കൊച്ചി:നല്ലൊരു സിനിമയിൽ അഭിനയിച്ച് അത് ഹിറ്റായാൽ നായകനും നായികയ്ക്കും സംവിധായകനും മാത്രമാണ് കരിയർ മെച്ചപ്പെടുത്താൻ കഴിയുക. സഹനടനും സഹനടിയുമായി ചെറിയ വേഷങ്ങൾ ചെയ്യുന്നവർക്ക് അതൊന്നും ഗുണം ചെയ്യില്ല. തുടരെ തുടരെ സിനിമകൾ ചെയ്താൽ മാത്രമെ സാമ്പത്തീകമായി പോലും മെച്ചപ്പെടാൻ സാധിക്കൂ.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമയിൽ സ്ഥിരമായി അമ്മവേഷത്തിൽ വന്ന് സന്തോഷിപ്പിച്ചിട്ടുള്ള… കരയിപ്പിച്ചിട്ടുള്ള നടിയാണ് ശാന്തകുമാരി. 2018 എന്ന സിനിമയിലാണ് വളരെ നാളുകൾക്ക് ശേഷം ശാന്തകുമാരിയെ പ്രേക്ഷകർ കാണുന്നത്.
സംവിധായകൻ ജൂഡ് ആന്തണിയാണ് അമ്മ വേഷം ഒരു കാലത്ത് സ്ഥിരമായി മലയാള സിനിമയിൽ ചെയ്തിരുന്നവരെ കണ്ടെത്തി 2018 സിനിമയുടെ ഭാഗമാക്കിയത്. അങ്ങനെയാണ് ഒരിടവേളയ്ക്ക് ശേഷം സിനിമയിൽ അഭിനയിക്കാൻ ശാന്തകുമാരിക്കും അവസരം ലഭിച്ചത്. ശാന്തകുമാരിയുടെ ജീവിതം സിനിമയാക്കാനുള്ള തരത്തിൽ സംഭവ ബഹുലമാണ്.
നാടകത്തിൽ നിന്നും അപ്രതീക്ഷിതമായി സിനിമയിലെത്തിയ ശാന്തകുമാരി വർഷങ്ങളോളം ഹോസ്റ്റലിലായിരുന്നു താമസം. സിനിമയില്ലാത്തത്തിനാൽ ഭക്ഷണത്തിന് പോലും ഒരു കാലത്ത് ശാന്തകുമാരി ബുദ്ധിമുട്ടിയിരുന്നു.
മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം വരെ ശാന്തകുമാരിക്ക് ലഭിച്ചിട്ടുണ്ട്. സിനിമയില്ലാതിരുന്ന സമയത്ത് കടകളിൽ നിന്നും തുണികൾ വഴിനീളെ നടന്ന് വിറ്റാണ് ചെലവിനുള്ള തുക ശാന്തകുമാരി കണ്ടെത്തിയിരുന്നത്. ഇപ്പോഴിത തനിക്ക് വീട് ലഭിച്ചതിന് പിന്നിൽ മലയാളത്തിലെ ചില മുൻനിര താരങ്ങളുടെ സഹായങ്ങളും കരങ്ങളുമുണ്ടെന്ന് പറയുകയാണ് ശാന്തകുമാരി.
മോഹൻലാലിനെ കാണാൻ വേണ്ടി അലഞ്ഞ് നടന്ന് കരഞ്ഞതിനെ കുറിച്ചും ശാന്തകുമാരി മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. തുറുപ്പുഗുലാന് ശേഷമാണ് അഭിനയത്തിൽ നിന്ന് ശാന്തകുമാരിക്ക് ഇടവേള വന്നത്. തനിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണെന്ന് ആരോ വ്യാജവാർത്ത പ്രചരിപ്പിച്ചുവെന്നും അതോടെ വിളിച്ച പടങ്ങൾ വരെ ക്യാൻസലാകാൻ തുടങ്ങിയെന്നും ശാന്തകുമാരി പറയുന്നു.
‘സിനിമ ഇല്ലാതിരുന്ന സമയത്ത് ഞാൻ ലേഡീസ് ടോപ്പുകൾ വാങ്ങി വിൽക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം റോഡിൽ വെച്ച് ദിലീപ് എന്നെ കണ്ടു. അടുത്ത ദിവസം എന്നെ വിളിപ്പിച്ചു. ‘ചേച്ചി ഇങ്ങനെ റോഡിൽക്കൂടി നടക്കരുത്. ചേച്ചിയുടെ വില ചേച്ചിക്ക് അറിയാത്തതുകൊണ്ടാെണെന്ന്’ പറഞ്ഞു. ആ സമയത്താണ് ഞാൻ മോഹൻലാലിനെ സമീപിക്കുന്നതും എനിക്കൊരു വീട് വെയ്ക്കുന്നതിന് എല്ലാവരും സഹായിക്കുന്നതും.’
‘ദിലീപും അന്ന് സഹായിച്ചു. അഞ്ച് ലക്ഷം രൂപയോളം തന്നു. ഡാൻസറും നടനുമായ വിനീതാണ് ആദ്യം പണം തന്നത്. ശ്രീനിവാസനും വീട് വെക്കാൻ പണം തന്ന് സഹായിച്ചിരുന്നു. സുരേഷ് ഗോപി ഒരു ലക്ഷം തന്നിരുന്നു’, ശാന്തകുമാരി വിവരിച്ചു.
‘വീടിന് സഹായം ചോദിക്കാനാണ് മോഹൻലാലിനെ കാണാൻ വേണ്ടി ഞാൻ കുറേ നടന്നത്. ഇടക്കൊച്ചിയിൽ ഒരു ഷൂട്ട് നടക്കുന്നുണ്ടെന്ന് അറിഞ്ഞ് ഞാൻ ഒരു വിധത്തിൽ അവിടെയെത്തി. കൈയ്യിൽ ഒട്ടും പണമുണ്ടായിരുന്നില്ല. അകത്തേക്ക് കയറ്റി വിട്ടില്ല. ഗേറ്റിനിടയിൽ കൂടി ലാലിനെ നോക്കി. അയ്യോ ശാന്തകുമാരി ചേച്ചിയല്ലേ അവിടെ നിൽക്കുന്നതെന്ന് പറഞ്ഞ് ലാൽ എന്നെ അടുത്തേക്ക് വിളിപ്പിച്ചു. ഞാൻ കരയുകയായിരുന്നു ആ സമയത്ത്. ഞാൻ കാര്യങ്ങൾ പറഞ്ഞു.’
‘സ്ഥലമുണ്ടോ ചേച്ചിക്കെന്ന് ലാൽ ചോദിച്ചു. ഇളയവൾക്ക് എഴുതി കൊടുത്ത സ്ഥലം അവൾ എനിക്ക് തിരിച്ചെഴുതി തന്നിരുന്നു. ആ സ്ഥലത്ത് വീട് വെയ്ക്കാൻ സഹായിക്കാൻ ലാൽ തന്നെ എല്ലാവരെയും വിളിച്ച് പറഞ്ഞു. അങ്ങനെ ആയിരവും അഞ്ഞൂറും തന്നവർ വരെയുണ്ട്. അങ്ങനെയാണ് എനിക്ക് വീടായത്.’
‘വീടിന്റെ പേര് അമ്മവീടെന്നാണ്. മൂന്ന് നാല് മാസം കൊണ്ട് വീട് പണി പൂർത്തിയായി’, സന്തോഷത്തോടെ ശാന്തകുമാരി പറയുന്നു. അസുഖവും വാർധക്യവും അലട്ടുമ്പോഴും ജോലി ചെയ്ത് ജീവിക്കണമെന്ന ആഗ്രഹമാണ് ശാന്തകുമാരിക്ക്. അതുകൊണ്ട് തന്നെ കിട്ടുന്ന വേഷങ്ങളെല്ലാം അഭിനയിക്കുന്നുമുണ്ട്.