EntertainmentKeralaNews

മോഹൻലാൽ എങ്ങനെ അത് സെറ്റിൽ ചെയ്തു എന്നറിയില്ല; ഭാര്യാ പിതാവ് പ്രാർത്ഥിച്ചത്; ശ്രീനിവാസന്റെ വാക്കുകൾ

കൊച്ചി:മലയാളികൾക്ക് പ്രിയപ്പെട്ട നടൻ ആണ് മോഹൻലാൽ‌. സൂപ്പർ സ്റ്റാർ ആയ മോഹൻലാൽ ഇതിനകം സൃഷ്ടിച്ച ഹിറ്റുകൾ നിരവധി ആണ്. മോഹൻലാലിന്റെ അഭിനയ മികവിനെ പറ്റി നേരത്തെ പല പ്രമുഖരും സംസാരിച്ചിട്ടുണ്ട്. കരിയറിനൊപ്പം തന്നെ മോഹൻലാലിന്റെ കുടുംബ വിശേഷങ്ങളും ആരാധകർക്കിഷ്ടമാണ്. നടന്റെ മകൻ പ്രണവിന് ആരാധകർക്കിടയിൽ ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. 1988 ലാണ് മോഹൻലാൽ വിവാഹം കഴിക്കുന്നത്.

തമിഴ് പ്രൊഡ്യൂസർ കെ ബാലാജിയുടെ മകൾ സുചിത്രയെ ആണ് നടൻ വിവാഹം കഴിച്ചത്. പ്രണവ് മോഹൻലാലിനെക്കൂടാതെ വിസ്മയ മോഹൻലാൽ എന്ന മകളും ഈ ദമ്പതികൾക്ക് ഉണ്ട്. വർഷങ്ങൾക്ക് മുമ്പ് നടൻ ശ്രീനിവാസൻ മോഹൻലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ ഭാര്യാ പിതാവ് ബാലാജിയെക്കുറിച്ചുമുള്ള രസകരമായ ഒരു സംഭവം പങ്കുവെച്ചിരുന്നു. കൈരളി ടിവിയിലെ പ്രോ​ഗ്രാമിൽ സംസാരിക്കെ ആണ് ഈ സംഭവം പറഞ്ഞത്.

‘പ്രിയൻ സംവിധാനം ചെയ്ത ആര്യൻ എന്ന സിനിമയുടെ ഷൂട്ടിം​ഗ് ബോബെയിൽ ആയിരുന്നു. ആ സിനിമയുടെ ആവശ്യത്തിന് വേണ്ടി ഒരു നല്ല തോക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് പ്രിയൻ മോഹൻലാലിനോട് പറഞ്ഞു. മോഹൻലാൽ ആലോചിച്ച് നോക്കിയപ്പോൾ അദ്ദേഹത്തിന്റെ അമ്മായി അച്ഛൻ പഴയ തമിഴ് സിനിമകളിൽ‌ നടനായി, പിന്നീട് ഒരുപാട് സിനിമകൾ നിർമ്മിച്ച ബാലാജിയുടെ കൈയിൽ ഭം​ഗിയുള്ള തോക്കുണ്ട്’

‘കല്യാണം കഴിഞ്ഞ് അധിക നാൾ ആയിരുന്നില്ല. ലൈസൻസ് ഉളള ഒരു തോക്ക് ചോദിക്കാൻ മോഹൻലാലിന് മടി ഉണ്ടായിരുന്നു. മടിച്ച് മടിച്ച് അദ്ദേഹത്തോട് ചോ​ദിച്ചു. തോക്കാണ് സൂക്ഷിച്ച് കെെകാര്യം ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു’

‘ഷൂട്ടിന്റെ ആവശ്യത്തിനാണ് ഞാൻ തന്നെ അത് നോക്കിക്കോളാം എന്ന് മോ​ഹൻലാലും പറഞ്ഞു. അങ്ങനെ ഷൂട്ടിം​ഗ് ആവശ്യത്തിന് വേണ്ടി ഈ തോക്ക് ഉപയോ​ഗിച്ചു. ഓരോ ദിവസവും പ്രിയൻ അത് വാങ്ങി സൂക്ഷിക്കും. പ്രിയന് ലൈസൻസ് ഉള്ളത് കൊണ്ട് പ്രിയൻ തന്നെ തോക്ക് സൂക്ഷിക്കാൻ തീരുമാനിച്ചു’

‘പ്രിയന്റെ ലൈസൻസുള്ള തോക്കിന് ഭം​ഗി ഇല്ലാത്തത് കൊണ്ടാണ് ഈ തോക്ക് ഉപയോ​ഗിച്ചത്. ചുരുക്കി പറഞ്ഞാൽ നാലഞ്ച് ദിവസം കഴിഞ്ഞപ്പോൾ തോക്കില്ല. തോക്കെവിടെ പോയെന്ന് ആർക്കും ഒരു പിടിയില്ല. സം​ഗതി പ്രശ്നമായി’

‘ഉടനെ തന്നെ പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു. കാരണം അത് ഒറിജിനിൽ തോക്ക് ആണ്. വല്ല മാഫിയക്കാരനും ആരെയെങ്കിലും കൊല ചെയ്താൽ തോക്കിന്റെ ഉടമസ്ഥൻ അകത്താവും. പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും തോക്ക് കിട്ടിയില്ല’

ബാലാജി സാറുമായി മോ​ഹൻലാൽ അത് എങ്ങനെ സെറ്റിൽ ചെയ്തു എന്നറിയില്ല. ഒരു കാര്യം മാത്രം മോഹൻലാൽ പറഞ്ഞു. ബാലാജി സാറുടെ വീട്ടിൽ പ്രാർത്ഥനാ മുറി അടഞ്ഞ് കിടക്കുകയാണ്. അതിന് മുമ്പിൽ കൂടെ പോവുമ്പോൾ ബാലാജി സർ പ്രാർത്ഥിക്കുകയാണ്’

‘ഭ​ഗവാനേ ഇത്തിരിപ്പോരുന്ന ഒരു തോക്ക് കാത്ത് സൂക്ഷിക്കാൻ പറ്റാത്ത ഒരുത്തന്റെ കൈയിലാണല്ലോ ഇത്രയും വലിയ എന്റെ മകളെ ഞാൻ ഏൽപ്പിച്ച് കൊടുത്തതെന്ന്,’ ശ്രീനിവാസൻ പറഞ്ഞതിങ്ങനെ.

നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചവരാണ് മോ​ഹൻലാലും ശ്രീനിവാസനും. ഓൺ സ്ക്രീനിലെ ഹിറ്റ് കോംബോ ആയിരുന്നു ഇരുവരും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button