ന്യൂഡൽഹി: അന്താരാഷ്ട്ര നയതന്ത്ര സമ്മർദ്ദങ്ങൾക്കിടയിലും ഊർജ്ജ പ്രതിസന്ധി മറികടക്കാൻ നിർണ്ണായക നീക്കവുമായി ഭാരതം. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ വീണ്ടും ദ്രാവക രൂപത്തിലുള്ള പാചകവാതകം (LPG) ഇറക്കുമതി ചെയ്തു. ഇറാനിൽ നിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള ‘അറോറ’ എന്ന കപ്പൽ ഉടൻ തന്നെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2019-ൽ അമേരിക്കൻ ഉപരോധത്തെത്തുടർന്ന് നിർത്തിവെച്ച ഇറക്കുമതിയാണ് ഇപ്പോൾ പുനരാരംഭിച്ചിരിക്കുന്നത്.
അമേരിക്കൻ ഉപരോധങ്ങളിൽ താൽക്കാലിക ഇളവ് ലഭിച്ചതാണ് വർഷങ്ങൾക്ക് ശേഷം ഇറാനുമായുള്ള ഈ ഇടപാടിന് വഴിതുറന്നത്.ഇറാനിൽ നിന്നുള്ള ഈ എൽപിജി കാർഗോ രാജ്യത്തെ പ്രമുഖ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HPCL) എന്നിവർ പങ്കിട്ടെടുക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. ഒരു ഇടനിലക്കാരൻ വഴിയാണ് ഈ ഇടപാട് നടന്നിരിക്കുന്നത്. ഡോളറിന് പകരം രൂപയിൽ തന്നെ പണം നൽകാനാണ് പ്രാഥമികമായി തീരുമാനിച്ചിരിക്കുന്നത്.
ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന് ആശ്വാസമാകും. ഇറാനിൽ നിന്ന് വരും മാസങ്ങളിൽ കൂടുതൽ എൽപിജി വാങ്ങാനുള്ള സാധ്യതകളും കേന്ദ്ര സർക്കാർ ഇപ്പോൾ ഗൗരവമായി പരിശോധിച്ചു വരികയാണ്.അതേസമയം, പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടന്നിരുന്ന ഇന്ത്യൻ ടാങ്കറുകളെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള നീക്കങ്ങൾ വിജയം കാണുന്നുണ്ട്. ശിവാലിക്, നന്ദാദേവി, പൈൻ ഗ്യാസ്, ജഗ് വസന്ത് എന്നീ നാല് എൽപിജി ടാങ്കറുകൾ ഇന്ത്യ പതുക്കെ പുറത്തെത്തിച്ചു തുടങ്ങിയിട്ടുണ്ട്.
നാവികസേനയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങളാണ് ടാങ്കറുകളുടെ മോചനം സാധ്യമാക്കിയത്. കടലിടുക്കിലെ ഗതാഗത തടസ്സം നീങ്ങുന്നത് വരും ദിവസങ്ങളിൽ ഇന്ത്യയിലെ പാചകവാതക വിതരണം സുഗമമാക്കാൻ സഹായിക്കും.ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിലുള്ള സംഘർഷം കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള ഊർജ്ജ വിതരണം തടസ്സപ്പെട്ടത് ഇന്ത്യയെ സാരമായി ബാധിച്ചിരുന്നു. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ പാചകവാതക പ്രതിസന്ധിയാണ് രാജ്യം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
ഈ സാഹചര്യത്തിൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിതരണത്തിൽ കുറവുണ്ടാകാതിരിക്കാൻ വ്യവസായ സ്ഥാപനങ്ങൾക്കുള്ള വിതരണത്തിൽ സർക്കാർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വീടുകളിലെ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനാണ് നിലവിൽ മുൻഗണന നൽകുന്നത്.ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ, തങ്ങളുടെ ആവശ്യത്തിന്റെ 60 ശതമാനവും വിദേശരാജ്യങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്. അതിനാൽ പശ്ചിമേഷ്യയിലെ ഓരോ ചലനവും ഇന്ത്യൻ അടുക്കളകളെ നേരിട്ട് ബാധിക്കുന്ന അവസ്ഥയാണുള്ളത്.
ഇറാനുമായുള്ള പുതിയ ഇടപാട് ഈ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങിയ മാതൃകയിൽ ഇറാനിൽ നിന്ന് കുറഞ്ഞ നിരക്കിൽ പാചകവാതകം ലഭ്യമാക്കാനാണ് ഇന്ത്യയുടെ ശ്രമം.സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് ഇറാന്റെ പ്രാധാന്യം വർദ്ധിക്കുന്നത്.
അമേരിക്കൻ ഉപരോധം പൂർണ്ണമായും നീങ്ങാത്തതിനാൽ അതീവ ജാഗ്രതയോടെയാണ് ഇന്ത്യയുടെ നീക്കങ്ങൾ. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ഈ ഊർജ്ജ നയതന്ത്രം വലിയ ചർച്ചകൾക്ക് വഴിമാറിയിട്ടുണ്ട്. സ്വന്തം രാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കായി സ്വതന്ത്രമായ വിദേശനയം പിന്തുടരുമെന്ന സന്ദേശമാണ് ഇന്ത്യ ഇതിലൂടെ നൽകുന്നത്.വരും ദിവസങ്ങളിൽ മംഗളൂരുവിൽ കപ്പൽ അടുക്കുന്നതോടെ പാചകവാതക ക്ഷാമത്തിന് താൽക്കാലിക ശമനമുണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ പ്രതീക്ഷ.
വിതരണ ശൃംഖലയിലെ പോരായ്മകൾ പരിഹരിക്കാൻ എണ്ണക്കമ്പനികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. യുദ്ധം നീണ്ടുപോയാൽ കൂടുതൽ രാജ്യങ്ങളിൽ നിന്ന് എൽപിജി എത്തിക്കാനുള്ള ബദൽ മാർഗ്ഗങ്ങളും സർക്കാർ ആലോചിക്കുന്നുണ്ട്. പാചകവാതക വില വർദ്ധനവ് നിയന്ത്രിക്കാൻ സർക്കാർ സബ്‌സിഡി ഇനത്തിൽ കൂടുതൽ തുക വകയിരുത്താനും സാധ്യതയുണ്ട്.
India has resumed LPG imports from Iran after a six-year hiatus, with the vessel ‘Aurora’ expected to reach Mangaluru port soon. Following temporary US sanction waivers, India’s IOC, BPCL, and HPCL will share the cargo, transacted via a trader in Rupees. Despite the energy crisis caused by Middle East tensions, India is successfully navigating its tankers like Shivalik and Nandadevi out of the Strait of Hormuz.


