രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ 1.64 കോടി രൂപ പിടികൂടി

പാലക്കാട്: ഹൈദരാബാദ് -തിരുവനന്തപുരം ശബരി എക്‌സ്പ്രസില്‍ നിന്ന് രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന 1,64,50,000 രൂപയുമായി യുവാക്കള്‍ പിടിയില്‍. ആന്ധ്ര ഗുണ്ടൂര്‍ സ്വദേശികളായ രാജേന്ദ്ര (40), ഷെയ്ഖ് അഹമ്മദ് (38) എന്നിവരാണ് അറസ്റ്റിലായത്. ഒലവക്കോട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

നാലു ബാഗുകളിലായി സീറ്റിനടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. ആന്ധ്രയിലെ ഗുണ്ടൂരില്‍നിന്നു ഷൊര്‍ണൂരിലേക്കു സ്വര്‍ണം വാങ്ങുവാനായി കടത്തിക്കൊണ്ടുവന്നതാണെന്നാണ് പ്രതികളുടെ മൊഴി. പണത്തിന്റെ യാതൊരുവിധ രേഖകളും ഇവരുടെ കൈവശം ഉണ്ടായിരുന്നില്ല.

കേസ് തുടരന്വേഷണത്തിനു പാലക്കാട് ഇന്‍കം ടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിനു കൈമാറി. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ പാലക്കാട് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് മൂന്നു കേസുകളിലായി 2.21കോടി രൂപ ട്രെയിനില്‍നിന്നു പിടികൂടിയിരുന്നു. അഞ്ചുപേരെ അറസ്റ്റുചെയ്തു.

ആര്‍പിഎഫ് കമന്‍ഡാന്റ് ജെതിന്‍ ബി.രാജിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ എ.പി. അജിത്ത് അശോക്, എഎസ്‌ഐമാരായ സജു, സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ എന്‍. അശോക്, കോണ്‍സ്റ്റബിള്‍ മാരായ വി. സവിന്‍. അബ്ദുള്‍ സത്താര്‍ എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News