KeralaNews

വാക്കു തര്‍ക്കം കത്തിക്കുത്തിലെത്തി,ആയുധവുമായി അക്രമമുണ്ടാക്കാന്‍ കരുതിക്കൂട്ടി എത്തിയെന്ന് സിപിഎം

ഇടുക്കി: ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഇന്നു ഉച്ചയോടെ ചെറിയ തര്‍ക്കം കാമ്പസില്‍ ഉണ്ടായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഇതു അവസാനിച്ച ശേഷം കാന്പസിനു പുറത്തേക്കു വരുന്ന സമയത്ത് പുറത്തുനിന്ന് എത്തിയവരുമായി സംഘര്‍ഷം മൂര്‍ഛിക്കുകയായിരുന്നു. ഇതോടെ ആയുധവുമായി എത്തിയയാള്‍ വിദ്യാര്‍ഥികളെ കുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്.

പ്രാദേശികമായി അറിയപ്പെടുന്ന നിഖില്‍ പൈലി എന്നയാളാണ് കുത്തിയതെന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. ഇയാള്‍ ആയുധവുമായി അക്രമമുണ്ടാക്കാന്‍ കരുതിക്കൂട്ടി എത്തിയതാണെന്നു സിപിഎം നേതാക്കള്‍ ആരോപിച്ചു. സംഭവം ആസൂത്രിതമാണെന്ന് മുന്‍ മന്ത്രി എം.എം.മണി പ്രതികരിച്ചു. കുത്തിയ ആള്‍ കളക്ടറേറ്റ് ഭാഗത്തേക്ക് ഓടിപ്പോകുന്നതു കണ്ടതായിട്ടാണ് നേതാക്കള്‍ പറയുന്നത്. കാന്പസില്‍ ഒരു സംഘര്‍ഷവും നിലവില്‍ ഇല്ലായിരുന്നെന്നും ശാന്തമായി പോകുന്ന കാന്പസ് ആണെന്നും മണി പറഞ്ഞു. കൊലപാതകം നടത്താന്‍ കരുതിക്കൂട്ടി ആയുധവുമായി എത്തിയവരാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ഒരാള്‍ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നു കരുതുന്നില്ലെന്നും ഇയാള്‍ക്കൊപ്പം കൂടുതല്‍ പേരുണ്ടായിരുന്നോയെന്ന് അന്വേഷിക്കണമെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ് മാധ്യമങ്ങളോടു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ .ബിന്ദു സംഭവത്തെ അപലപിച്ചു.

വിദ്യാര്‍ഥികള്‍ക്കു ജീവന്‍ നഷ്ടപ്പെടുന്ന രീതിയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതു ഞെട്ടിക്കുന്നതും സങ്കടകരവുമായ കാര്യമാണെന്നും അവര്‍ മാധ്യമങ്ങളോടു പറഞ്ഞു. കണ്ണൂര്‍ സ്വദേശിയായ ധീരജ് രാജശേഖരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടുപോകും. മന്ത്രി റോഷി അഗസ്റ്റിന്‍ അടക്കം വിവിധ രാഷ്ട്രീയ നേതാക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button