Entertainment

ഇമ്രാന്‍ഖാന്റെ ഭാവി ഇന്നറിയാം; അവിശ്വാസ പ്രമേയത്തില്‍ വോട്ടെടുപ്പ്

ലാഹോര്‍: പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന് ഇന്ന് നിര്‍ണായക ദിനം. അവിശ്വാസ പ്രമേയത്തിന് വോട്ടെടുപ്പിനായി പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി ഇന്നു ചേരും. രാവിലെ 10.30നാണ് സഭ ചേരുന്നത്. ഇതിനിടെ, പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ പ്രതിപക്ഷം പൂര്‍ത്തിയാക്കി. പ്രസിഡന്റ് ആരിഫ് ആല്‍വിക്കു പകരം യുകെയില്‍ തുടരുന്ന മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ നിയമിക്കാനും ആലോചനകളുണ്ട്.

നവാസ് ഷരീഫിന്റെ സഹോദരനും പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) പ്രസിഡന്റും പ്രതിപക്ഷനേതാവുമായ ഷഹബാസ് ഷരിഫാണു പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിസ്ഥാനാര്‍ഥി. സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം മന്ത്രിസഭയുടെ വിശദാംശങ്ങള്‍ എഴുപതുകാരനായ ഷഹബാസ് പ്രഖ്യാപിക്കുമെന്നാണ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇമ്രാനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ച ഡെപ്യൂട്ടി സ്പീക്കര്‍ ഖ്വാസിം ഖാന്‍ സുരിയുടെ തീരുമാനം ഭരണഘടനാവിരുദ്ധമാണെന്നു ചീഫ് ജസ്റ്റീസ് ഉമര്‍ അത്താ ബന്ദിയാലിന്റ നേതൃത്വത്തിലുള്ള അഞ്ചംഗ സുപ്രീംകോടതി ബെഞ്ച് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

ഇമ്രാന്‍ സര്‍ക്കാര്‍ ശനിയാഴ്ച അവിശ്വാസപ്രമേയത്തെ നേരിടണമെന്നു നിര്‍ദേശിച്ച കോടതി ഇമ്രാന്റെ ശിപാര്‍ശപ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രസിഡന്റിന്റെ നിര്‍ദേശം റദ്ദാക്കുകയും ചെയ്തു. ഇതോടെയാണ് ഇടക്കാല സര്‍ക്കാര്‍ എന്ന ആലോചനകള്‍ സജീവമായത്. മൂന്നു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കഴിയില്ലെന്നു തെരഞ്ഞെടുപ്പു കമ്മീഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button