കാശ് മുടക്കാതെ കാണുമ്പോൾ ആസ്വദിക്കാമല്ലോ, അന്ന് ആ സിനിമ സ്വീകരിച്ചില്ല; കരിയറിലെ ഏറ്റവും വലിയ പരാജയം!
കൊച്ചി:മലയാളത്തിലെ എക്കാലത്തേയും മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയില്‍. തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന നിരവധി സൂപ്പർ ഹിറ്റ് സിനിമകളാണ് അദ്ദേഹം മലയാളത്തിന് സമ്മാനിച്ചിട്ടുള്ളത്. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരെ വ്വെച്ചും അദ്ദേഹം സിനിമകൾ ഒരുക്കിയിട്ടുണ്ട്.
പ്രേക്ഷകർ ഇന്നും ഏറെ ഇഷ്ടപ്പെട്ടുന്ന ഓർത്തിരിക്കുന്ന മലയാളത്തിലെ ഒരുപിടി സിനിമകൾ സംവിധാനം ചെയ്തത് സിബി മലയിൽ ആണ്. അസോസിയേറ്റ് ഡയറക്ടറായി മലയാളത്തില്‍ തുടക്കം കുറിച്ച അദ്ദേഹം മുത്താരംകുന്ന് പിഒ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്.
തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെയെല്ലാം നായകന്മാരാക്കി സിനിമകള്‍ ഒരുക്കിയിരുന്നു. ഇപ്പോഴും സിബി മലയില്‍ ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ഉള്ളത്. 30 വർഷം നീണ്ട കരിയറില്‍ നാല്‍പതിലധികം സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ, തന്റെ സിനിമാ ജീവിതത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയിൽ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിരീടത്തെക്കാൾ തനിക്ക് പ്രിയപ്പെട്ടത് ചെങ്കോൽ ആണെന്നും. ഓരോ കഥാപാത്രം കേൾക്കുമ്പോഴും മനസിലേക്ക് ആദ്യ വരിക മോഹൻലാലിൻറെ മുഖമാണെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നുണ്ട്. തന്റെ കരിയറിലെ ഏറ്റവും വലിയ പരാജയത്തെ കുറിച്ചും സിബി മലയിൽ മനസ് തുറക്കുന്നുണ്ട്.
‘എനിക്ക് കിരീടത്തെക്കാൾ പ്രിയപ്പെട്ടത് ചെങ്കോൽ ആണ്. അതിലെ എല്ലാ കഥാപാത്രങ്ങൾക്കും ഒരു പശ്ചാത്തലമുണ്ട്. അതിലെ കഥാപാത്രങ്ങൾ എല്ലാം കഠിനമായ ദുരന്ത പശ്ചാത്തലത്തിലൂടെ കടന്നു വന്നവരാണ്. കിരീടത്തെക്കാൾ മോഹൻലാൽ എന്ന നടന്റെ വളർച്ചയും പ്രകടമാകുന്നത് ചെങ്കോലിൽ ആണ്.
ചെങ്കോലിനെ കുറിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഒക്കെ വന്നിരുന്നു. പ്രത്യേകിച്ച് തിലകന്റെ കഥാപാത്രത്തിന് ഉണ്ടാകുന്ന മാറ്റമൊക്കെ. എങ്കിലും ഒരു ശക്തമായ സിനിമയായി ചെങ്കോൽ മാറി,’ സിബി മലയിൽ പറഞ്ഞു.
‘ഒരു കഥകേൾക്കുമ്പോൾ പ്രധാനപ്പെട്ട നടന്മാർ എന്ന നിലയിൽ മമ്മൂട്ടിയും മോഹന്ലാലുമാണ് മനസിലേക്ക് വരിക. പക്ഷെ ചില കഥാപാത്രങ്ങൾ കേൾക്കുമ്പോൾ പെട്ടെന്ന് ചിന്തയിലേക്ക് വരിക മോഹൻലാലിൻറെ മുഖമാണ്. കാരണം ലാലിന് ഏത് വേഷവും വഴങ്ങുന്ന ആകാരവും അഭിനയ രീതിയുമൊക്കെയാണ് ഉള്ളത്. പക്ഷെ മമ്മൂട്ടിക്ക് മാത്രം സാധ്യമാകുന്ന ചില കഥാപാത്രങ്ങളും ഉണ്ട്,’
‘തനിയാവർത്തനത്തിലും ഓഗസ്റ്റ് ഒന്നിലുമൊക്കെ മമ്മൂട്ടിയെ അല്ലാതെ മറ്റാരെയും ചിന്തിക്കാൻ കഴിയില്ല. അങ്ങനെ ചിലർക്ക് മാത്രം പരിപൂർണമായി ഇണങ്ങുന്ന ചില കഥാപാത്രങ്ങളും ഉണ്ട്,’
‘ആകാശദൂതിൽ മുരളിയെ ആദ്യം തന്നെ തീരുമാനിക്കുകയായിരുന്നു. അതൊരു നായക പ്രാധാന്യമുള്ള സിനിമയല്ല. മമ്മൂട്ടിയെയോ മോഹന്ലാലിനെയോ കാസ്റ്റ് ചെയ്താൽ അതൊരു മിസ് കാസ്റ്റിംഗ് ആവും. കാരണം അതിൽ പ്രാധാന്യം നായികയ്ക്കും കുട്ടികൾക്കുമാണ്. പക്ഷെ ഒരു നായകൻ ആവശ്യമായിരുന്നു. മുരളി ആകുമ്പോൾ സ്റ്റാർ എന്ന ഭാരവും ഇല്ല,’
‘ദേവദൂതന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. തിയേറ്ററുകളിൽ ചിത്രം ആളുകൾ സ്വീകരിച്ചില്ല. എന്റെ കരിയറിലെ വലിയ പരാജയങ്ങളിൽ ഒന്നാണ് ദേവദൂതൻ. ടെലിവിഷനിൽ വന്നപ്പോൾ നല്ല അഭിപ്രായം പറയുന്നുണ്ട്. ഇപ്പോൾ കാശ് കൊടുക്കാതെ കാണുന്നവർക്ക് ആസ്വദിക്കാമല്ലോ. തിയേറ്ററിൽ വന്ന് അന്ന് കണ്ടിരുന്നെങ്കിൽ ഇങ്ങനെ സംസാരിക്കേണ്ടി വരില്ലായിരുന്നു. അന്ന് അത് ഒട്ടും സ്വീകരിക്കപ്പെട്ടില്ല,’ സിബി മലയിൽ