‘ഞങ്ങളുടെ ലിറ്റിൽ മിറാക്കിൾ…’; മുപ്പത്തിമൂന്നാം വയസിൽ അമ്മയാകാനൊരുങ്ങി സീരിയൽ താരം അർച്ചന സുശീലൻ!
കൊച്ചി:എന്റെ മാനസപുത്രി എന്ന ഹിറ്റ് സീരിയലിലെ വില്ലത്തി വേഷത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അര്‍ച്ചന സുശീലന്‍ ഒരു വർഷം മുമ്പാണ് രണ്ടാമതും വിവാഹിതയായത്. അമേരിക്കയില്‍ വെച്ചുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ കൂടി പങ്കുവെച്ചത് അര്‍ച്ചന തന്നെയായിരുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു അര്‍ച്ചനയുടെ രണ്ടാമത്തെ വിവാഹം. കാമുകൻ പ്രവീണിനെയാണ് താരം വിവാഹം ചെയ്തത്. കൊവിഡ് കാലത്തായിരുന്നു ഇരുവരുടെയും വിവാഹം. മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മുഴുവൻ ഇഷ്ടവും നേടിയെടുത്ത ഗ്ലോറിയ എന്ന കഥാപാത്രമായിട്ടാണ് അർച്ചന തിളങ്ങി നിന്നത്. അതിനുശേഷം നിരവധി വേഷങ്ങൾ ചെയ്തുവെങ്കിലും ഗ്ലോറിയയിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് നിരവധി സീരിയലുകൾ ചെയ്തു. ബിഗ് ബോസ് സീസൺ ഒന്നിലും മത്സരാർത്ഥിയായിരുന്നു. രണ്ടാം വിവാഹത്തോടെ അമേരിക്കയിൽ സെറ്റിൽഡായ താരം ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. എന്നാൽ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.
അത്തരത്തിൽ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാർത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് അർച്ചന സുശീലൻ. താൻ ആദ്യമായി ഒരു കുഞ്ഞിന് ജന്മം നൽകാൻ പോകുന്നുവെന്ന സന്തോഷമാണ് ഭർത്താവ് പ്രവീണിനൊപ്പം നിറവയറിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ താരം അറിയിച്ചത്. ‘ഞങ്ങളുടെ ലിറ്റിൽ മിറാക്കിൾ…’ എന്ന് കുറിച്ചുകൊണ്ടാണ് അമ്മയാകാൻ പോകുന്ന സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചത്.
നിരവധി പേരാണ് ഫോട്ടോ വൈറലായതോടെ ആശംസകളുമായി എത്തിയത്. നടിയും അവതാരകയും അർച്ചനയും സഹോദരന്റെ മുൻ ഭാര്യയുമായിരുന്ന ആര്യ ബഡായിയാണ് ആദ്യം കമന്റുമായി എത്തിയത്. പിന്നാലെ ബഷീർ ബഷി, നടി മുക്ത, മൃദുല വിജയ്, ശ്രീലക്ഷ്മി ശ്രീകുമാർ തുടങ്ങി നിരവധി സെലിബ്രിറ്റികൾ ആശംസകൾ നേർന്ന് എത്തി.
കുടുംബത്തിന് അത്രയേറെ പ്രാധാന്യം കൽപ്പിക്കുന്ന അർച്ചന സ്റ്റാർഡം ഉപേക്ഷിച്ചിട്ടാണ് അമേരിക്കയിലേക്ക് പോയി അവിടെ സെറ്റിൽഡായത്. തനിക്ക് ഒരു കുടുംബം വേണമെന്ന ആഗ്രഹമാണ് വീണ്ടും വിവാഹത്തിലേക്ക് എത്തിച്ചതെന്ന് മുമ്പൊരിക്കൽ അർച്ചന പറഞ്ഞിരുന്നു.
‘എന്റെ പുഞ്ചിരി നീയാണ്. നീയാണ് എന്റെ പൊട്ടിച്ചിരിയുടെ കാരണം. ജീവിതത്തിൽ കരച്ചിൽ കുറയാനും നീയാണ് എന്നെ സഹായിച്ചത്’, എന്നാണ് ഭർത്താവിനെ കുറിച്ച് വളരെ നാളുകൾക്ക് മുമ്പ് അർച്ചന എഴുതിയത്.
അടുത്തിടെ ആര്യയുടെ മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ അർച്ചന കുടുംബസമേതം എത്തിയിരുന്നു. ഭർത്താവുമായി പിരിഞ്ഞുവെങ്കിലും ആര്യ അർച്ചനയുടെ കുടുംബവുമായുള്ള ബന്ധം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്. കിരൺ ടിവിയിൽ നാഷിനൊപ്പം അവതാരക ആയെത്തിയാണ് അർച്ചന തന്റെ കരിയർ തുടങ്ങുന്നത്.
മലയാളം സംസാരിക്കാൻ പാടുപെടുന്ന അർച്ചനയെ അന്നെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായിരുന്നു. ഹിന്ദിക്കാരനായ മനോജ് യാദവുമായി 2014ൽ ആണ് അർച്ചനയുടെ ആദ്യ വിവാഹം നടക്കുന്നത്. എന്നാൽ അധികം വൈകാതെ ആ ബന്ധം ഇരുവരും വേർപെടുത്തി. ഇനിയൊരു വിവാഹം വേണ്ടെന്ന തീരുമാനത്തിൽ ആയിരുന്നു ആദ്യം എങ്കിലും പിന്നീട് അത് തെറ്റായ തീരുമാനം ആണെന്ന് തോന്നി.
കൊവിഡ് കാലമാണ് തന്റെ തീരുമാനം മാറ്റിയതെന്നും അർച്ചന പറഞ്ഞിരുന്നു. തന്നെ കൂടുതൽ മനസിലാക്കാൻ പ്രവീൺ പറഞ്ഞതോടെയാണ് അർച്ചന അമേരിക്കയിലേക്ക് പോകുന്നത്. കുടുംബമായി നല്ല ബന്ധം ആയിരുന്നു പ്രവീണിന്റേത് എന്നും അർച്ചന പറഞ്ഞിരുന്നു.
പാടാത്ത പൈങ്കിളിയാണ് അർച്ചന അഭിനയിച്ച് സംപ്രേഷണം ചെയ്ത ഏറ്റവും അവസാനത്തെ സീരിയൽ. കൗബോയ്, വില്ലാളി വീരൻ, തിങ്കൾ മുതൽ വെള്ളി വരെ, കാര്യസ്ഥൻ, സുൽത്താന്ഡ തുടങ്ങിയ ചില സിനിമകളിലും അർച്ചന ഭാഗമായി.