ചെന്നൈ: അവസാനമിനിറ്റുവരെ ആവേശം നിറഞ്ഞ ത്രില്ലര്‍ പോരാട്ടത്തിനൊടുക്കം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജേതാക്കളായി ഇന്ത്യ. കലാശപ്പോരില്‍ മലേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ ടീമിന്റെ വിജയം. പിന്നില്‍ നിന്ന് ശേഷമായിരുന്നു ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ നാലാം കിരീടമാണിത്.
നാലാം കിരീടമോഹവുമായി ഇറങ്ങിയ ഇന്ത്യ കലാശപ്പോരിലെ ഒമ്പതാം മിനിറ്റില്‍ തന്നെ ലീഡെടുത്തു. ജുഗ്‌രാജ് സിങ്ങാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ മിനിറ്റുകള്‍ക്കകം മലേഷ്യയുടെ മറുപടിയെത്തി. 14-ാം മിനിറ്റില്‍ അബു കമല്‍ അസ്രായിലൂടെയാണ് മലേഷ്യ തിരിച്ചടിച്ചത്. പിന്നാലെ ഇന്ത്യ പ്രതിരോധത്തിലാകുന്ന കാഴ്ചയാണ് മൈതാനത്ത് കാണാനായത്. 18-ാം മിനിറ്റില്‍ റാസി റഹീമിലൂടെ മലേഷ്യ ലീഡെടുത്തു. 28-ാം മിനിറ്റില്‍ ഇന്ത്യയുടെ കിരീടമോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ച് മൂന്നാം ഗോളും നേടി. ഇത്തവണ അമീനുദ്ദീന്‍ മുഹമ്മദാണ് മലേഷ്യയ്ക്കായി വലകുലുക്കിയത്.
എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ഇന്ത്യന്‍ സംഘത്തേയാണ് പിന്നീട് കാണുന്നത്. ആക്രമമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടിയ ഇന്ത്യ തുടരെത്തുടരെ മലേഷ്യന്‍ ഗോള്‍മുഖം വിറപ്പിച്ചു. അവസാന ക്വാര്‍ട്ടറിന് മുമ്പ് ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയുടെ രണ്ടാം ഗോള്‍ കണ്ടെത്തി.
പിന്നാലെ ഗുര്‍ജന്ത് സിങ് സമനില ഗോളും നേടിയതോടെ മത്സരം ആവേശകരമായി. ഒടുക്കം മിനിറ്റുകള്‍ മാത്രം ശേഷിക്കേ ഇന്ത്യയുടെ വിജയഗോളുമെത്തി. 56-ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്ങാണ് തകര്‍പ്പന്‍ ഷോട്ടിലൂടെ മലേഷ്യയുടെ കിരീടസ്വപ്‌നങ്ങള്‍ തകര്‍ത്തെറിഞ്ഞത്. 4-3 ന് വിജയിച്ച് ഇന്ത്യ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടു.
ഇന്ത്യയുടെ നാലാം ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടമാണിത്. നാല് തവണ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി നേടുന്ന ഏക രാജ്യവും ഇന്ത്യ തന്നെ. മൂന്ന് കിരീടങ്ങള്‍ നേടിയ പാകിസ്താന്റെ റെക്കോഡാണ് ഇന്ത്യ മറികടന്നത്.