27.3 C
Kottayam
Wednesday, May 29, 2024

സഭയാണ് തനിക്ക് വലുത്,നേതൃത്വം പറഞ്ഞാല്‍ ബിജെപിയില്‍ ചേര്‍ന്ന തീരുമാനം മാറ്റുമെന്ന് ഫാ. ഷൈജു കുര്യന്‍

Must read

തിരുവനന്തപുരം: ബിജെപിയില്‍ ചേര്‍ന്ന തീരുമാനത്തില്‍ വിശദീകരണവുമായി നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യന്‍. സഭ നേതൃത്വം പറഞ്ഞാല്‍ ബിജെപിയില്‍ ചേര്‍ന്ന തീരുമാനം മാറ്റുമെന്ന് ഫാ. ഷൈജു കുര്യന്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവറില്‍ വ്യക്തമാക്കി. സഭയാണ് തനിക്ക് വലുതെന്നും നേതൃത്വം പറയുന്നതുപോലെ ചെയ്യുമെന്നും ഫാ. ഷൈജു വ്യക്തമാക്കി.

ഫാ. ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള 47 പേരാണ് എൻഡിഎയുടെ ക്രിസ്തുമസ് സ്നേഹ സം​ഗമത്തില്‍ വെച്ച് ബിജെപി അംഗത്വമെടുത്തത്. ഫാ. ഷൈജു കുര്യൻ ബിജെപിയിൽ ചേർന്നതിൽ പരസ്യപ്രതിഷേധുമായി ഓർത്തഡോക്സ് സഭാ വിശ്വാസികൾ രംഗത്തെത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് ആവശ്യമെങ്കില്‍ തീരുമാനം മാറ്റുമെന്ന് ഫാ ഷൈജു വ്യക്തമാക്കിയത്.  റാന്നിയിലെ അരമനയ്ക്ക് മുന്നില്‍ പ്രതിഷേധവുമായി വൈദികർ ഉൾപ്പെടെ എത്തിയതോടെ ഭദ്രാസന കൗൺസിൽ യോഗം മാറ്റിയിരുന്നു. മറുപടി നൽകാനില്ലാത്തതിനാൽ മെത്രാപ്പോലീത്ത മുങ്ങിയെന്നാണ് വിശ്വാസികൾ പറയുന്നത്.

റാന്നി ഇട്ടിയപ്പാറയിലെ ഓർത്തഡോക്സ് സഭാ നിലയ്ക്കൽ ഭദ്രാസനത്തിന് മുന്നിലാണ് വിശ്വാസികൾ പ്രതിഷേധിച്ചത്. ഭദ്രാസന സെക്രട്ടറിയുടെ ചുമതലയിലിരുന്ന് ഫാ. ഷൈജു കുര്യൻ ബിജെപി അംഗത്വം സ്വീകരിച്ചത് അംഗീകരിക്കില്ലെന്ന് വൈദികരടക്കം വിശ്വാസികൾ പറയുന്നു. ബിജെപിയിൽ ചേർന്ന ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യൻ ക്രിമിനൽ കേസുകളിൽ അടക്കം ഉടൻ പ്രതിയാകുമെന്നും അതിനെ പ്രതിരോധിക്കാൻ കൂടിയാണ് ബിജെപിയിൽ പ്രവേശനമെന്നുമാണ് ആരോപണം.

ഓർത്തഡോക്സ് സഭയെ അവഹേളിച്ച ഷൈജു കുര്യനെ ഭദ്രാസന ചുമതലയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ സഭാ അധ്യക്ഷന് പരാതി നൽകിയിരുന്നു. നടപടി വന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week