കൊച്ചി:റിയാലിറ്റി ഷോയിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് വിൻസി അലോഷ്യസ്. ലാൽ ജോസിന്റെ സിനിമയിലേക്ക് നായകനെയും നായികയെയും കണ്ടെത്താനായി ഒരുക്കിയ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി ശ്രദ്ധ നേടുന്നത്. ഷോയിൽ വിജയിച്ചില്ലെങ്കിലും സിനിമയിലെത്തി യുവനിരയിൽ ശ്രദ്ധേയ താരമാകാൻ വിൻസിക്ക് സാധിച്ചു. ഇപ്പോൾ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്കാരമടക്കം സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് താരം.
വികൃതി എന്ന ചിത്രത്തിലൂടെയാണ് വിൻസിയുടെ സിനിമാ അരങ്ങേറ്റം. ആദ്യ സിനിമയിലൂടെ വിൻസിക്ക് സാധിച്ചു. തുടർന്ന് ജനഗണമന, സൗദി വെള്ളക്ക, കനകം കാമിനി കലഹം, ഭീമന്റെ വഴി, രേഖ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയാവുകയായിരുന്നു താരം. ചെറുതെങ്കിലും പ്രേക്ഷകരിലേക്കെത്താൻ പാകത്തിലുള്ള കഥാപാത്രങ്ങളാണ് വിൻസി ഇതുവരെ ലഭിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വളരെ കുറച്ചു സിനിമകളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്താൻ വിൻസിക്ക് സാധിച്ചു.
സിനിമയുടെ തിരഞ്ഞെടുപ്പുകളിൽ ഇതുവരെ വലിയ പാളിച്ചകൾ സംഭവിക്കാത്ത ഒരാളാണ് വിൻസി. എന്നാൽ റിലേഷൻഷിപ്പിന്റെ കാര്യത്തിലേക്ക് വരുമ്പോൾ തന്റെ അവസ്ഥ അങ്ങനെയെല്ലെന്ന് പറയുകയാണ് താരമിപ്പോൾ. ഒരു സിനിമ വർക്ക് ആവില്ലെന്ന് തോന്നിയാൽ അത് വിട്ടു പോകാൻ തനിക്ക് അറിയാം എന്നാൽ റിലേഷൻഷിപ്പിന്റെ കാര്യത്തിൽ അങ്ങനെയൊരു തീരുമാനം എടുക്കാൻ കഴിയാറില്ലെന്ന് വിൻസി പറയുന്നു. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘എന്റെ നിലപാടുകൾ മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഇന്നൊരാളെ ഡീല്‍ ചെയ്ത പോലെ ആയിരിക്കില്ല നാളെ. എനിക്ക് സിനിമ സെലക്ട് ചെയ്യാൻ അറിയാം. ഞാൻ നല്ല എഫർട്ട് അതിനുവേണ്ടി ഇടാറുണ്ട്. ഒരു സിനിമ വർക്ക് ആവില്ലെന്ന് ആദ്യമേ എവിടെയെങ്കിലും തോന്നിയാൽ അപ്പോൾ എനിക്ക് അത് വിട്ട് പോകാൻ അറിയാം. പക്ഷേ റിലേഷൻഷിപ്പിൽ അതെനിക്ക് അറിയില്ല. വർക്ക് ആവില്ലെന്ന് അറിഞ്ഞാലും, നമുക്കൊന്നു ശ്രമിച്ച് നോക്കാമെന്നായിരിക്കും എന്റെ ട്രാക്ക്’,
‘സിനിമ എടുക്കുന്നതുപോലെ ആൾക്കാരെ എടുക്കാൻ പറ്റിയിരുന്നെങ്കില്‍ ഞാനിപ്പൊ എവിടെ എത്തിയേനെ. ഇങ്ങനെയുള്ളത് മനുഷ്യന്റെ ക്വാളിറ്റി ആണോ ബലഹീനതയാണോ എന്ന് എനിക്കറിയില്ല. എല്ലാം പഠിക്കേണ്ടിയിരിക്കുന്നു. ഈ സിനിമ വേണ്ടെന്നു ധൈര്യത്തോടെ എനിക്കു പറയാൻ പറ്റും. എന്നാൽ റിലേഷൻഷിപ്പിന്റെ കാര്യം വരുമ്പോൾ അങ്ങനെയല്ല. അതാണ് എന്റെ പ്രശ്നം’, വിൻസി പറയുന്നു.
‘എന്നെ എങ്ങനെ സ്നേഹിക്കണമെന്ന് എനിക്ക് മാത്രമേ അറിയൂ. എനിക്കെന്തൊക്കെ വേണം, എനിക്കെന്താണ് ആവശ്യം, ഇമോഷണല്‍ സപ്പോർട്ട് എത്രത്തോളം വേണം, ഇതെല്ലാം എനിക്ക് മാത്രമേ കൃത്യമായി അറിയൂ. ഒപ്പമുള്ള ആളിൽനിന്നും ആവശ്യത്തിനനുസരിച്ചുള്ള കാര്യങ്ങൾ ആവില്ല കിട്ടുന്നത്. അത് കറക്ട് ആവണമെങ്കിൽ ഒരുപാട് നാളത്തെ ഡേറ്റിങ് വേണ്ടിവരുമെന്നാണ് തോന്നുന്നത്’,
‘ഒറ്റയ്ക്ക് സർവൈവ് ചെയ്യാൻ പറ്റില്ലെന്നതാണ് എന്റെ പ്രശ്നം. ഇമോഷണലി ഒക്കെയുള്ള എല്ലാ കാര്യങ്ങളും നമുക്ക് ഒരാളിൽ നിന്നു കിട്ടണമെന്നില്ല, പക്ഷേ എനിക്ക് അവരോടു എല്ലാം ഷെയർ ചെയ്യാമല്ലോ. എനിക്ക് ഒരാളെ വേണം, പക്ഷേ അവരിൽ മുഴുവനായി ഡിപെൻഡന്റ് ആവുകയെന്നല്ല അർഥം. റിലേഷൻഷിപ്പിന്റെ കാര്യത്തിൽ സെൽഫ് റിയലൈസേഷൻ ഉണ്ട്’, വിൻസി അഭിമുഖത്തിൽ പറഞ്ഞു.
കുഞ്ചാക്കോ ബോബൻ നായകനായ പദ്മിനിയാണ് വിൻസിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് വിൻസി അവതരിപ്പിച്ചത്. പഴഞ്ചൻ പ്രണയം, മാരിവില്ലിൻ ഗോപുരങ്ങൾ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ വിൻസിയുടേതായി അണിയറയിലുണ്ട്.