വാളയാര്‍ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രം
പാലക്കാട്: വാളയാർ കേസിൽ പോലീസ് അന്വേഷണം ശരിവെച്ച് സിബിഐയുടെ കുറ്റപത്രം. പെൺകുട്ടികളുടെ മരണം ആത്മഹത്യയെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. 13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ ആത്മഹത്യയിൽ ബലാത്സംഗമടക്കം ചുമത്തി നാല് കുറ്റപത്രങ്ങളാണ് പാലക്കാട് പോക്സോ കോടതിയിൽ സമർപ്പിച്ചത്. ആദ്യത്തെ പെൺകുട്ടിയുടെ മരണത്തിൽ മൂന്ന് കുറ്റപത്രങ്ങളാണുള്ളത്. ഈ കേസിൽ നാല് പ്രതികളാണുള്ളത്.
ചെറിയ മധു, വലിയ മധു, ഷിബു, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിങ്ങനെ പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ നാല് പ്രതികളാണ് സിബിഐ കുറ്റപത്രത്തിലുമുള്ളത്. എന്നാൽ പോലീസ് കണ്ടെത്തിയ പ്രതികൾ തന്നെയാണെങ്കിലും സാക്ഷികൾ കൂടുതലുണ്ട്. രണ്ട് പെൺകുട്ടികളുടേയും മരണം ആത്മഹത്യ തന്നെയാണെന്ന് കുറ്റപത്രത്തിൽ പറയുന്നു. പക്ഷേ ആത്മഹത്യയിലേക്ക് നയിച്ചത് പീഡനം ഉൾപ്പെടെയുള്ള കാര്യങ്ങളാണെന്നും കുറ്റപത്രത്തിൽ പറയുന്നു.
13 ഉം ഒൻപതും വയസ്സ് പ്രായമുള്ള പെൺകുട്ടികളെ ആത്മഹത്യയിലേക്ക് നയിക്കാനുണ്ടായ കാരണം ശാരീരിക- ലൈംഗിക പീഡനങ്ങളാണെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്. ലൈംഗിക പീഡനം പെൺകുട്ടികൾ നിരന്തരം നേരിട്ടിരുന്നുവെന്നും അതിൽ മനംനൊന്താണ് ആത്മഹത്യയെന്നുമാണ് സിബിഐ പറയുന്നത്. കേസിനെ ബലപ്പെടുത്തുന്ന രീതിയിൽ സാക്ഷി മൊഴികളും കൂടുതലുണ്ട്.
നേരത്തെ ലോക്കൽ പോലീസ് അന്വേഷിച്ച കേസ്, ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. കേസിൽ ഇതേ ആരേപണങ്ങൾ തന്നെയാണ് ഉണ്ടായിരുന്നത്. പക്ഷേ മരണത്തിലേക്ക് നയിച്ച കാരണങ്ങളിലേക്ക് പോലീസ് പോയിരുന്നില്ല. അതാണിപ്പോൾ സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഒപ്പം കൂടുതൽ സാക്ഷി മൊഴികളും കുറ്റപത്രത്തിലുണ്ട്. നേരത്തെ എല്ലാ പ്രതികളേയും പാലക്കാട് പോക്സോ കോടതി വെറുതേ വിട്ടിരുന്നു.