ന്യൂഡല്‍ഹി: മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വൈറസ് വ്യാപിപ്പിക്കുന്നതെന്ന് ഐ.സി.എം.ആര്‍ (ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്) വിദഗ്ദ്ധര്‍. രാജ്യത്ത് കൊവിഡ് വ്യാപനം ദിനംപ്രതി ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഐ.സി.എം.ആര്‍ ഇക്കാര്യം വ്യക്തമാക്കിയത്. “പ്രായമുളളവരെന്നോ പ്രായം കുറഞ്ഞവരെന്നോ ഞാന്‍ പറയുന്നില്ല, പക്ഷേ നിരുത്തരവാദമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മാസ്ക് ധരിക്കാത്തവരാണ് രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നത്.” ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 31 ലക്ഷം കടന്നു. 58000 ല്‍ ഏറെ കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെടുകയും ചെയ്തു. 7,04,348 ആക്ടീവ് കൊവിഡ് കേസുകളാണ് രാജ്യത്തുളളത്. അതോടൊപ്പം ഇന്ത്യയില്‍ കൊവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 75.92 ശതമാനം കൊവിഡ് രോഗമുക്തിയാണ് രാജ്യത്ത് രേഖപെടുത്തിയിട്ടുളളത്.
രാജ്യത്ത് കൊവിഡിനെതിരെയുളള വാക്സിന്‍ പരീക്ഷണം മൂന്ന് ഘട്ടങ്ങളിലായി തുടര്‍ന്ന് വരികയാണെന്നും ഡോ.ബല്‍റാം ഭാര്‍ഗവ അറിയിച്ചു. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വാക്സിന്‍ രണ്ടും മൂന്നും ഘട്ടങ്ങളിലാണെന്നും ഭാരത് ബയോടെക്കിന്റെ വാക്സിന്‍ പരീക്ഷണം ഒന്നാം ഘട്ടം ട്രയല്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം കൂട്ടിചേര്‍ത്തു.