InternationalNews

ഇമ്രാൻ ഖാന്റെ മെഡിക്കൽ പരിശോധനയിൽ മദ്യം, കൊക്കെയ്‌ൻ സാന്നിധ്യം കണ്ടെത്തി

കറാച്ചി:അഴിമതിക്കേസിൽ അറസ്‌റ്റിലായിരിക്കെ നടത്തിയ മെഡിക്കൽ പരിശോധനയിൽ മദ്യത്തിന്റെയും കൊക്കെയ്‌നിന്റെയും ഉപയോഗം കണ്ടെത്തിയതോടെ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്. 

അഞ്ച് ഡോക്‌ടർമാരുടെ സമിതി തയ്യാറാക്കിയ മുൻ പ്രധാനമന്ത്രിയുടെ മെഡിക്കൽ റിപ്പോർട്ടിനെക്കുറിച്ച് ആരോഗ്യമന്ത്രി അബ്‌ദുൾ ഖാദർ പട്ടേൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ഥിരീകരിച്ചാൽ, ഇതിനകം നൂറിലധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാന് ഇതിലും തുടർ നിയമനടപടി നേരിടേണ്ടിവരും.

അൽ ഖാദിർ ട്രസ്റ്റ് കേസിൽ അറസ്‌റ്റിലായ ഇമ്രാൻ ഖാന്റെ മൂത്രസാമ്പിൾ ഇസ്ലാമാബാദിലെ പാകിസ്ഥാൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്ന് എടുത്തിരുന്നു. പ്രാഥമിക മെഡിക്കൽ റിപ്പോർട്ടിൽ “മദ്യം, കൊക്കെയ്ൻ” തുടങ്ങിയ വിഷ രാസവസ്‌തുക്കളുടെ ഉപയോഗം കണ്ടെത്തിയതായി ആരോഗ്യമന്ത്രി പറഞ്ഞു.

ഇമ്രാൻ ഖാന്റെ മെഡിക്കൽ റിപ്പോർട്ട് സർക്കാർ പരസ്യമാക്കുമെന്ന് പറഞ്ഞ അബ്‌ദുൾ ഖാദർ പട്ടേൽ, ഖാന്റെ മാനസിക സ്ഥിരത സംശയാസ്‌പദമാണെന്ന് അവകാശപ്പെട്ടു. ചില അനുചിതമായ പെരുമാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നും, മുൻ പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ പൂർണമായും ആരോഗ്യവാനായ വ്യക്തിയുടേത് അല്ലെന്നും അദ്ദേഹം പറഞ്ഞു.

മെയ് 9ന് ഇസ്ലാമാബാദ് ഹൈക്കോടതി വളപ്പിൽ ഇരിക്കെ അഴിമതി കേസിൽ അർദ്ധസൈനിക പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് ഇമ്രാൻ ഖാനെ അറസ്‌റ്റ് ചെയ്‌തത് രാജ്യത്തുടനീളം അസ്വസ്ഥത സൃഷ്‌ടിച്ചു. കഴിഞ്ഞ വർഷം അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഖാൻ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങുകയും, എല്ലാ കേസുകളിലും അറസ്‌റ്റിനെതിരെ സംരക്ഷണ ജാമ്യം നേടുകയും ചെയ്‌തിരുന്നു.

ഇതാദ്യമായല്ല ഇമ്രാൻ ഖാനെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതായി ആരോപണം ഉയരുന്നത്. പിടിഐ തലവൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടതായി അദ്ദേഹത്തിന്റെ മുൻ ഭാര്യ റെഹം ഖാൻ ആരോപിച്ചിരുന്നു. “സാധാരണ ദിവസങ്ങളിലെ കോക്‌ടെയിലിൽ പകുതി മയക്കുമരുന്ന് ഗുളികകളും കൊക്കെയ്‌നും ഉണ്ടാകും, തുടർന്ന് രാത്രിയിൽ രണ്ടോ മൂന്നോ ഉറക്കുഗുളികളും” റെഹം ഖാൻ അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button