News

ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വഴിയരികിലെ പച്ചക്കറി വില്‍പ്പന

ലഖ്നൌ: ഐഎഎസ് ഉദ്യോഗസ്ഥന്‍റെ വഴിയരികിലെ പച്ചക്കറി വില്‍പ്പന വൈറലായി. ഉത്തര്‍പ്രദേശ് ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി അഖിലേഷ് മിശ്ര സ്വന്തം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയാണ് വൈറലായത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രയാഗ് രാജില്‍ എത്തിയപ്പോഴാണ് ഐഎഎസ് ഓഫീസറുടെ പച്ചക്കറി വില്‍പ്പന.

മിശ്രയുടെ ഫേസ്ബുക്ക് അക്കൌണ്ടില്‍ കഴിഞ്ഞ ദിവസമാണ് വഴിയരികില്‍ ഇരുന്ന് പച്ചക്കറി വില്‍പ്പന നടത്തുന്ന പടം പ്രത്യക്ഷപ്പെട്ടത്. ഇത് ഏറെ ഷെയര്‍ ചെയ്യപ്പെട്ടു. മിശ്രയുടെ പദവിക്ക് ചേര്‍ന്നതല്ലെന്ന് ഒരു കൂട്ടരും, ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ എളിമയാണ് ഇത് കാണിക്കുന്നതെന്ന് ഒരു കൂട്ടരും പോസ്റ്റിന് അടിയില്‍ വാദം ആരംഭിച്ചു. ഇതോടെയാണ് മിശ്ര തന്നെ വിശദീകരണം നല്‍കിയത്.

സംഭവം ഇങ്ങനെ, “ഔദ്യോഗികമായി ഒരു ആവശ്യത്തിന് പ്രയാഗ് രാജ് വരെ പോയതാണ്. അവിടെ നിന്നും പച്ചക്കറി വാങ്ങാനായി ഒരു വഴിയോര വില്‍പ്പനക്കാരിയെ സമീപിച്ചു. പ്രായമായ അവര്‍ എന്നോട് കട അല്‍പ്പം സമയം നോക്കാമോ അവര്‍ക്ക് ഒരു അത്യവശ്യത്തിന് പോകാനുണ്ടെന്ന് പറഞ്ഞു. അവര്‍ പോയ സമയം കടനോക്കി”

‘കൂടുതല്‍ ആളുകള്‍ പച്ചക്കറി വാങ്ങാന്‍ വന്നതോടെ അവിടെ ഇരുന്ന് ഞാന്‍ തന്നെ സാധനങ്ങള്‍ എടുത്തുകൊടുത്തു. ഇത് എന്‍റെ സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടു. ഇത് ചര്‍ച്ചയായത് ഞാന്‍ ശ്രദ്ധിച്ചില്ല’- അഖിലേഷ് മിശ്ര പിന്നീട് വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button