മുംബൈ: തന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. അനുവാദമില്ലാതെ നിരവധി പേര്‍ തന്റെ വ്യക്തിത്വം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു സച്ചിൻ മുംബൈ പൊലീസിനെ സമീപിച്ചത്. മരുന്നുകളുടെ പരസ്യത്തിലും മറ്റും അദ്ദേഹത്തിന്റെ പേരും ചിത്രങ്ങളും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിച്ച സംഭവത്തിൽ എഫ്ഐആർ ഇട്ടതായി പൊലീസ് ഉദ്യോഗസ്ഥൻ ദേശീയ മാധ്യമത്തോടു പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച വെസ്റ്റ് റീജ്യൻ സൈബർ പൊലീസ് സ്റ്റേഷനിലാണ് സച്ചിൻ പരാതി നല്‍കിയത്. ഒരു മരുന്നു കമ്പനി ഓൺലൈൻ പരസ്യത്തിൽ സച്ചിൻ തെൻഡുല്‍ക്കറുടെ വ്യക്തിത്വം ഉപയോഗിച്ചതായി കണ്ടെത്തിയെന്നു പരാതിയിൽ പറയുന്നു. മരുന്നുകച്ചവടത്തിന് സച്ചിന്റെ പേര് ഉൾപ്പെടുത്തിക്കൊണ്ടുതന്നെ വെബ്സൈറ്റ് ഉണ്ടാക്കി. ഈ പരസ്യങ്ങളിൽ സച്ചിന്റെ ചിത്രം ഉപയോഗിച്ചതായും പരാതിയിലുണ്ട്.
പേരോ, ചിത്രമോ ഉപയോഗിക്കാന്‍ സച്ചിൻ മരുന്നു കമ്പനിക്ക് അനുമതി നല്‍കിയിട്ടില്ലെന്നും, അതുകൊണ്ടുതന്നെ നിയമനടപടി കൈക്കൊള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഐപിസി സെക്ഷന്‍ 420 (കബളിപ്പിക്കൽ), 465 (കള്ള ആധാരമുണ്ടാക്കൽ), 500 (മാനനഷ്ടം) വകുപ്പുകളും ഐടി ആക്ടും ചുമത്തിയാണ് പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. സച്ചിന്റെ പരാതിയിൽ അന്വേഷണം തുടരുകയാണ്.