കൊച്ചി:മലയാളത്തിലെ യുവനടാണ് ഉണ്ണി മുകുന്ദന്‍. നടന്‍ എന്നതിലുപരിയായി ഇന്ന് നിര്‍മ്മാതാവ് എന്ന നിലയിലും കരുത്തറിയിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. ഒടുവിലായ പുറത്തിറങ്ങിയ മാളികപ്പുറം വലിയൊരു വിജയമായി മാറിയിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ തന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ഉണ്ണി മുകുന്ദന്‍. മനോരമയിലെ നേരെ ചൊവ്വയില്‍ സംസാരിക്കുകയായിരുന്നു താരം
തനിക്കെതിരെയുള്ള രാഷ്ട്രീയ ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ് താരം നല്‍കുന്നത്. തന്റെ സിനിമകളിലൂടെ വലതുപക്ഷ രാഷ്ട്രീയം ഒളിച്ചു കടത്തുന്നുവെന്ന ആരോപണത്തെക്കുറിച്ചാണ് താരം സംസാരിച്ചത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.
എന്റെ ഭാഗത്തു നിന്നും ഒളിച്ചു കടത്തലൊന്നും ഉണ്ടായിട്ടില്ല. മേപ്പടിയാന്‍ ഒരു സാധാരണക്കാരന് നോ പറയാന്‍ പറ്റാത്ത അവസ്ഥയില്‍ നിന്നുമുണ്ടാകുന്ന കഥയാണ്. സേവാഭരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചുവെന്നാണ് പറയുന്നത്. എന്നാല്‍ ഞാനതിനെ കാര്യമായിട്ടെടുത്തിട്ടില്ല. ക്രിയാത്മകമായ വിമര്‍ശനോ എന്റെ ഭാഗത്ത് തെറ്റുണ്ടായി എന്നോ ആണെങ്കില്‍ ഞാന്‍ തിരുത്തുമായിരുന്നു.
ഒരു വിഭാഗത്തിന് മാത്രമായി സിനിമയെടുത്തിട്ടില്ല. മാളികപ്പുറം സിനിമ കണ്ടത് ഒരു വിഭാഗം മാത്രമല്ല. പത്ത് വര്‍ഷം പബ്ലിക് ഫിഗറായി നില്‍ക്കുമ്പോള്‍ അയാള്‍ എങ്ങനെയാണെന്ന് മനസിലാകുമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. സമാജത്തിന്റെ സിനിമയാണെന്ന് പറയുന്നതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ആര്‍ക്കും എന്തും പറയാമെന്നും താന്‍ അതിന്റേതായ സ്പിരിറ്റിലേ എടുക്കുകയുള്ളൂവെന്നും താരം പറയുന്നു.
എന്നെക്കുറിച്ച് എന്തു വേണമെങ്കിലും പറയാം. ഞാന്‍ ഇതുവരെ ഒരു രാഷ്ട്രീയ പ്രസ്താവനയും ഞാന്‍ പറഞ്ഞിട്ടില്ല. ഒരു പൊളിറ്റിക്കല്‍ ആക്ഷനും നടത്തിയിട്ടില്ലെന്നും താരം പറയുന്നു. എന്നെ ഞാനാക്കിയത് കേരളത്തിലെ കുടുംബങ്ങളാണ്. എന്റെ പേര് പോലും അറിയാതെയാണ് എന്റെ സിനിമ കാണാന്‍ വന്നത്. എത്ര സിനിമയില്‍ സേവാഭാരതിയും എസ്ഡിപിഐയും ഒക്കെ വന്നിട്ടുണ്ട്. ഈ സിനിമക്കെതിരെ മാത്രം എന്തുകൊണ്ടെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
ഇവിടെ മാലിക്കും, കെഎല്‍ ടെന്‍ 10, ആദാമിന്റെ മകന്‍ അബുവുമൊക്കെ വന്നിട്ടുണ്ട്. പൊളിറ്റിക്കല്‍ കറക്ട്‌നെസ് നോക്കിയിട്ട് സിനിമ എഴുതാനാകില്ല. ഞാനല്ല ഈ സിനിമയൊന്നും എഴുതിയത്. ഞാന്‍ നടന്‍ മാത്രമാണ്. ആരോടും ചോദിക്കാത്ത ചോദ്യങ്ങള്‍ എന്നോട് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയാനാണ്. എനിക്ക് പൊളിറ്റിക്കലി കറക്ടായി സംസാരിക്കനറിയില്ല. ഇങ്ങനെയായത് കൊണ്ടാണ് എന്നെ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടത്. ചെറിയ മാറ്റം വന്നാല്‍ തന്നെ ആളാകെ മാറും. എന്റെ കുടുംബത്തെ മാറ്റി നിര്‍ത്തിയിട്ട് എന്നെ എന്തും പറയാം.
എന്തെങ്കിലും അജണ്ടയോ തെറ്റായ സന്ദേശമോ പാസ് ചെയ്യാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. അയ്യോ പറയാതെ കുടുംബമായിട്ട് ഇരുന്ന് കാണാന്‍ പറ്റുന്ന സിനിമയാണ് മാളികപ്പുറം. എന്റെ സിനിമയില്‍ എന്റര്‍ടെയ്ന്‍മെന്റ് ഗ്യാരണ്ടിയാണ്. രാജ്യത്തോടുള്ള എന്റെ ഇഷ്ടവും ആത്മാര്‍ത്ഥയും ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാനൊരു ദേശീയവാദിയാണ്. അതെനിക്ക് മാറ്റിവെക്കാനാകില്ല. രാജ്യത്തിനെതിരെ എന്തെങ്കിലും പറഞ്ഞാല്‍ എനിക്ക് വേദനിക്കും.
ഇതൊരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ആണെന്ന് എനിക്ക് തോന്നിയിട്ടില്ല. ഏതൊരു ഇന്ത്യാക്കാരനും അതുണ്ടാകണം. ഇന്ത്യ-പാക്കിസ്ഥാന്‍ മാച്ച് വരുമ്പോള്‍ മാത്രം വരുന്നതല്ല രാജ്യസ്‌നേഹം. ചില പൊളിറ്റിക്കല്‍ പാര്‍ട്ടികള്‍ ക്യാമ്പയിന്‍ ചെയ്ത എത്രയോ നടന്മാര്‍ ഇവിടെയുണ്ട്. അവരോടൊന്നുമില്ലാത്ത ചോദ്യമാണ് എന്നോട്. ദേഷ്യവും എടുത്തുചാട്ടവും കുറച്ചിട്ടുണ്ട്. അതേസമയം മീഡിയ ഫ്രണ്ട്‌ലിയാകാനോ ഡിപ്ലോമാറ്റിക് ആകാനോ അറിയില്ലെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.
മാളികപ്പുറമാണ് ഉണ്ണി മുകുന്ദന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഉണ്ണി തന്നെയായിരുന്നു സിനിമയുടെ നിർമ്മാണവും. അതേസമയം കഴിഞ്ഞ ദിവസം മാളികപ്പുറവുമായി ബന്ധപ്പെട്ട് വ്ളോഗർ സീക്രട്ട് ഏജന്റ് പങ്കുവച്ച വീഡിയോയെ തുടർന്ന് വ്ളോഗറെ ഉണ്ണി മുകുന്ദന്‍ അസഭ്യം പറഞ്ഞത് വിവാദമായി മാറിയിരുന്നു