ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയ്ക്ക് മറുപടിയുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള. തൃണമൂല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ ബംഗാള്‍ കശ്മീരാകുമെന്ന ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയുടെ പരാമര്‍ശത്തിനാണ് ഉമര്‍ അബ്ദുള്ള രംഗത്ത് എത്തിയത്. 2019 മുതല്‍ കശ്മീര്‍ സ്വര്‍ഗ തുല്യമാണെന്നാണ് ബിജെപിക്കാര്‍ പറഞ്ഞു നടക്കുന്നത്. പിന്നെ ബംഗാള്‍ കശ്മീരായാല്‍ എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ബംഗാളികള്‍ കശ്മീരിനെ സ്‌നേഹിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ സുവേന്തു പറഞ്ഞ മണ്ടത്തരം ക്ഷമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ സ്വര്‍ഗമായെന്നാണ് ബി.ജെ.പി പറയുന്നത്. അപ്പോള്‍ പിന്നെ ബംഗാള്‍ കശ്മീരായി മാറുന്നതില്‍ എന്താണ് തെറ്റെന്ന് ഉമര്‍ അബ്ദുല്ല ചോദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്നാണ് സുവേന്തു അധികാരി ബെഹാലയിലെ റാലിയില്‍ പറഞ്ഞത്. സുവേന്തുവിന്റെ പാരമര്‍ശനത്തിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നുവരുന്നുണ്ട്.