ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു. 2398.26 അടിയാണ് നിലവിലെ ജലനിരപ്പ്. നീരൊഴുക്ക് കുറഞ്ഞതാണ് അണക്കെട്ടില്‍ ജലനിരപ്പ് താഴാന്‍ കാരണം. ഇന്നലെ 2398.30 അടിയായിരുന്നു ജലനിരപ്പ്. പെരിയാറില്‍ ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി ഡാം വരെയുള്ള പ്രദേശത്താണ് ജലനിരപ്പുയര്‍ന്നത്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സ്പില്‍ വേ ഷട്ടറുകള്‍ ഇന്നലെ തുറന്നതോടെ ഇടുക്കി ഡാമില്‍ നേരിയ തോതില്‍ ജലനിരപ്പുയരുകയും റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ അധിക ജലം ഒഴുകിയെത്താത്ത സാഹചര്യത്തില്‍ റെഡ് അലേര്‍ട്ട് പിന്‍വലിച്ചു. ഇന്നലെ രാവിലെ ഏഴരയോടെയാണ് മുല്ലപ്പെരിയാറിലെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. രാത്രിയോടെ മൂന്നാമത്തെ ഷട്ടറും 30 സെ മീ ഉയര്‍ത്തി. 5,3,4 ഷട്ടറുകളാണ് തുറന്നത്.
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള 12 ജില്ലകളില്‍ തിങ്കളാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച പതിനൊന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴയോര മേഖലകളില്‍ വരുംദിവസങ്ങളില്‍ മഴ കനത്തേക്കും. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായി മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ അതിനനുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.