27.6 C
Kottayam
Wednesday, May 8, 2024

തലകുനിച്ച് ടീം ഇന്ത്യ,146 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തില്‍ ആദ്യം;നാണക്കേടുകള്‍ ഈ വഴിയില്‍

Must read

കേപ്ടൗണ്‍: ടെസ്റ്റ് ക്രിക്കറ്റിന്‍റെ 146 വര്‍ഷത്തെ ചരിത്രത്തില്‍ മുമ്പൊരിക്കലും കാണാത്ത നാടകീയ ബാറ്റിംഗ് തകര്‍ച്ചയാണ് ഇന്ത്യ ഇന്ന് കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്തെടുത്തത്. കെ എല്‍ രാഹുലും വിരാട് കോലിയും ക്രീസില്‍ നില്‍ക്കെ 55 റണ്‍സിന് ഓള്‍ ഔട്ടായ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച ഒന്നാം ഇന്നിംഗ്സ് ലീഡ് എന്നത് ഇന്ത്യക്ക് അനായാസം അടിച്ചെടുക്കാമായിരുന്നു. പിച്ചില്‍ നിന്ന് ബൗളര്‍മാര്‍ക്ക് മികച്ച ബൗണ്‍സ് ലഭിച്ചിരുന്നെങ്കിലും ബാറ്റിംഗ് ദുഷ്കരമല്ലെന്ന് വിരാട് കോലിയും രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലുമെല്ലാം നല്ല തുടക്കത്തിലൂടെ തെളിയിച്ചതുമാണ്.

ആര്‍ അശ്വിന്‍റെയും ഷാര്‍ദ്ദുല്‍ താക്കൂറിന്‍രെ അഭാവത്തില്‍ നീണ്ട വാലറ്റമുള്ള ഇന്ത്യക്ക് അതുകൊണ്ടുതന്നെ രാഹുല്‍-കോലി സഖ്യം പ്രധാനമായിരുന്നു. എന്നാല്‍ ആദ്യ സ്പെല്ലില്‍ അടിവാങ്ങിയ ലുങ്കി എങ്കിഡിയെ ചായക്കുശേഷം വീണ്ടും പന്തേല്‍പ്പിക്കാനുള്ള അവസാന ടെസ്റ്റ് കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീല്‍ എല്‍ഗാറിന്‍രെ തീരുമാനം കളിയില്‍ വഴിത്തിരിവായി.

ഇന്ത്യയുടെ ലീഡ‍് അപ്പോള്‍ 98 റണ്‍സായിരുന്നു. കുറഞ്ഞത് 200 റണ്‍സിന്‍റെയെങ്കിലും ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ പ്രതീക്ഷിച്ചിരിക്കെ എങ്കിഡിയുടെ ഓഫ് സ്റ്റംപിന് പുറത്തുകൂടെ പോയ ഷോര്‍ട്ട് പിച്ച് പന്തില്‍ അപ്പര്‍ കട്ടിനായി രാഹുല്‍ ബാറ്റുവെച്ചു.

ആദ്യ റണ്‍സ് നേടാന്‍ 21 പന്ത് നേരിട്ട രാഹുല്‍ അതിന്‍റെ ക്ഷീണം തീര്‍ക്കാനെന്ന രീതിയിലാണ് അപ്പര്‍ കട്ടിന് ശ്രമിച്ചത്. എന്നാല്‍ രാഹുലിന്‍റെ തീരുമാനം പാളി. ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് നേരെ ചെന്നത് വിക്കറ്റ് കീപ്പര്‍ വെരിയന്നെയുടെ കൈകളില്‍.33 പന്തില്‍ എട്ട് റണ്‍സെടുത്ത് രാഹുല്‍ പുറത്താവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 153 റണ്‍സ്.

പിന്നീട് കേപ്ടൗണില്‍ നടന്നത് കൂട്ടക്കുരുതിയായിരുന്നു. അതേ ഓവറില്‍ ജഡേജയും ബുമ്രയും വീണു. റബാഡ എറിഞ്ഞ അടുത്ത ഓവറില്‍ കോലിയും സിറാജും പ്രസിദ്ധ് കൃഷ്ണയും മടങ്ങി. 11 പന്തുകളില്‍ ഒറ്റ റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെ ഇന്ത്യക്ക് നഷ്ടമായത് ആറ് വിക്കറ്റുകള്‍.

ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒറ്റ റണ്‍ പോലും കൂട്ടിച്ചേര്‍ക്കാതെ ഒരു ടീമിന് ആറ് വിക്കറ്റകള്‍ നഷ്ടമാകുന്നത്. ആറ് ബാറ്റര്‍മാരാണ് ഇന്ത്യന്‍ നിരയില്‍ പൂജ്യത്തിന് പുറത്തായത്. രാഹുലിന് ശേഷമുള്ള ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം പൂജ്യൻമാരായപ്പോള്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളും അക്കൗണ്ട് തുറക്കാതെ മടങ്ങി.

ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയുടെ ആറ് ബാറ്റര്‍മാര്‍ പൂജ്യത്തിന് പുറത്താവുന്നത്. 2014ല്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെയും ഇന്ത്യ സമാനമായ രീതിയില്‍ തകര്‍ന്നടിഞ്ഞിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ റണ്ണൊന്നുമെടുക്കാതെ അവസാന അഞ്ച് ബാറ്റിംഗ് കൂട്ടുകളെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡും ഇന്ത്യയുടെ പേരിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week