പന്തിന്റെ ഉപയോഗത്തിലും കണ്‍കഷന്‍ നിയമത്തിലും കാതലായ മാറ്റം; ഏകദിന മത്സരത്തില്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കുന്ന മാറ്റങ്ങളുമായി ഐസിസി

"White, leather cricket ball and bails on grass.As used in one day, night and Twenty20 matches."

മുംബൈ: ഏകദിന ക്രിക്കറ്റില്‍ ഫീല്‍ഡിംഗ് ടീമിന് അനുകൂലമായി ചില നിയമ പരിഷ്‌കാരവുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ട്വന്റി 20 ക്രിക്കറ്റിന്റെ ജനസമ്മതിയില്‍ ഏകദിന ക്രിക്കറ്റിന് കാഴ്ചക്കാര്‍ കുറയുന്നതിന് പരിഹാരമായാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്. പന്തിന്റെ ഉപയോഗത്തിലും കണ്‍കഷന്‍ നിയമത്തിലുമാണ് പ്രധാനമായും മാറ്റങ്ങള്‍ നടപ്പാക്കാനൊരുങ്ങുന്നത്. ഇരുപതോ ഇരുപത്തഞ്ചോ ഓവര്‍ കഴിയുമ്പോഴേക്കു പന്തു പഴകി ഔട്ട്ഫീല്‍ഡിലെ നീക്കം കുറയുന്നതും റണ്ണൊഴുക്കിനെ ബാധിക്കുന്നതുമെല്ലാം ഇതോടെ പഴങ്കഥയാകും. ജൂലായ് മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഏകദിനത്തില്‍ ഇനി ഒരു ഇന്നിങ്സില്‍ രണ്ട് എന്‍ഡില്‍ നിന്നും പന്തെറിയാന്‍ രണ്ട് പന്തുകള്‍ ഉപയോഗിക്കും. അതായത് ഓരോ ന്യൂ ബോളുകള്‍ വീതം രണ്ട് എന്‍ഡില്‍ നിന്നും എറിയാന്‍ ഉപയോഗിക്കുന്ന രീതി. ആദ്യ 34 ഓവറുകള്‍ ഇത്തരത്തില്‍ രണ്ട് വ്യത്യസ്ത പന്തുകള്‍ ഉപയോഗിച്ചാകും എറിയുക. ഓരോ പന്ത് ഉപയോഗിച്ചും 17 ഓവറുകള്‍ വീതം എറിയും. പിന്നീടുള്ള 16 ഓവറുകള്‍ എറിയാന്‍ ഈ രണ്ടു പന്തുകളിലെ ഒന്ന് മാത്രമാകും ഉപയോഗിക്കുക. ഏത് പന്താണ് ഉപയോഗിക്കേണ്ടതെന്ന് ബൗളിങ് ടീം ക്യാപ്റ്റന് തീരുമാനിക്കാം.

ഏതു ഫോര്‍മാറ്റിലും ഗുരുതരമായ പരുക്കു പോലുള്ള അടിയന്തര സാഹചര്യത്തില്‍ ഒരു കളിക്കാരനെ മാറ്റി പകരം കളിക്കാരനെ ഇറക്കുന്നതിനുള്ള നിയമത്തിലും ഐസിസി മാറ്റം വരുത്തുന്നു. ഇത്തരത്തില്‍ പകരക്കാരായി പരിഗണിക്കാനുള്ള 5 കളിക്കാരുടെ പട്ടിക കളി ആരംഭിക്കും മുന്‍പു ടീം മാച്ച് റഫറിക്കു കൈമാറണം. വിക്കറ്റ് കീപ്പര്‍, ബാറ്റര്‍, പേസ് ബോളര്‍, സ്പിന്‍ ബോളര്‍, ഓള്‍ റൗണ്ടര്‍ എന്നിവരുള്‍പ്പെടുന്നതാകണം ഈ പട്ടിക. ഇതില്‍നിന്നു മാത്രമാകും പകരക്കാരനെ തീരുമാനിക്കാനാകുക. ശ്രീലങ്കയിലെ ഗോളില്‍ ഈ മാസം 17ന് ആരംഭിക്കുന്ന ശ്രീലങ്ക – ബംഗ്ലദേശ് ടെസ്റ്റിലൂടെയാണ് നിയമം പ്രാബല്യത്തിലാകുക. 20നു ലീഡ്‌സില്‍ ആരംഭിക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിലും ഇതു ബാധകമാകും.

ഏകദിനത്തിലെ പുതിയ മാറ്റം പേസ് ബോളര്‍മാര്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. പേസര്‍മാര്‍ക്ക് പ്രാരംഭ ഓവറുകളില്‍ കിട്ടുന്ന മുന്‍തൂക്കം ആദ്യ 20 ഓവറിനു ശേഷം പലപ്പോഴും കിട്ടാറില്ല. അപ്പോഴേക്കും പന്തിന്റെ സ്വിങ്ങും തിളക്കവുമെല്ലാം നഷ്ടമായിട്ടുണ്ടാകും. രണ്ടു ന്യൂബോള്‍ വരുന്നതോടെ ആദ്യ 30 ഓവറെങ്കിലും പേസ് ബോളര്‍മാര്‍ക്കു മികവു കാട്ടാനാകും. അതേസമയം, ഇതു ബാറ്റര്‍മാര്‍ക്കും ഗുണകരമാകും. പുതിയ നിയമത്തോടെ ബാറ്റര്‍മാര്‍ക്കും നേട്ടമാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News