സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ കസേരയില്‍ കെട്ടിയിട്ട് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു

കന്യാകുമാരി: സംശയരോഗിയായ ഭര്‍ത്താവ് ഭാര്യയെ വീടിനുള്ളില്‍ കസേരയില്‍ കെട്ടിയിട്ട് തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും വാതില്‍ തല്ലിപൊളിച്ചാണ് യുവതിയെ രക്ഷിച്ചത്. കന്യാകുമാരിയിലാണ് സംഭവം. വീടിന്റെ വാതില്‍ ചവിട്ടിപൊളിച്ച് പോലീസ് രക്ഷപ്പെടുത്താന്‍ എത്തിയപ്പോഴും വിശ്വസിക്കാന്‍ കഴിയാതെ അലറി കരയുകയായിരുന്നു യുവതി. കൈയ്യും കാലും കസേരയില്‍ ചേര്‍ത്ത് കെട്ടി വായില്‍ പാതി തുണിതിരുകി കയറ്റിയ നിലയിലായിരുന്ന യുവതിയുടെ ശരീരം മുഴുവന്‍ പെട്രോള്‍ ഒഴിച്ച നിലയിലായിരുന്നു.

കന്യാകുമാരി ഇരണിയല്‍ കോടതിയിലെ ജീവനക്കാരിയായ യുവതിയ്ക്ക് ഓഫീസിലെ യുവാവുമായി അടുപ്പമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് സുരേഷ് രാജന്‍ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത്. സംശയരോഗത്തെ തുടര്‍ന്ന് ഭാര്യയെ ക്രൂരമായി മര്‍ദിച്ച സുരേഷ് പിന്നീട് വീട് അകത്ത് നിന്ന് പൂട്ടിയ ശേഷം യുവതിയെ കെട്ടിയിടുകയായിരുന്നു. വായില്‍ തുണിതിരുകിയ ശേഷം കന്നാസില്‍ വാങ്ങിവച്ചിരുന്ന പെട്രോള്‍ ഭാര്യയുടെ ദേഹത്ത് ഒഴിച്ചു. സുരേഷിന്റെ അമ്മയും മകളും വീട്ടിലില്ലാത്ത സമയത്തായിരുന്നു ക്രൂരമര്‍ദ്ദനം. വലിയ ശബ്ദത്തില്‍ ടി.വി വച്ചിട്ടായിരുന്നു മര്‍ദ്ദനം.

അസാധാരണ രീതിയില്‍ വലിയ ശബദത്തോടെ ടി.വിയുടേയും ഒപ്പം യുവതിയുടെയും കരച്ചില്‍ കേട്ട് സംശയം തോന്നിയ നാട്ടുകാരാണ് കുളച്ചല്‍ പോലീസിനെ വിവരം അറിയിച്ചത്. പോലീസെത്തിയപ്പോഴാണ് വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയില്‍പ്പട്ടത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തുകയറുകയായിരുന്നു. കത്തി കാണിച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സുരേഷിനെ നാട്ടുകാര്‍ പിടികൂടി. കൊലപാതക ശ്രമം, ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ സുരേഷിനെതിരെ കേസ് എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News