കൊച്ചി:മലയാളത്തിൽ പരീക്ഷണ കഥാപാത്രങ്ങൾ ചെയ്യാൻ ഏറ്റവും കൂടുതൽ ശ്രമം നടത്തിയിട്ടുള്ളതും വിജയം നേടിയിട്ടുള്ളതുമായ നടനാണ് ദിലീപ്. കുഞ്ഞിക്കൂനൻ, പച്ചക്കുതിര, മായാമോഹിനി, ചാന്ത്പൊട്ട് തുടങ്ങിയവയെല്ലാം അതിന് ഉദാഹാരണങ്ങളാണ്.
എന്ത് റിസ്ക്ക് എടുത്തും ദിലീപ് തന്നെ ഏൽപ്പിച്ച കഥാപാത്രം മനോഹരമാക്കും എന്നതുകൊണ്ട് തന്നെ ഇത്തരം കഥാപാത്രങ്ങളുമായി ദിലീപിന് അടുത്തേക്ക് സംവിധായകർക്ക് ധൈര്യമായി ചെല്ലാം. ദിലീപിനെ പോലെ തന്നെ യുവതലമുറയിൽ പരീക്ഷണങ്ങൾക്ക് മുതിരുന്ന ഒരു നടൻ ജയസൂര്യയാണ്.
ഞാൻ മേരിക്കുട്ടി അടക്കമുള്ള സിനിമകൾ അത്തരത്തിൽ ജയസൂര്യ ചെയ്ത് വിജയിപ്പിച്ചിട്ടുള്ളതാണ്. ദിലീപിന്റെ പരീക്ഷണ ചിത്രങ്ങൾ പലതും മറ്റ് ഭാഷകളിൽ പുനർ നിർമ്മിച്ചിട്ടുണ്ടെങ്കിലും അവയ്ക്കൊന്നും ദിലീപിന്റെ പെർഫെക്ഷൻ ഇല്ലായിരുന്നുവെന്നാണ് പ്രേക്ഷകർ പറയാറുള്ളത്. ഏറ്റവും കൂടുതൽ റിസ്ക്ക് എടുത്ത് അത്തരത്തിൽ ദിലീപ് ചെയ്തിട്ടുള്ള ഒരു സിനിമയാണ് ചാന്ത്പൊട്ട്.
രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയ്ക്ക് ഇന്നും റിപ്പീറ്റ് വാല്യുവുണ്ട്. മലയാളത്തിൽ മറ്റൊരു നടനേയും രാധാകൃഷ്ണൻ എന്ന കഥാപാത്രമായി മലയാളിക്ക് സങ്കൽപ്പിക്കാനാവില്ല. പലരും പലതും പറഞ്ഞ് പേടിപ്പിച്ചതിന്റെ പേരിൽ കുറെക്കാലം ദിലീപ് ചെയ്യുന്നില്ലെന്ന് പറഞ്ഞ് മാറ്റിവെച്ച സിനിമയാണ് ചാന്ത്പൊട്ട്.
രാധാകൃഷ്ണനായി അഭിനയിച്ചാൽ പിന്നെ കുട്ടികളുണ്ടാകില്ലെന്ന് വരെ പലരും പറഞ്ഞ് പേടിപ്പിച്ചിരുന്നുവെന്നും അതുകൊണ്ട് തന്നെ മകൾ മീനാക്ഷി പിറന്നശേഷമാണ് ആ കഥാപാത്രം ചെയ്യാൻ താൻ തയ്യാറായത് എന്നുമാണ് മുമ്പ് താരം പറഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ ചാന്ത്പൊട്ടിന് ശേഷം താൻ നേരിട്ട വെല്ലുവിളികളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീപ്. രാധാകൃഷ്ണനെന്ന കഥാപാത്രം ഷൂട്ട് കഴിഞ്ഞിട്ടും ശരീരത്തിൽ നിന്നും പോകാതെ ആയതോടെ സംവിധായകൻ ലാൽ ജോസിന്റെ അടുത്തിരുന്ന് പലപ്പോഴും കരഞ്ഞിട്ടുണ്ടെന്നാണ് ദിലീപ് പറയുന്നത്.
‘ചാന്തുപൊട്ടിലെ കഥാപാത്രം ഒരു വെല്ലുവിളി തന്നെയായിരുന്നു. ഞാണിന്മേൽ പോകുന്നൊരു കഥാപാത്രമാണ് അത്. അങ്ങോട്ടോ ഇങ്ങോട്ടോ പോയി കഴിഞ്ഞാൽ കയ്യിൽ നിന്നും പോകും. മാത്രമല്ല അവരുടെ ഇമോഷൻസ് ഞാൻ കണ്ടിട്ടുമില്ല. ഇമോഷൻ ചെയ്യുന്നത് കറക്ടായില്ലെങ്കിലും പ്രശ്നമാകുമല്ലോ.’
‘അതുപോലെ തന്നെ ആ കഥാപാത്രം ചെയ്ത ശേഷം രാധാകൃഷ്ണനിൽ നിന്നും മാറാൻ സമയമെടുത്തു. ആദ്യം ഞാൻ ഒന്ന് പേടിച്ചുപോയി. ലാൽ ജോസിന്റെ അടുത്തിരുന്ന് ഞാൻ കരഞ്ഞിട്ടുണ്ട്. എന്റെ സ്വഭാവത്തിലും നോട്ടത്തിലുമെല്ലാം ഷൂട്ട് കഴിഞ്ഞിട്ടും പിന്നീട് രാധയുണ്ടായിരുന്നു. ഒന്ന് ഒന്നര മാസം അങ്ങനെയായിരുന്നു.’
‘എനിക്ക് അപ്പോഴൊക്കെ തോന്നുമായിരുന്നു ഞാൻ ഇനി ഇങ്ങനെ തന്നെ ആയിപ്പോകുമോ വേറെ കഥപാത്രങ്ങളൊന്നും ചെയ്യാൻ സാധിക്കില്ലേയെന്ന്. ആ സിനിമയ്ക്ക് ശേഷം ഞാൻ ചെയ്തത് സ്പീഡാണ്. അതിൽ അത്ലറ്റിന്റെ കഥാപാത്രമാണ് ചെയ്തത്. അപ്പോഴും ഇടയ്ക്ക് സ്ത്രൈണത വരുമായിരുന്നു. ആ സമയത്തും ഒരുപാട് സ്ട്രഗിൾ ചെയ്തിട്ടുണ്ടെന്നും’, ദിലീപ് പറയുന്നു.
മുമ്പൊക്കെ രണ്ടും മൂന്നും ദിലീപ് സിനിമകൾ എല്ലാ വർഷവും തിയേറ്ററുകളിൽ എത്തുമായിരുന്നു. എന്നാൽ ഇപ്പോൾ വർഷത്തിൽ ഒന്ന് എന്ന നിലയിലേക്ക് ദിലീപ് സിനിമകൾ ചുരുങ്ങി. പണ്ടൊക്കെ ദിലീപ് സിനിമകൾ കാണാൻ ആളുകൾ കുടുംബസമേതം തിയേറ്ററുകളിലേക്ക് എത്തുമായിരുന്നു.
അന്ന് ഇറങ്ങിയിരുന്ന ഒട്ടുമിക്ക ദിലീപ് സിനിമകളും ഫാമിലി എന്റർടെയ്നറായിരുന്നു. നടന്റെ ഏറ്റവും പുതിയ റിലീസ് വോയ്സ് ഓഫ് സത്യനാഥനാണ്. റാഫി സംവിധാനം ചെയ്ത സിനിമയിൽ വീണയായിരുന്നു നായിക. തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ച സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.