തിരുവനന്തപുരം: സൈബര്‍ വേട്ടയ്‌ക്കെതിരെ ആഞ്ഞടിച്ച് സീരിയല്‍ താരം രേഖാ രതീഷ് രംഗത്തു വരുമ്പോള്‍ ശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍. കഴിഞ്ഞ കുറേ നാളുകളായി ഒരു കൂട്ടം യൂട്യൂബര്‍മാര്‍ നടത്തുന്ന തേജോവധം താങ്ങാനാവാതെ, ജീവന്‍ പോലും അപകടത്തിലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രംഗത്തെത്തിയതോടെ സംഭവം സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയിലായി.
ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഹൃദയം പൊട്ടി കരഞ്ഞുകൊണ്ട് രേഖ നടത്തിയ അപേക്ഷയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരമായി ഇടപെട്ടു. വിഷയത്തില്‍ ഉടന്‍ അന്വേഷണം നടത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കി. രേഖയുടെ മൊഴി എടുത്തേക്കും.
ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകനുവേണ്ടി തനിച്ചു പൊരുതുന്ന ഒരമ്മയുടെ ആത്മനൊമ്പരമാണ് രേഖയുടെ വാക്കുകളില്‍ നിഴലിച്ചത്. ‘കഴിഞ്ഞ ഒന്‍പത് മാസമായി ജോലിയില്ല. ഇതിനിടയിലാണ് മൂന്ന് മാസത്തോളമായി എന്നെയും എന്റെ സ്വകാര്യ ജീവിതത്തെയും അധിക്ഷേപിച്ചുകൊണ്ട് ചില യൂട്യൂബ് ചാനലുകള്‍ വീഡിയോകള്‍ പ്രചരിപ്പിക്കുന്നത്. മോശം ക്യാപ്ഷനുകള്‍ നല്‍കി അവര്‍ എന്നെ സമൂഹമധ്യത്തില്‍ നാണംകെടുത്തുകയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഈ യൂട്യൂബര്‍മാരായിരിക്കും,’ നടി വീഡിയോയില്‍ വിതുമ്പിക്കൊണ്ട് പറഞ്ഞു. തന്റെ കുടുംബത്തെയും സ്വകാര്യതയെയും ലേലം വിളിക്കുന്ന സൈബര്‍ ക്രിമിനലുകള്‍ക്കെതിരെ കൈകൂപ്പിക്കൊണ്ടാണ് താരം സഹായം തേടിയത്.
രേഖ രതീഷ് അഞ്ചാം വിവാഹത്തിന് ഒരുങ്ങുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകളാണ് സൈബര്‍ ആക്രമണം കടുക്കാന്‍ കാരണമായത്. അശ്ലീല ചുവയുള്ള കമന്റുകളും അധിക്ഷേപങ്ങളുമായി ഒരു സംഘം തന്നെ വേട്ടയാടാന്‍ തുടങ്ങിയതോടെ താരം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാവുകയായിരുന്നു. ഇത്രയും കാലം മൗനം പാലിച്ചെങ്കിലും ഇനി സഹിക്കാനാവില്ലെന്നും, താന്‍ നേരിടുന്ന ഈ അനുഭവം മിനിസ്‌ക്രീനിലെ പല സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടാവുന്നുണ്ടെന്നും രേഖ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരുടേയും പേര് പറഞ്ഞിരുന്നില്ല. ഈ വീഡിയോ ഗൗരവത്തിലാണ് മുഖ്യമന്ത്രി എടുത്തത്.
നടിയുടെ വീഡിയോ വൈറലായതോടെ സൈബര്‍ പോലീസും ആഭ്യന്തര വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. വ്യക്തിഹത്യ നടത്തുന്ന ചാനലുകളെയും അക്കൗണ്ടുകളെയും കണ്ടെത്താന്‍ സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇനിയൊരു കലാകാരിക്കും ഇത്തരമൊരു ഗതിയുണ്ടാകരുതെന്ന രേഖയുടെ അപേക്ഷ കണക്കിലെടുത്ത്, സോഷ്യല്‍ മീഡിയയിലെ ഈ അരാജകത്വത്തിന് കടിഞ്ഞാണിടാനാണ് സര്‍ക്കാരിന്റെ നീക്കം. നടി നല്‍കുന്ന മൊഴി നിര്‍ണ്ണായകമാകും. അത് പരിശോധിച്ച് കൂടുതല്‍ നടപടികളിലേക്ക് കടക്കാനാണ് നീക്കം. പോലീസ് ഉടന്‍ നടപടികളിലേക്ക് കടക്കും.
വീഡിയോ വൈറലായതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് വിഷയത്തില്‍ ഇടപെട്ടു. സോഷ്യല്‍ മീഡിയയില്‍ വ്യക്തിഹത്യ നടത്തുന്നവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പോലീസ് മേധാവിക്ക് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. സൈബര്‍ സെല്ലിന്റെ പ്രത്യേക സംഘം ഇതിനോടകം തന്നെ രേഖയെ അപകീര്‍ത്തിപ്പെടുത്തിയ വീഡിയോകളും ചാനലുകളും നിരീക്ഷണത്തിലാക്കി കഴിഞ്ഞു. ഐടി ആക്ട് പ്രകാരം കര്‍ശനമായ വകുപ്പുകള്‍ ചുമത്തി പ്രതികളെ ഉടന്‍ കുടുക്കാനാണ് നീക്കം.
Malayalam serial actress Rekha Ratheesh has come forward with strong allegations of severe cyber harassment against a group of YouTubers. In a shocking revelation, the actress stated that the relentless character assassination by these individuals has become unbearable, driving her to the point where she fears for her life. Following her public appeal for help, the Kerala state government has taken serious note of the incident and is gearing up to take strong legal action against the perpetrators.


