കൊച്ചി:അമ്മയായ ശേഷം വന്ന ചെറിയ ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാവുകയാണ് ഷംന കാസിം. തമിഴ് ചിത്രം ഡെവിൾ ആണ് ഷംനയുടെ പുതിയ സിനിമ. സംവിധായകൻ മിസ്കിന്റെ സഹോദരൻ ആദിത്യയാണ് ഡെവിൾ സംവിധാനം ചെയ്യുന്നത്. മലയാളത്തേക്കാൾ തമിഴ്, തെലുങ്ക് സിനിമകളിലാണ് ഷംന കാസിം കൂടുതൽ സജീവം. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും ഷംനയിന്ന് പ്രാധാന്യം നൽകുന്നു. ഷാനിദ് ആസിഫലി എന്നാണ് ഷംനയുടെ ഭർത്താവിന്റെ. 2022 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം.
ഭർത്താവിനെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ഷംനയിപ്പോൾ. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് ഷംന മനസ് തുറന്നത്. ആരുടെ സ്വപ്നത്തിൽ പോകാനാണ് ഇഷ്ടമെന്ന ചോദ്യത്തിന് മറുപടി നൽകവെയാണ് ഷംന ഭർത്താവിനെക്കുറിച്ച് പരാമർശിച്ചത്. ഭർത്താവ് ഉറങ്ങിയാൽ ഭൂമികുലുക്കം വന്നാൽ പോലും ആരും അറിയില്ല. ജീവിതത്തിൽ അങ്ങനെയൊരാളെ ഞാൻ കണ്ടിട്ടില്ല.
ബെഡിൽ ഞാൻ തിരിഞ്ഞ് കിടക്കുമ്പോഴേക്കും ഉറങ്ങും. പിന്നെ എന്ത് സംഭവിച്ചാലും അദ്ദേഹം അറിയില്ല. ഭർത്താവിന്റെ സ്വപ്നത്തിലേക്ക് ചെന്നാലും അദ്ദേഹം എഴുന്നേൽക്കുമെന്ന് തോന്നുന്നില്ലെന്ന് ഷംന കാസിം ചിരിച്ച് കൊണ്ട് പറഞ്ഞു. സംവിധായകൻ മിസ്കിനുമായുള്ള സൗഹൃദത്തെക്കുറിച്ചും ഷംന കാസിം സംസാരിച്ചു. ഫ്രണ്ട്ഷിപ്പിനും മുകളിലുള്ള ബന്ധമാണത്. അദ്ദേഹം പറഞ്ഞത് പോലെ ജീവിതത്തിൽ കുറച്ച് പേരുമായി മാത്രമേ നമ്മൾ വളരെ അടുക്കൂ.
അതിന് ഒരു പേര് വെക്കാനാവില്ല. ആ സ്നേഹത്തെ ഒരുപാട് പേർ തെറ്റായെടുക്കും. ഒരുപാട് പേർ എന്നെയും മിസ്കിൻ സാറിനെ പറ്റിയും തെറ്റായി സംസാരിച്ചിട്ടുണ്ട്. പറയുന്നവർ പറഞ്ഞ് കൊണ്ടിരിക്കും. ഞങ്ങൾ എങ്ങനെയാണെന്ന് ഞങ്ങൾക്കറിയാം. അദ്ദേഹം ഒറ്റയ്ക്കാണ്. കല്യാണം കഴിച്ചില്ലെങ്കിൽ പോലും നല്ലൊരു പെൺകുട്ടി അടുത്ത് ഉണ്ടാകണമെന്നാണ് ഞാൻ പറഞ്ഞത്. എന്റെ ഭർത്താവിന് ജീവിതത്തിൽ ഞാനെത്ര മാത്രം പ്രധാനമാണെന്ന് എനിക്കറിയാം.
അഞ്ച് ദിവസത്തേക്ക് ഷൂട്ടിന് വരുമ്പോൾ അദ്ദേഹം എത്ര മാത്രം എന്നെ മിസ് ചെയ്യുന്നെന്നും എന്തിനെല്ലാം എന്നെ ആശ്രയിക്കുന്നെന്നും എനിക്കറിയാം. ഒരു പുരുഷന് സ്ത്രീയെ ആവശ്യമാണ്. സ്ത്രീകളില്ലെങ്കിലും ജീവിക്കാമെന്ന് ചിലർ പറയും. പുരുഷൻ വേണ്ടെന്ന് ചില സ്ത്രീകളും പറയും. പക്ഷെ ചിലയിടങ്ങളിൽ നിങ്ങൾക്ക് പങ്കാളിയെ ആവശ്യമാണ്. അത് ഭർത്താവായിരിക്കാം ചിലപ്പോൾ ഗേൾ ഫ്രണ്ട് ആയിരിക്കാം. അത് വളരെ പ്രധാനമാണെന്നും ഷംന കാസിം വ്യക്തമാക്കി.
കരിയറിന് ഭർത്താവ് നൽകുന്ന പിന്തുണയെക്കുറിച്ചും ഷംന കാസിം സംസാരിച്ചു. അദ്ദേഹത്തിന്റെ പിന്തുണയുള്ളത് കൊണ്ടാണ് ഞാൻ തിരിച്ച് വന്നത്. കല്യാണം എന്ന് പറയുമ്പോൾ ഉള്ളിന്റെയുള്ളിൽ ഭയമുണ്ടായിരുന്നു. കാരണം ഇൻഡസ്ട്രിയിലുള്ള സുഹൃത്തുക്കളിൽ പലരും ഡിവോഴ്സായി. അവർക്കിടയിൽ പ്രശ്നം വരാൻ കാരണം വർക്ക് ആയിരുന്നു. സിനിമ വിടാൻ പറ്റില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇതിന്റെയുള്ളിൽ വന്നാൽ പോകുമെന്ന് പറയുമെന്നല്ലാതെ അവസാനം നമ്മൾ സിനിമയിലേക്ക് തിരിച്ചെത്തും.
ഡാൻസും സിനിമയും മാത്രമേ എനിക്ക് അറിയൂ. എനിക്ക് ഇൻഡിപെൻഡ്ന്റായി ജീവിക്കണമെന്നത് പ്രധാനമായിരുന്നു. ഇപ്പോൾ പോലും ഭർത്താവിന്റെയടുത്ത് പോയി എനിക്കത് വാങ്ങിത്തരണമെന്ന് പറയാറില്ല. എന്തുകൊണ്ട് എന്നോട് പറയുന്നില്ലെന്ന് അദ്ദേഹം ഇടയ്ക്ക് ചോദിക്കും. പക്ഷെ അദ്ദേഹത്തിനറിയാം. എന്റെ അമ്മയെ പോലെ എന്നെ സപ്പോർട്ട് ചെയ്യുന്ന ഭർത്താവാണ്. ഒരു മുസ്ലിമിനെ വിവാഹം ചെയ്ത് ദുബായിലേക്ക് പോകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല. പക്ഷെ ഞാൻ കണ്ടത് ജീവിതത്തിലെ ഏറ്റവും നല്ല വ്യക്തിയെയാണെന്നും ഷംന കാസിം വ്യക്തമാക്കി.