കൊച്ചി: സംസ്ഥാന സർക്കാർ നടത്തിവന്ന നവകേരള സർവേ കേരള ഹൈക്കോടതി റദ്ദാക്കി. സർവേക്ക് ആവശ്യമായ ധനകാര്യ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സർക്കാരിന് ലഭിച്ച വലിയ തിരിച്ചടിയായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്.
കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കോൺഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലി എന്നിവരാണ് സർവേക്കെതിരെ കോടതിയെ സമീപിച്ചത്. സർക്കാർ ചെലവിൽ നടത്തുന്ന ഈ സർവേ യഥാർഥത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. ജനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ദുരുപയോഗം ചെയ്യുന്നുവെന്നും, ഇതിലൂടെ പാർട്ടിക്കുവേണ്ടി വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ വാദിച്ചു.
സർക്കാർ ചെലവിൽ ഇത്തരമൊരു സർവേ നടത്തുമ്പോൾ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ഈ സർവേയുടെ കാര്യത്തിൽ അത്തരം അനുമതികൾ ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ മാസം 22-ാം തീയതി വരെ തുടരാൻ നിശ്ചയിച്ചിരുന്ന സർവേ നടപടികളാണ് നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി തടഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സർക്കാരിന് നൽകിയ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികളുമായി സർക്കാർ മുന്നോട്ടുപോയതെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി എം.വി. ഗോവിന്ദനെ കോടതി ഈ കേസിൽ കക്ഷി ചേർക്കുകയും ചെയ്തിരുന്നു.
മന്ത്രിസഭാ തീരുമാനപ്രകാരമാണ് സർവേ നടത്തുന്നതെന്നായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്. സർക്കാർ പദ്ധതികൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നുവെന്നും നാടിന്റെ പുരോഗതിക്കായി ഇനി എന്തൊക്കെ വേണമെന്നും മനസ്സിലാക്കാനുള്ള ഒരു വിവരശേഖരണം മാത്രമാണിതെന്നു സർക്കാർ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
In a major blow to the state government, the Kerala High Court has cancelled the “Navakerala Survey.” A Division Bench, including the Chief Justice, issued the order citing a lack of necessary financial sanction for the survey’s conduct. Coming just ahead of the Assembly elections, this verdict is being viewed as a significant political and administrative setback for the ruling government.


