also made personal references to a legal case involving her son. The LDF has strongly condemned the statements, labeling them as deeply sexist and an attempt to divert the election narrative from development to personal character assassination. CPM leaders have demanded an apology, asserting that such remarks insult all women in public service.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News