തൊടുപുഴ: ജില്ലയിലെ കോവിഡ് ബാധിതനു ആയിരത്തിലേറെ പേരുമായി സമ്പർക്കമുണ്ടെന്ന് പ്രാഥമിക കണ്ടെത്തൽ. പുറ്റടിയിൽ ബേക്കറി നടത്തുന്ന 39 കാരനായ കരുണാപുരം സ്വദേശിക്കാണ് സെന്റിനൽ സർവയലൻസിന്റെ ഭാഗമായി ശേഖരിച്ച സാംപിൾ പരിശോധനയിലൂടെ വ്യാഴാഴ്‌ച രോഗം സ്ഥിരീകരിച്ചത്. രോഗബാധിതനെ ഇന്നലെ രാത്രിയോടെ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയും രണ്ട് മക്കളും നിരീക്ഷണത്തിലാണ്.
രോഗബാധിതനു ആയിരത്തിലേറെ പേരുമായി ബന്ധമുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഇയാളുടെ സ്രവം പരിശോധനയ്‌ക്ക് എടുത്തത് മൂന്ന് ദിവസം മുൻപാണ്. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചുകൊണ്ട് ഫലം വരുന്നത്. പുറ്റടിയിൽ ബേക്കറി നടത്തുന്ന ഇയാൾ സ്രവം പരിശോധനയ്‌ക്കെടുത്തതിനു ശേഷവും ബേക്കറി തുറന്നുപ്രവർത്തിച്ചിട്ടുണ്ട്.
നിരവധിപേർ ബേക്കറിയിലെത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ഇന്നലെയും ഇയാൾ കട തുറന്നിരുന്നു. റാൻഡം പരിശോധനയിലൂടെയാണ് ഇദ്ദേഹത്തിന്റെ സാംപിൾ പരിശോധനയ്‌ക്കെടുത്തത്. ഇന്നലെ ഉച്ചവരെ ഇയാൾ കട തുറന്നിരുന്നു. ഉച്ചയ്‌ക്ക് 2.30 ഓടെ ആരോഗ്യപ്രവർത്തകർ എത്തിയാണ് ബേക്കറി അടപ്പിച്ചത്. ഒരുപക്ഷേ ഇയാളുടെ സമ്പർക്ക പട്ടിക 1,500 നു മുകളിൽ പോകാനും സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.
ബേക്കറി ഉടമയ്‌ക്ക് കോവിഡ് ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനും സാധിച്ചിട്ടില്ല. കരുണാപുരം പഞ്ചായത്തിൽ നേരത്തെ ഒരു കോവിഡ് കേസ് ഉണ്ടായിരുന്നു. എന്നാൽ, ഇയാളുമായി ബേക്കറി ഉടമ സമ്പർക്കത്തിലേർപ്പെട്ടിട്ടില്ല.
കോയമ്പേട് മാർക്കറ്റിൽ പോയി എത്തിയ ലോറി ഡ്രൈവർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാൾ കമ്പംമേട് വഴിയാണ് തമിഴ്നാട്ടിൽ നിന്നു എത്തിയത്. പുറ്റടിയിലെ ബേക്കറിയിൽ നിന്ന് ഇയാൾ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ലോറി ഡ്രൈവറിൽ നിന്നാകാം ബേക്കറി ഉടമയ്ക്കും കോവിഡ് ബാധിച്ചതെന്നാണ് സംശയം. ബേക്കറിയിലും വീടിന് പരിസരത്തുമൊക്കെയായി ആയിരത്തിലധികം പേരുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.