സ്റ്റേജില്‍ നിന്നും ഇറക്കി വിട്ടുവെന്ന് മൃണാല്‍; പക്ഷെ താരപുത്രിയെ കണ്ടപ്പോള്‍
മുംബൈ:ടെലിവിഷനില്‍ നിന്നും സിനിമയിലേക്ക് ചുവടുമാറ്റുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് മലയാളത്തിലാണെങ്കിലും ബോളിവുഡിലാണെങ്കിലും. ആ ചുവടുമാറ്റം സാധിച്ചാലും ബോളിവുഡിലെ മുന്‍നിര നായികയാവുക എന്നത് അതിലും പ്രയാസം നിറഞ്ഞ കാര്യമാണ്. പക്ഷെ മറ്റുള്ളവര്‍ക്ക് ഒരു പ്രചോദനമായി ടെലിവിഷനില്‍ നിന്നും സിനിമയിലെത്തി ഇന്ന് ബോൡവുഡില്‍ മാത്രമല്ല പാന്‍ ഇന്ത്യന്‍ റീച്ചുള്ള നായികയായി മാറിയിരിക്കുകയാണ് മൃണാല്‍ ഠാക്കൂര്‍.
ഇന്ന് മൃണാലിന്റെ ജന്മദിനമാണ്. 31ലേക്ക് കടക്കുന്ന താരസുന്ദരിയ്ക്ക് ആശംസകളുമായി എത്തുകയാണ് സിനിമാ ലോകം. കുംകും ഭാഗ്യയിലൂടെ ടെലിവിഷനില്‍ മിന്നും താരമായി മാറിയ ശേഷമാണ് മൃണാല്‍ സിനിമയിലെത്തുന്നത്. ലവ് സോണിയയിലൂടെയായിരുന്നു തുടക്കം. പിന്നീട് സൂപ്പര്‍ 30, ബാട്ട്‌ല ഹൗസ്, ധമാക്ക, ജേഴ്‌സി, സീതാ രാമം തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ദുല്‍ഖര്‍ നായകനായ സീതാരാമത്തിലൂടെ പാന്‍ ഇന്ത്യന്‍ റീച്ച് നേടാന്‍ മൃണാലിന് സാധിച്ചു.
സിനിമയിലെ താരകുടുംബത്തിന്റെ പിന്‍ബലമില്ലാതെയാണ് മൃണാല്‍ ഇതൊക്കെ നേടിയത്. ആ യാത്ര ഒട്ടു സുഖകരമായിരുന്നില്ല. 2020 ല്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങള്‍ മൃണാല്‍ തുറന്നു പറഞ്ഞിട്ടുണ്ട്. താനൊരു താരപുത്രിയല്ലാത്തിനാല്‍ നേരിടേണ്ടി വന്ന രണ്ട് മോശം അനുഭവങ്ങളാണ് മൃണാല്‍ പങ്കുവച്ചത്.
”ആദ്യത്തേത് നടക്കുന്നത് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ വച്ചാണ്. മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് വാങ്ങാനായി ഞാന്‍ സ്‌റ്റേജിലേക്ക് കയറി. അവാര്‍ഡ് വാങ്ങിയതും അവര്‍ എന്നോട് ഇതാണ് പുറത്തേക്കുള്ള വഴിയെന്ന് പറഞ്ഞു. എന്നാല്‍ ഒരു താരപുത്രി അതേ വേദിയില്‍ വന്നപ്പോള്‍ അവളുടെ മുഖത്തേക്ക് മൈക്ക് കുത്തിക്കയറ്റുകയായിരുന്നു” എന്നാണ് മൃണാല്‍ പറയുന്നത്. മീഡിയയുടെ ഭാഗത്തു നിന്നുണ്ടായ അനുഭവവും താരം പങ്കുവെക്കുന്നുണ്ട്.
”ഞാന്‍ ഒരു ഇവന്റില്‍ അഭിമുഖം നല്‍കി കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് മാധ്യമ പ്രവര്‍ത്തകരെല്ലാം അവിടെ നിന്നും ഓടി. ഒരു യുവ താരപുത്രി വന്നതായിരുന്നു കാരണം. ആ പാവത്തിന് തന്റെ വസ്ത്രം ശരിയാക്കാന്‍ പോലും സമ്മതിക്കാതെ മീഡിയ അവളെ വളഞ്ഞു” എന്നാണ് മൃണാല്‍ പറയുന്നത്.
നെപ്പോട്ടിസത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ അതില്‍ മാധ്യമങ്ങള്‍ക്കും ആരാധകര്‍ക്കും പങ്കുണ്ടെന്നാണ് മൃണാല്‍ പറയുന്നത്. പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിക്കുന്നത് താരങ്ങളുടെ മക്കളെക്കുറിച്ചാണ്, അതാണ് മാധ്യമങ്ങള്‍ അവര്‍ക്ക് നല്‍കുന്നതും. അതിനാല്‍ താരങ്ങളുടെ മക്കളെ താന്‍ ഒരിക്കലും കുറ്റം പറയില്ലെന്നാണ് മൃണാലിന്റെ നിലപാട്.
ഗുംരാഹ് ആണ് മൃണാല്‍ അഭിനയിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. ആദിത്യ റോയ് കപൂറായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നാലെ നെറ്റ്ഫ്‌ളിക്‌സിന്റെ ലസ്റ്റ് സ്റ്റോറീസിലും മൃണാല്‍ എത്തിയിരുന്നു. പൂജാ മേരി ജാന്‍, പീപ്പ എന്നിവയാണ് മൃണാലിന്റെ അണിയറയിലുള്ള ഹിന്ദി ചിത്രങ്ങള്‍. സീതാ രാമത്തിന് ശേഷം വീണ്ടും തെലുങ്കിലേക്ക് എത്തുകയാണ് മൃണാല്‍. നാനിയുടെ കൂടെ അഭിനയിക്കുന്ന ഹായ് നാനയാണ് മൃണാലിന്റെ പുതിയ തെലുങ്ക് ചിത്രം.