കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന യുവതി മരിച്ച കേസില്‍ ശക്തമായ തെളിവുകളുണ്ടെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ദക്ഷിണ മേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് പരിശോധിച്ചുവരികയാണ്. സ്ത്രീധനത്തിന്റെ പേരിലുള്ള മരണമാണെങ്കിലും കടുത്ത ശിക്ഷ കിട്ടാന്‍ നിയമമുണ്ട്. അത് ലഭിക്കുമെന്നാണ് വിശ്വാസമെന്നും ഐ.ജി പറഞ്ഞു. നിലമേലില്‍ വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനേയും കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഐ.ജി.
കേസില്‍ ഡിജിറ്റല്‍ തെളിവുകളും മറ്റ് തെളിവുകളുമുണ്ട്. ജനുവരിയില്‍ വിസ്മയയേയും സഹോദരനേയും മര്‍ദ്ദിച്ച കേസിലും കേസെടുത്ത് അന്വേഷണം നടത്തും. അന്ന് കേസ് പോലീസ് ഒത്തുതീര്‍പ്പാക്കി എന്ന ആരോപണം ശരിയല്ല. വിസ്മയയുടെ കുടുംബം പരാതിപ്പെട്ടയുടന്‍ പോലീസ് എത്തി കിരണിനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കുട്ടികളുടെ ഭാവിയെ കരുതി എല്ലാവരും കൂടി സ്റ്റേഷനിലെത്തി വിഷയം പരിഹരിക്കുകയായിരുന്നുവെന്നും ഐ.ജി പറഞ്ഞു.
കിരണിന്റെ കുടുംബത്തിന് വിസ്മയയുടെ മരണത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കും. കുറ്റം ചെയ്തവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും. വിസ്മയ മരിച്ച ശൂരനാട്ടെ വീടും സന്ദര്‍ശിക്കുമെന്നും ഐ.ജി പറഞ്ഞു.
ഐ.ജിയുടെ അന്വേഷണത്തിലും സര്‍ക്കാരിലും വിശ്വാസമുണ്ടെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ പറഞ്ഞു. ഇതിനകം തന്നെ പഴുതടച്ചുള്ള അന്വേഷണമാണ് അവര്‍ നടത്തിയിരിക്കുന്നതെന്ന് അവരുടെ സംസാരത്തില്‍ നിന്ന് വ്യക്തമായി.
വിസ്മയക്ക് നല്‍കിയ സ്വര്‍ണം അവരുടെ പക്കലുണ്ട്. സ്വര്‍ണമെല്ലാം കിരണിന്റെ പേരിലാണ് ലോക്കറിലിരിക്കുന്നത്. 10 ലക്ഷത്തിന്റെ കാര്‍ ആവശ്യപ്പെട്ടിട്ട് 11 ലക്ഷത്തിന്റെ കാറാണ് എടുത്തുകൊടുത്തത്. ലോണ്‍ ഉള്ളതിനാല്‍ അത് തന്റെ പേരിലാണെന്ന് പിതാവ് പറയുന്നു. തന്റെ വിവാഹത്തിന് കിരണിന്റെ വീട്ടുകാര്‍ ആരും പങ്കെടുത്തിട്ടില്ലെന്ന് സഹോദരന്‍ വിജിത്ത് പറഞ്ഞു.
പോലീസ് അന്വേഷണത്തില്‍ തനിക്ക് വിശ്വാസമുണ്ടെന്നും, ഐജിയോട് പറയേണ്ട കാര്യങ്ങള്‍ എല്ലാം പറഞ്ഞെന്നും, ഐജി എല്ലാ കാര്യങ്ങളും ക്ഷമയോടെ കേട്ടെന്നും വിസ്മയയുടെ അച്ഛന്‍ പറഞ്ഞു. മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയും വിസ്മയയുടെ വീട് സന്ദര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ അതീവ ഗൗരവത്തോടെയുമാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ശൈലജ പറഞ്ഞു.