മീനാക്ഷിയും അഭിനയരംഗത്തേക്ക്?അല്‍ഫോണ്‍സ് പുത്രന്‍ സിനിമയിലെങ്കില്‍ സന്തോഷമെന്ന് ദിലീപ് ആരാധകര്‍
കൊച്ചി:താരങ്ങളോടുള്ള സ്നേഹത്തിന്റെ ഒരു പങ്ക് അവരുടെ മക്കൾക്കും ലഭിക്കുക സ്വാഭാവികമാണ്. അച്ഛന്റെയും അമ്മയുടേയുമൊക്കെ പാത പിന്തുടർന്ന് അവർ സിനിമയിലേക്ക് എത്തിയാൽ ആ സ്നേഹം ഇരട്ടിയാകും. അങ്ങനെ സിനിമയിലെത്തി ആരാധകർക്ക് പ്രിയങ്കരരായി മാറിയ നിരവധി താരങ്ങളെ ഇന്ന് മലയാള സിനിമയിൽ കാണാം. അതേസമയം, ഇനിയും സിനിമയിലേക്ക് എത്താത്ത, പ്രേക്ഷകർ വെള്ളിത്തിരയിൽ കാണാൻ ആഗ്രഹിക്കുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മീനാക്ഷി ദിലീപ്.
ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിക്ക് നിരവധി ആരാധകരാണ് ഉള്ളത്. അവരെല്ലാം മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ തന്നെ സിനിമയിലേക്ക് പ്രതീക്ഷിക്കണ്ട എന്നാണ് മീനാക്ഷി വ്യക്തമാക്കിയിട്ടുള്ളത്. ക്യാമറയ്ക്ക് മുന്നിൽ വരാനും മീനാക്ഷിക്ക് മടിയാണ്. പൊതുവേദികളിൽ നിന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിന്നൊക്കെ മീനാക്ഷി മാറി നടക്കാറാണ് പതിവ്.
മകൾക്ക് താത്പര്യമുണ്ടെങ്കിൽ അഭിനയിക്കുന്നതിൽ എതിർപ്പില്ലെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. അതേസമയം അഭിനയത്തിലേക്ക് വരാൻ മകൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇപ്പോൾ പഠനത്തിലാണ് ശ്രദ്ധയെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നിൽ വരാൻ ഇഷ്ടമല്ലെന്ന് മീനാക്ഷി പറഞ്ഞതായുള്ള റിപ്പോർട്ടുകളും മുൻപ് വന്നിട്ടുണ്ട്. എന്നാൽ മീനാക്ഷിയുടെ ആ തീരുമാനത്തിലൊക്കെ ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു എന്നാണ് ആരാധകർ പറയുന്നത്.
താരപുത്രിയുടെ പുതിയ വീഡിയോകൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു അഭിപ്രായം. ഞാനൊരു സെലിബ്രിറ്റിയല്ല, ലൈം ലൈറ്റ് തനിക്ക് ഇഷ്ടമല്ല എന്ന് മീനാക്ഷി പറഞ്ഞാലും, ദിലീപിന്റെയും മഞ്ജുവിന്റെയും മകൾക്ക് എങ്ങനെ ക്യാമറയെ അകറ്റി നിർത്താൻ കഴിയുമെന്നും പ്രേക്ഷകർ ചോദിക്കുന്നു. മീനാക്ഷിയുടെ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് ഈ ചർച്ചകൾ.
മീനാക്ഷി സിനിമയിലേക്കെത്താൻ പ്രേക്ഷകർ എത്രത്തോളം ആഗ്രഹിക്കുന്നു എന്നതിന്റെ സൂചന കൂടെയാണ് വീഡിയോകൾക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. മുൻപ് ഒറ്റയ്ക്കുള്ള തന്റെ ഡാൻസ് വീഡിയോകൾ മീനാക്ഷി പങ്കുവച്ചിട്ടുണ്ട്. എന്നാൽ സംവിധായകൻ അൽഫോൺസ് പുത്രന്റെ പങ്കാളി അലീനയ്ക്ക് ഒപ്പമുള്ള ഒരു ഡാൻസ് വീഡിയോയാണ് മീനാക്ഷി കഴിഞ്ഞ ദിവസം പങ്കുവച്ചതും വൈറലായതും.
ഫോട്ടോഗ്രാഫറായ ഐശ്വര്യ അശോക് ആണ് വീഡിയോ പകർത്തിയത്. അൽഫോൺസ് പുത്രന്റേതായിരുന്നു എഡിറ്റിങ്. വീഡിയോക്ക് താഴെ എഡിറ്റിങ് അൽഫോൺസ് പുത്രൻ എന്ന് കണ്ടതോടെ, ഇനി പുത്രന്റെ സംവിധാനത്തിൽ മീനൂട്ടി ഒരു സിനിമ കൂടെ ചെയ്താൽ സന്തോഷമായി എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്. മീനാക്ഷി സിനിമയിലേക്ക് വരും എന്ന പ്രതീക്ഷകളായിരുന്നു കമന്റുകളിൽ ഏറെയും.
നിരവധി താരങ്ങളും ഇവരുടെ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു. നസ്രിയ നസീം, അപർണ ബാലമുരളി, വീണ നായർ, ശ്രിന്ദ, ജ്യോതി കൃഷ്ണ, ആര്യ പാർവ്വതി, ആൻ മരിയ, അലീന പടിക്കൽ, അർച്ചന കവി, രശ്മി തുടങ്ങിരാണ് ഇരുവർക്കും ആശംസകൾ നേർന്നത്. മുൻപ് മീനാക്ഷിയുടെ ഡബ്‌സ്‌മാഷ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഭിനയത്തിൽ താൻ ഒട്ടുംമോശമല്ലെന്ന് താരപുത്രി അന്ന് തെളിയിച്ചതാണ്.
അതേസമയം മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണെന്നാണ് വിവരം. പഠനവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താരപുത്രി. ദിലീപും കാവ്യയും മഹാലക്ഷ്മിയുമെല്ലാം ചെന്നൈയിൽ തന്നെയാണ് താമസം. അതുകൊണ്ട് വല്ലപ്പോഴും മാത്രമാണ് മീനാക്ഷി കേരളത്തിലേക്ക് വരുന്നത്.