ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ ഇന്ത്യാ സഖ്യം മാര്‍ച്ച് 31-ന് മഹാറാലി നടത്തും. ഏകാധിപത്യത്തിനെതിരായുള്ള പോരാട്ടം വിപുലീകരിക്കുന്നതിന്റേയും ശക്തിപ്പെടുത്തുന്നതിന്റേയും ഭാഗമായാണ് റാലിയെന്ന് ഇന്ത്യ സഖ്യകക്ഷികളുടെ സംയുക്ത വാര്‍ത്താസമ്മളനത്തില്‍ ഡല്‍ഹി മന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു. 31-ന് രാവിലെ പത്തിന് രാം ലീല മൈതാനത്താണ് മഹാറാലി.
ഇന്ത്യ സഖ്യത്തിലെ പ്രധാനനേതാക്കള്‍ റാലിയില്‍ പങ്കെടുക്കുമെന്ന് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവീന്ദര്‍ സിങ് ലവ്‌ലി അറിയിച്ചു. ഇത് രാഷ്ട്രീയ റാലിയല്ല. ഇന്ത്യന്‍ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിനുള്ള കാഹളമാണ്.
ജനാധിപത്യം അപകടത്തിലാണ്. ഞങ്ങളുടെ നേതാവ് രാഹുല്‍ഗാന്ധി ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇന്ത്യ സഖ്യത്തിലെ കക്ഷികള്‍ക്കൊപ്പം തങ്ങള്‍ ശക്തമായി ഒരുമിച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇത് അരവിന്ദ് കെജ് രിവാളിനെ രക്ഷിക്കാനുള്ള റാലിയല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണ്. പ്രതിപക്ഷത്തിനുനേരെ ഏകപക്ഷീയമായ ആക്രമണം നടക്കുകയാണെന്നും ഡല്‍ഹി മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ആം ആദ്മി പാര്‍ട്ടി നേതാക്കളും ഡല്‍ഹി മന്ത്രിമാരുമായ അതിഷി, ഗോപാല്‍ റായ്, സൗരഭ് ഭരദ്വാജ്, ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിങ് ലവ്‌ലി എന്നിവര്‍ പങ്കെടുത്തു.