കൊച്ചി:മലയാള സിനിമയിൽ താരങ്ങൾ ഒരുപാടുണ്ടെങ്കിലും ഇവരിൽ ജനപ്രിയ നായകൻ എന്ന പേര് നേടാൻ കഴിഞ്ഞത് നടൻ ദിലീപിനാണ്. കരിയറിനെ ദിലീപ് ഉയർത്തിക്കൊണ്ട് വന്ന രീതി സിനിമാ ലോകത്ത് ഇന്നും ചർച്ചയാകാറുണ്ട്. മിമിക്രി കലാകാരനായ ദിലീപ് സഹസംവിധായകനായി സിനിമയിലേക്ക് വന്ന് പിന്നീട് സഹനടനായും ശേഷം നായകനായും വളർന്നു. കരിയർ ഗ്രാഫ് പരിശോധിച്ചാൽ ഹിറ്റുകളുടെ വലിയൊരു നിര തന്നെ ദിലീപിന് അവകാശപ്പെടാനുണ്ട്.
കല്യാണരാമൻ, ചാന്തുപൊട്ട്, മീശമാധവൻ, റൺവേ, കൊച്ചിരാജാവ്, സിഐഡി മൂസ തുടങ്ങി തൊട്ടതെല്ലാം ഹിറ്റാക്കുന്ന നടനായി ദിലീപ് ഒരുകാലത്ത് അറിയപ്പെട്ടു. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്തേക്ക് ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് ദിലീപ്. വോയ്സ് ഓഫ് സത്യനാഥനാണ് തിരിച്ച് വരവിലെ ആദ്യ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം ആണ് സിനിമ നേടുന്നത്. റാഫി സംവിധാനം ചെയ്ത ചിത്രത്തിൽ ജോജു ജോർജും പ്രധാന വേഷത്തിലെത്തി.
കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും വോയ്സ് ഓഫ് സത്യനാഥൻ കണ്ടു. ചെന്നെെയിൽ വെച്ചാണ് അവർ കണ്ടത്. മൂന്ന് പേർക്കും ഇഷ്ടപ്പെട്ടു. മാമാട്ടി (മഹാലക്ഷ്മി) ഭയങ്കര ചിരി ആയിരുന്നു. ഇവൾ ആവശ്യമില്ലാത്തിടത്തും ചിരിക്കുന്നു എന്ന് പറഞ്ഞ് കാവ്യ അവളെ കളിയാക്കി. മീനൂട്ടിയും എന്നെ വിളിച്ചു. നന്നായിട്ടുണ്ട്, എന്റെ സുഹൃത്തുക്കൾക്ക് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു.
മാമാട്ടി ഈ അടുത്ത കാലത്താണ് ഞങ്ങളുടെ സിനിമകൾ കാണാൻ തുടങ്ങിയത്. മായാമോഹിനി കണ്ടപ്പോൾ ഈ അച്ഛൻ എന്തൊക്കെയാ കാണിക്കുന്നതെന്നൊക്കെ ചോദിച്ചു. ഈ ഒക്ടോബറിൽ അവൾക്ക് അഞ്ച് വയസ്സാകുമെന്നും ദിലീപ് വ്യക്തമാക്കി. തന്റെ കരിയറിലെ പഴയ സിനിമകളെക്കുറിച്ചും ദിലീപ് സംസാരിച്ചു. സല്ലാപം എന്ന സിനിമ എന്റെ ജീവിതത്തിലെ ടേണിംഗ് പോയന്റ് ആയിരുന്നു. പലരുടെയും വിചാരം അതാണ് എന്റെ ആദ്യത്തെ പടമെന്നാണ്. കഥാവശേഷൻ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ്.
ആ സിനിമ വല്ലാത്ത ഫീലാണ്. സിനിമയിലേത് പോലെ ആത്മഹത്യയല്ല ശരി. ഫൈറ്റ് ചെയ്യുകയെന്നാണ് പ്രധാനം. പക്ഷെ ഈ പറയുന്ന എനിക്കും ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. ട്വന്റി ട്വന്റി ചെയ്യുന്ന സമയത്ത്. എന്നിട്ട് ഞാൻ വിദേശത്തേക്ക് പോയി. പക്ഷെ ഇപ്പോൾ അതല്ല ശരി എന്ന് മനസ്സിലാക്കുന്നു. നമ്മളെ ആശ്രയിച്ച് നിൽക്കുന്ന ഒരുപാട് പേരെ ഇരുട്ടത്താക്കിയാണ് രക്ഷപ്പെടുന്നത്. അതൊരു രക്ഷപ്പെടൽ അല്ലെന്നും ദിലീപ് ചൂണ്ടിക്കാട്ടി.
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളെയും വെച്ച് ദിലീപ് നിർമ്മിച്ച സിനിമയാണ് ട്വന്റി ട്വന്റി. 2008 ൽ റിലീസ് ചെയ്ത ചിത്രം നടനെ സംബന്ധിച്ച് കരിയറിലെ വലിയ സാഹസമായിരുന്നു. ഒരുപക്ഷെ സിനിമ പരാജയപ്പെട്ടിരുന്നെങ്കിൽ കനത്ത സാമ്പത്തിക നഷ്ടം നടന് നേരിടേണ്ടി വന്നേനെ. എന്നാൽ സിനിമ വൻ ഹിറ്റായി.
ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളെല്ലാം അണിനിരന്നു. 2004 ലാണ് കഥാവശേഷൻ എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ജ്യോതിർമയി, ഇന്നസെന്റ്, ജഗതി ശ്രീകുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ സംവിധാനം ചെയ്തത് ടിവി ചന്ദ്രനാണ്. ദിലീപിന്റെ പതിവ് സിനിമകളിൽ നിന്ന് വ്യത്യസ്തമായിരുന്നു കഥാവശേഷൻ.