ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്; ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎക്ക് എതിരെ കേസ്
തെലങ്കാന: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ ഇരയുടെ ചിത്രം പുറത്തുവിട്ട ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ്. ദുബ്ബാക്ക മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎ രഘുനന്ദൻ റാവുവിന് എതിരെയാണ് തെലങ്കാന പൊലീസ് കേസെടുത്തിരിക്കുന്നത്. ഐപിസി 228 എ വകുപ്പാണ് എംഎൽഎയ്ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടതിനാണ് കേസ്.
കൂട്ടബലാത്സംഗത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങിപ്പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ രഘുനന്ദൻ റാവു പുറത്തുവിട്ടിരുന്നു. കാറിനകത്ത് എംഎൽഎയുടെ മകന്‍റെ ഒപ്പം ഇര ഇരിക്കുന്നതിന്‍റെ ചിത്രവും ഇതോടൊപ്പം പുറത്തുവിട്ടത് വലിയ പ്രതിഷേധമാണ് ഉയർത്തിയത്.
കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് രഘുനന്ദൻ റാവു ഇരയുടെ മുഖം വ്യക്തമാകുന്ന ചിത്രം മാധ്യമങ്ങൾക്ക് മുന്നിൽ കാണിച്ചത്. എഐഎംഐഎം എംഎൽഎയുടെ മകൻ ഈ കേസിലുൾപ്പെട്ടു എന്ന് തെളിയിക്കുന്നതാണ് ഈ ചിത്രമെന്ന് പറഞ്ഞായിരുന്നു ചിത്രം പുറത്തുവിട്ടത്. എംഎൽഎയുടെ മകനെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണ് എന്നാരോപിച്ചായിരുന്നു രഘുനന്ദൻ റാവുവിന്‍റെ വാർത്താസമ്മേളനം.
എല്ലാ മാധ്യമങ്ങളിലും തത്സമയം സംപ്രേഷണം ചെയ്ത വാർത്താസമ്മേളനത്തിൽ ഇരയുടെ ചിത്രം പുറത്തുവന്നതോടെ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഈ ചിത്രം പ്രചരിച്ചു. ഈ വീഡിയോ ക്ലിപ്പുകൾ പ്രസിദ്ധീകരിച്ചതിന് രണ്ട് യൂട്യൂബർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ ചിത്രം പുറത്തുവിട്ടതിന് രാഷ്ട്രീയഭേദമന്യേ, രഘുനന്ദൻ റാവുവിനെതിരെ രൂക്ഷവിമർശനമാണുയർന്നത്. വെറും രാഷ്ട്രീയനേട്ടത്തിന് വേണ്ടി, ഇരയുടെ സ്വകാര്യത പോലും സംരക്ഷിക്കാതെ കുട്ടിയെ തിരിച്ചറിയുന്ന തരത്തിലുള്ള ചിത്രങ്ങൾ പുറത്തുവിട്ടത് തീർത്തും അപലപനീയമാണെന്ന് വിമർശനമുയർത്തി വനിതാ സംഘടനകൾ രംഗത്തെത്തി.
ഉന്നതസ്വാധീനമുള്ളവരുടെ മക്കൾ പ്രതികളായ കേസ് പ്രാദേശിക പൊലീസ് അന്വേഷിച്ചാൽ അട്ടിമറിക്കപ്പെടുമെന്നും, സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തെലങ്കാനയിൽ തുടരുകയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരമായി കാറിൽ വച്ച് ബലാത്സംഗം ചെയ്ത കേസ് രാജ്യമനഃസാക്ഷിയെത്തന്നെ ഞെട്ടിച്ചതാണ്.’
രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് കേസിൽ കസ്റ്റഡിയിലെടുക്കപ്പെട്ട അഞ്ച് പേരും. കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് പ്രതികളിലൊരാളുടെ എങ്കിലും പേര് പെണ്‍കുട്ടിക്ക് ഓര്‍മ്മിക്കാനായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. അഞ്ച് പേരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍. രണ്ട് പേര്‍ 18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍.
ഹൈദരാബാദിലെ പബ്ബില്‍ ശനിയാഴ്ച സുഹൃത്തിനൊപ്പം പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികൾ ബെന്‍സ് കാറില്‍ കയറ്റിയത്. തുടര്‍ന്ന് ആളൊഴിഞ്ഞ ജൂബിലി ഹില്‍സ്സില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ടിആര്‍എസ് എംഎല്‍യുടെ മകന്‍, ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകന്‍, AIMIM നേതാവിന്‍റെ മകന്‍, ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡംഗത്തിന്‍റെ മകന്‍ എന്നിവര്‍ക്ക് കേസിൽ പങ്കുണ്ടെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ബെന്‍സില്‍ ജൂബിലി ഹില്‍സ്സിലെത്തിച്ച പെണ്‍കുട്ടിയെ മറ്റൊരു ഇന്നോവ കാറില്‍ വച്ചാണ് ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറയുന്നു. പബ്ബില്‍ വച്ചുള്ള പരിചയത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി കാറില്‍ കയറിയത്. ദേഹത്തടക്കം മുറിവ് കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിവരം തേടിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ തെലങ്കാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. തെലങ്കാന ആഭ്യന്തര മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തുടരുകയാണ്.