‘മീൻ കഴിച്ചാല്‍ ഐശ്വര്യ റായ്‌യുടേതുപോലുള്ള കണ്ണുകൾ കിട്ടും’; പരാമർശവുമായി ബിജെപി മന്ത്രി, വിവാദം
മുംബൈ: മീൻ കഴിച്ചാല്‍ നടി ഐശ്വര്യ റായ്‌യുടേതുപോലുള്ള തിളക്കമുള്ള കണ്ണുകൾ ലഭിക്കുമെന്ന മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി വിജയ്കുമാര്‍ ഗവിതിന്റെ പരാമർശം വിവാദത്തിൽ. മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് വിജയ്കുമാര്‍ ഗവിത് ഈ പരാമര്‍ശം നടത്തിയത്.
‘നിങ്ങൾ ഐശ്വര്യ റായ്‌യുടെ കണ്ണുകൾ കണ്ടിട്ടില്ലേ, എന്ത് ഭംഗിയാണ്. അവർ കർണാടകയിലെ മംഗലാപുരത്തെ തീരപ്രദേശത്താണ് ജനിച്ചു വളർന്നത്. പതിവായി മത്സ്യം കഴിക്കുന്നത് കൊണ്ടാണ് അവർക്ക് വളരെ മനോഹരമായ കണ്ണുകൾ ഉള്ളത്,’ വിജയ്കുമാര്‍ ഗവിത് പറഞ്ഞു.
യുവാക്കൾ മീൻ കഴിക്കാൻ തുടങ്ങിയാൽ അവർക്ക് മിനുസമാർന്ന ചർമ്മം ഉണ്ടാകുമെന്നും മന്ത്രി യോഗത്തെ ഉപദേശിച്ചു. ‘മത്സ്യത്തിൽ ചില എണ്ണകൾ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ ചർമ്മത്തെ മിനുസപ്പെടുത്തുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗത്തിന്റെ ഈ ഭാഗം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മന്ത്രിയെ പരിഹസിച്ചും പ്രസ്താവനക്കെതിരെയും നിരവധി പേരാണ് രംഗത്തുവന്നത്. താൻ ദിവസവും മീന്‍ കഴിക്കുന്നുണ്ടെന്നും തന്റെ കണ്ണും ഐശ്വര്യ റായ്‌യുടേത് പോലെ ആകണമല്ലോയെന്നും ബിജെപി എംഎൽഎ നിതേഷ് റാണ ചോദിച്ചിരുന്നു.