പത്തനംതിട്ട: വീട്ടമ്മയെ കൊന്ന് ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളിയ കേസില്‍ പ്രതി അറസ്റ്റിലായി. അടൂര്‍ ആനന്ദപ്പള്ളി കുറിയമുളയ്ക്കല്‍ വീട്ടില്‍ മധുസൂദനനാണ്(52) അറസ്റ്റിലായത്. അട്ടത്തോട് സ്വദേശിനിയായ സുശീലയുടെ (58) മൃതദേഹമാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഇവരുടെ രണ്ടാം ഭര്‍ത്താവാണ് പ്രതിയായ മധുസൂദനന്‍.
രണ്ടു വര്‍ഷമായി ഇവര്‍ കുരമ്പാല പറയന്റയ്യത്ത് സ്ഥലം വാങ്ങി വീടുവച്ചു താമസിക്കുകയായിരുന്നു. ടാപ്പിങ് തൊഴിലാളികളായിരുന്ന ഇരുവരും 2 വര്‍ഷം മുന്‍പ് ളാഹ എസ്റ്റേറ്റില്‍ വച്ചാണ് പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. വിവാഹിതരായ ഇവര്‍ മധുസൂദനന്റെ പന്നിവിഴയിലെ വീട് വിറ്റു കുരമ്പാലയില്‍ താമസമാക്കി.
അട്ടത്തോട് പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജോലിയില്‍ നിന്നു വിരമിച്ചപ്പോള്‍ സുശീലയ്ക്ക് ലഭിച്ച 3 ലക്ഷം രൂപയില്‍ നിന്നു 2 ലക്ഷം രൂപ ചെലവഴിച്ചു പറയന്റയ്യത്ത് സ്ഥലം വാങ്ങി. ബാക്കി തുകയെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവും അടിപിടിയും പതിവായിരുന്നു.
ചൊവ്വാഴ്ച രാത്രി തര്‍ക്കത്തിനിടെ മധുസൂദനന്‍ കമ്പിയെടുത്ത് സുശീലയെ അടിക്കുകയും ടാപ്പിങ് കത്തി കൊണ്ട് കുത്തുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ സുശീല മരിച്ചെന്നുറപ്പായതോടെ, ബുധനാഴ്ച പുലര്‍ച്ചെ അഞ്ചോടെ ചാക്കില്‍ കെട്ടി തന്റെ ഓട്ടോറിക്ഷയില്‍ കുരമ്പാല ഇടയാടിയില്‍ ജംക്ഷനു സമീപമുള്ള ഉപറോഡിന്റെ അരികില്‍ തള്ളി. 16ന് രാവിലെയാണ് നാട്ടുകാര്‍ മൃതദേഹം കാണുന്നത്.