തിരുവന്തപുരം :എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഒമ്പത് വർഷം കഠിന തടവും മുപ്പതിനായിരം രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി വിധി. കുടപ്പനക്കുന്ന് നാല്മുക് ഏണിക്കര ലെയിനിൽ സുരേഷിനെയാണ് ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക ലഭിച്ചാൽ പീഡനത്തിനിരയായ പെൺക്കുട്ടിക്ക് നൽക്കണം.
2015 ഫെബ്രുവരി 16 രാത്രി 7.30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി താമസിക്കുന്ന വീടിൻ്റെ താഴത്തെ നിലയിൽ പ്രതിയുടെ ബന്ധുവാണ് താമസിക്കുന്നത്. വൈദ്യുതി ബിൽ വന്നെങ്കിൽ വാങ്ങി കൊണ്ട് വരാൻ പെൺക്കുട്ടിയെ താഴത്തെ നിലയിലേക്ക് അയക്കുകയായിരുന്നു. ഈ സമയം പ്രതി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.പ്രതി മൂകനും ബധിരനുമാണ്.
പ്രതി കുട്ടിയെ എടുത്ത് അകത്തുള്ള മുറിയിൽ കൊണ്ട് പോയി. അവിടെ വെച്ച് പ്രതി തൻ്റെ സ്വകാര്യ ഭാഗങ്ങൾ കുട്ടിയെ കാണിക്കുകയും കുട്ടിയുടെ അടിവസ്ത്രം ഊരുകയും ശരീരത്തിൽ പിടിക്കുകയും ചെയ്തു. കുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതി വിട്ടില്ല. തുടർന്ന് കുട്ടി ബഹളം വെച്ച് പ്രതിയെ തള്ളി മാറ്റി
ഓടി രക്ഷപ്പെട്ടു. കുട്ടി ഓടിച്ചെന്ന് അമ്മയോട് വിവരം പറയുകയും വീട്ടുകാർ ഉടനെ പൊലീസിൽ അറിയിച്ചു. പ്രതിയെ ഉടനെ പൊലീസ് അറസ്റ്റും ചെയ്തു.പ്രതി സംഭവ സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ പൊലീസ് കണ്ടെടുത്ത് ശാസ്ത്രീയ പരിശോധനയക്ക് അയച്ചു.ഈ വസ്ത്രത്തിൽ ബീജത്തിൻ്റെ അംശം കണ്ടെത്തിയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.പേരുർക്കട എസ് ഐയായിരുന്ന വി. സൈജുനാഥാണ് കേസ് അന്വേഷിച്ചത്.സർക്കാർ കുട്ടിക്ക് നഷ്ടപരിഹാരം നൽക്കണമെന്ന് വിധിയിൽ പ്രതിപാദിച്ചിട്ടുണ്ട്.പ്രതി ജയിലിൽ കിടന്ന കാലാവധി കുറച്ചിട്ടുണ്ട്.