ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രികെ ഇൻസാഫ് പാർട്ടി (പി.ടി.ഐ.) അധ്യക്ഷനുമായ ഇമ്രാൻ ഖാൻ അറസ്റ്റിലായതായി റിപ്പോർട്ട്. ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ച് ഇമ്രാൻ ഖാനെ അർധസൈനിക വിഭാഗം റെയ്ഞ്ചേഴ്സ് അറസ്റ്റ് ചെയ്തതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അഴിമതി കേസുമായി ബന്ധപ്പെട്ടാണ് ഇമ്രാനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് സൂചന. അധികാരത്തിൽനിന്ന് പുറത്തുപോയതിനു ശേഷം ഇമ്രാൻ ഖാനെതിരേ നിരവധി കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിരുന്നു.
സൈന്യം ഇമ്രാൻ ഖാന്റെ വാഹനത്തെ വളയുന്നതും വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതുമായ ദൃശ്യങ്ങൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. ഇമ്രാൻ ഖാനെ സൈന്യം മോശപ്പെട്ട രീതിയിൽ കൈകാര്യം ചെയ്തതായി
ഇമ്രാന്റെ പാർട്ടിയായ പിടിഐ ആരോപിച്ചു.
പ്രധാനമന്ത്രിയായിരിക്കേ ലഭിച്ച സമ്മാനങ്ങൾ അനധികൃതമായി സ്വന്തമാക്കുകയും മറിച്ചുവിൽക്കുകയും ചെയ്തുവെന്നത് അടക്കം നിരവധി അഴിമതി കേസുകൾ ഇമ്രാൻ നേരിടുന്നുണ്ട്. കേസുകളിൽ നിരവധി തവണ ചോദ്യംചെയ്യലിന് എത്താൻ ആവശ്യപ്പെട്ടിട്ടും ഇമ്രാൻ ഹാജരായിരുന്നില്ല.