പുണെ: രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡിന് 103 റൺസ് ലീഡ്. ആദ്യ ഇന്നിങ്സിൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 45.3 ഓവറിൽ 156 റൺസെടുത്തു പുറത്തായി. ന്യൂസീലൻഡിനായി സ്പിന്നർ മിച്ചൽ സാന്റ്നർ ഏഴു വിക്കറ്റുകൾ വീഴ്ത്തി. ഗ്ലെൻ ഫിലിപ്സ് രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.
46 പന്തില്‍ 38 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. യശസ്വി ജയ്സ്വാൾ (60 പന്തിൽ 30), ശുഭ്മൻ ഗിൽ (72 പന്തിൽ 30), വിരാട് കോലി (ഒൻപതു പന്തിൽ ഒന്ന്), ഋഷഭ് പന്ത് (19 പന്തിൽ 18), സർഫറാസ് ഖാൻ (24 പന്തിൽ 11), ആർ. അശ്വിൻ (അഞ്ച് പന്തിൽ നാല്), ആകാശ് ദീപ് (അഞ്ച് പന്തിൽ ആറ്), ജസ്പ്രീത് ബുമ്ര (പൂജ്യം) എന്നിവരാണ് രണ്ടാം ദിനം പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡിനെതിരെ സ്പിൻ കെണിയൊരുക്കി വീഴ്ത്തിയ ഇന്ത്യ, മറുപടി ബാറ്റിങ്ങിൽ തകർന്നടിയുകയായിരുന്നു.
ക്യാപ്റ്റൻ രോഹിത് ശർമ ആദ്യ ദിവസം തന്നെ പൂജ്യത്തിനു പുറത്തായിരുന്നു. മിച്ചൽ സാന്റ്നർ എറിഞ്ഞ 22–ാം ഓവറിൽ എൽബിഡബ്ല്യു ആയാണ് ഗിൽ മടങ്ങുന്നത്. തൊട്ടുപിന്നാലെ സാന്റ്നറുടെ പന്തിൽ വിരാട് കോലി ബോൾഡായി. സ്പിന്നർ ഗ്ലെൻ ഫിലിപ്സാണ് യശസ്വി ജയ്സ്വാളിനെയും ഋഷഭ് പന്തിനെയും പുറത്താക്കിയത്. സ്കോർ 95ല്‍ നിൽക്കെ സർഫറാസിനെ സാന്റ്നർ വില്യം ഒറൂക്കിന്റെ കൈകളിലെത്തിച്ചു. അശ്വിനെയും പുറത്താക്കി സാന്റ്നർ നാലാം വിക്കറ്റ് സ്വന്തമാക്കി.
പൊരുതിനിന്ന ജഡേജ 44–ാം ഓവറിൽ സാന്റ്നറുടെ പന്തിൽ എൽബിഡബ്ല്യു ആയി. വാലറ്റം പൊരുതാതെ മടങ്ങിയതോടെ ഇന്ത്യ 156ന് ഓൾഔട്ട്. ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് 259 റൺസിനു പുറത്തായിരുന്നു. ഓൾറൗണ്ടർ വാഷിങ്ടൻ സുന്ദർ ആദ്യ ഇന്നിങ്സിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തി. ആർ. അശ്വിൻ മൂന്നു വിക്കറ്റുകളും സ്വന്തമാക്കി. 141 പന്തിൽ 76 റൺസെടുത്ത ഡെവോൺ കോൺവെയാണ് കിവീസിന്റെ ടോപ് സ്കോറർ.