അന്ധവിശ്വാസം കരിയറിനെ ബാധിച്ചു; അഡ്വാൻസ് തിരികെ കൊടുക്കേണ്ടി വന്നു; ഭാര്യക്ക് പോലും മനസിലായില്ല; ശരത്
കൊച്ചി:സംഗീത ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ സംഗീത സംവിധായകനാണ് ശരത്. പവിത്രം എന്ന സിനിമയിൽ ശരത് ഒരുക്കിയ ഗാനങ്ങൾ ഇന്നും അനശ്വരമായി നിലനിൽക്കുന്നു. ഇവൻ മേഘരൂപൻ എന്ന സിനിമയിലെ ഗാനങ്ങളിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും ശരത് നേടി. വർഷങ്ങളായി സംഗീത ലോകത്ത് തുടരുന്നുണ്ടെങ്കിലും ശരത്തിനെ ജനം തിരിച്ചറിഞ്ഞ് തുടങ്ങിയത് റിയാലിറ്റി ഷോകളിലൂടെയാണ്.
റ്റാർ സിംഗർ ഉൾപ്പെടെയുള്ള ഷോകളിൽ ജഡ്ജായെത്തിയ ശരത് ജനങ്ങൾക്ക് പ്രിയങ്കരനായി. കരിയറിനെക്കുറിച്ച് സംസാരിക്കുകയാണ് ശരത്. മനോരമ ഓൺലൈനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. അന്ധവിശ്വാസങ്ങൾ തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടെന്ന് ശരത് പറയുന്നു. ആദ്യ സിനിമ ക്ഷണക്കത്തിലെ പാട്ടുകൾ അത്രയും ഹിറ്റായിട്ടും ആ പടം അത്രയും ഓടിയില്ല. സിനിമ അന്ധവിശ്വാസങ്ങളുടെ കോട്ടയാണ്. ഒരു പടം പരാജയപ്പെട്ടത് സംഗീത സംവിധായകൻ പാട്ട് ചെയ്തത് കൊണ്ടാണെന്ന് വിശ്വസിച്ചു.
എന്നാൽ പിന്നെ പാട്ട് ഹിറ്റാവരുതല്ലോ. അത്രയ്ക്ക് ആലോചിക്കാനുള്ള ബുദ്ധിയൊന്നും നമ്മുടെ അണ്ണാച്ചികൾക്ക് ഇല്ല. എനിക്ക് പടങ്ങൾ പിന്നെ കിട്ടിയില്ല. നാല് സിനിമകളിൽ അഡ്വാൻസ് വാങ്ങിച്ചിരുന്നു. മൂന്നെണ്ണം തിരികെ കൊടുത്തു. ഒരെണ്ണം ചോദിച്ചില്ല. അതുകൊണ്ട് കൊടുക്കേണ്ടി വന്നില്ല. എന്തുകൊണ്ടാണ് ആ പടം ഓടാത്തത് എന്നല്ലേ നോക്കേണ്ടത്. ഓടാത്ത പടങ്ങളിലാണെങ്കിൽ പോലും. ഞാൻ ചെയ്തവയിൽ 90 ശതമാനം പാട്ടുകളും ഹിറ്റാണ്. മാറ്റി നിർത്തിയതിൽ തനിക്ക് വിഷമമില്ലെന്നും ശരത് പറയുന്നു.
ജനങ്ങളാണ് ഏറ്റവും വലുത്. ജനങ്ങളുടെ സ്വീകാര്യത ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ശരത് വ്യക്തമാക്കി. സംഗതികളെ കൂട്ടുപിടിച്ച് സംഗീതത്തെ സങ്കീർണമാക്കുന്നു എന്ന വിമർശനം അംഗീകരിക്കാൻ പറ്റില്ലെന്നും ശരത് പറയുന്നു. ഒട്ടും ഞാൻ സമ്മതിച്ച് തരില്ല. സംഗതിയല്ലല്ലോ പാട്ട്. പ്രശ്നങ്ങളില്ലാത്ത മനുഷ്യരില്ല. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും. പ്രശ്നങ്ങളിൽ ജീവിതമുണ്ടാകരുത് എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. പാട്ടുകളിൽ സംഗതിയാവാം. സംഗതികളിൽ പാട്ട് ആകരുതെന്നും ശരത് അഭിപ്രായപ്പെട്ടു.
സംഗതി ശരത്, ജീനിയസ് ശരത് തുടങ്ങിയ വിളിപ്പേരുകൾ തനിക്ക് അരോചകമായി തോന്നിയിട്ടില്ലെന്നും ശരത് പറയുന്നു. ഓരോരുത്തരുടെ ഇഷ്ടമാണ്. പാട്ട് ഇഷ്ടപ്പെടുക. ഈ വയസാൻ കാലത്ത് ഇരട്ടപ്പേര് വിളിക്കേണ്ട കാര്യമില്ല. സംഗതിയെന്നത് ജന്മ ജന്മാന്തരങ്ങളായി ആളുകൾ പറഞ്ഞ് കൊണ്ടിരിക്കുന്ന വാക്കാണ്. ഞാൻ പറഞ്ഞതിന് ശേഷം ഇതെന്റെ തലയിൽ വീണു. ഒരിക്കൽ മാഹിയിൽ വെച്ച് പെട്രോളടിക്കാൻ പോയപ്പോൾ അവിടെയുള്ള സ്ത്രീ സംഗതി സാറെ എന്ന് വിളിച്ചു. താൻ ചിരിച്ചെന്നും ശരത് ഓർത്തു.
കരിയറിൽ ജനശ്രദ്ധ ലഭിക്കാൻ വൈകിയതിനെക്കുറിച്ചും ശരത് സംസാരിച്ചു. തന്റെ പാട്ടുകൾ പലതും മറ്റ് പലരുടെയും പേരിലാണ് അറിയപ്പെട്ടിരുന്നതെന്ന് ശരത് പറയുന്നു. കല്യാണം കഴിച്ച സമയത്ത് വീട്ടിൽ ഒരു കട്ടിലും ഒരു ഫാനും ഒരു ടിവിയുമാണുള്ളത്. ഒരിക്കൽ വീട്ടിൽ നോട്ട്സ് എഴുതിക്കൊണ്ടിരിക്കവെ ഭാര്യ വിളിച്ചു. ശരത്തേട്ടാ, ഇങ്ങ് വന്നേ, രവീന്ദ്രൻ മാഷിന്റെ ഉഗ്രൻ പാട്ട് എന്ന് പറഞ്ഞ് എന്നെ കാണിച്ചു. പവിത്രത്തിലെ പാട്ടായിരുന്നു. ഇത് ഞാൻ ചെയ്ത പാട്ടാണെന്ന് ഭാര്യക്ക് പോലും മനസിലായിരുന്നില്ല. റിയാലിറ്റി ഷോ വന്ന ശേഷമാണ് തന്റെ പാട്ടുകൾ ജനം തിരച്ചറിഞ്ഞതെന്നും ശരത് വ്യക്തമാക്കി.