തൊടുപുഴ: ചെറുതോണി അണക്കെട്ട് ഉൾപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ റെഡ് അലർട്ട്. ജലനിരപ്പ് 2382.52 അടിയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് മൂന്നാമത്തെ മുന്നറിയിപ്പായ റെഡ് അലർട്ട് പുറപ്പെടുവിച്ചത്.
നിലവിലെ റൂൾ കർവ് പ്രകാരം ഇടുക്കിയുടെ സംഭരണ ശേഷി 2382.53 അടിയാണ്. 2382.53 അടിയിലേക്ക് ജലനിരപ്പ് എത്തിയ സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള റെഡ് അലർട്ട് പുറപ്പെടുവിച്ചത്.
ഇടുക്കി അണക്കെട്ടിന്‍റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. ജലനിരപ്പ് 2375.53 അടിയിലേക്ക് ഉയർന്ന കഴിഞ്ഞ ദിവസം ബ്ലൂ അലർട്ട് പുറപ്പെടുവിച്ചിരുന്നു. നിലവിൽ ‘ ദശലക്ഷം 1101.67 ഘനയടി ജലമാണ് സംഭരണിയിലുള്ളത്. മൊത്തം സംരണശേഷിയുടെ 82.9 ശതമാനം വരുമിത്. ദശലക്ഷം1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി.
മൂന്നു മണിക്കൂറിനുള്ളിൽ കൂടിയ നീരൊഴുക്ക് 5.838 ഘനയടിയും കുറഞ്ഞ നീരൊഴുക്ക് 4.303 ഘനയടിയും രേഖപ്പെടുത്തി.
കനത്ത മഴയിൽ നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നാല് സ്പിൽവേ ഷട്ടറുകൾ (V1, V5, V6 &V10) കൂടി തമിഴ്നാട് തുറന്നു. ഉച്ചക്ക് ഒരു മണിക്ക് മൂന്ന് ഷട്ടറുകളും (V2, V3 & V4) വൈകീട്ട് മൂന്നു മണിക്ക് മൂന്ന് ഷട്ടറുകളും (V7,V8 & V9) 30 സെന്‍റീമീറ്റർ വീതം ഉയർത്തി പെരിയാറിലേക്ക് വെള്ളം ഒഴുക്കിയിരുന്നു.
സെക്കന്‍റിൽ 1870.00 ഘനയടി വെള്ളമാണ് പുറത്തുവിടുന്നത്. ആകെയുള്ള 13 സ്പിൽവേ ഷട്ടറുകളിൽ 10 എണ്ണമാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. നിലവിൽ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍റിൽ 6200 ഘനയടി വെള്ളമാണ് വൃഷ്ടി പ്രദേശത്ത് നിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ടണൽ വഴി സെക്കന്‍റിൽ 2166 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നു.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഇല്ലെങ്കിലും നാല് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വനമേഖലകളിൽ ശക്തമായ മഴ തുടർന്നേക്കും. അറബിക്കടലിൽ നിന്നുള്ള പടിഞ്ഞാറൻ കാറ്റിന്റെ ശക്തിയും ഗതിയും മഴയ്ക്ക് അനുകൂലമാണ്. നാളെയോടെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കുമെന്നാണ് കലാവസ്ഥാ വിഭാഗം അറിയിക്കുന്നത്.
മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിൽ ഉരുൾപൊട്ടി. രണ്ട് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാർപ്പിച്ചു. പുതുക്കുടി ഡിവിഷനിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മണ്ണിടിഞ്ഞ് വീണ് മൂന്നാർ വട്ടവട ദേശീയപാത തകർന്ന നിലയിലാണ്. വട്ടവട ഒറ്റപ്പെട്ടു.
കോട്ടയത്ത് മഴയ്ക്ക് ശമനം
കോട്ടയത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. പടിഞ്ഞാറൻ മേഖലകളിലെ പലയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലും വൈക്കം, ചങ്ങനാശേരി താലൂക്കിൽ നിരവധിയിടങ്ങളിലും വെള്ളം കയറി. ജില്ലയിൽ ആകെ 63 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
ചാലക്കുടി പുഴയിലെ ജലനിരപ്പ് കുറയുന്നു
ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നിലവിൽ പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനും താഴെ 6.90 മീറ്ററിലെത്തി. പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവു കുറഞ്ഞിട്ടുണ്ട്. പറമ്പിക്കുളത്ത് നിന്നും തുണക്കടവിൽ നിന്നും 8500 ക്യുസെക്സ് വെള്ളം മാത്രമാണ് ഇപ്പോൾ പെരിങ്ങൽക്കുത്തിൽ എത്തുന്നത്. അതേസമയം ചാലക്കുടിക്ക് താഴെയുള്ള അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചുവരാൻ രണ്ടു ദിവസമെടുക്കും. ചാലക്കുടിയിൽ മാത്രം 40 ക്യാമ്പുകളിലായി 1071 പേരാണ് ഉള്ളത്.