ഹരിപ്പാട് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊന്നു

ഹരിപ്പാട്: ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച വീട്ടമ്മ മരിച്ചു. കരുവാറ്റ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡില്‍ വിജിതാലയത്തില്‍ കമലമ്മ (49) ആണ് മരിച്ചത്. സംഭവത്തിലെ പ്രതിയായ വിജയപ്പനെ ബന്ധുവീട്ടില്‍ നിന്നു നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.

മദ്യപിച്ചെത്തിയ വിജയപ്പന്‍ കമലമ്മയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. നാഭിക്കും വയറിനും ഗുരുതരമായി പരുക്കേറ്റ കമലമ്മയെ വെള്ളിയാഴ്ച രാവിലെ അയല്‍ക്കാര്‍ മാവേലിക്കര ഗവണ്മെന്റ് ആശുപത്രിയിലെത്തിച്ചു. ആന്തരിക രക്തസ്രാവമുണ്ടായി നില വഷളായതോടെ തിങ്കളാഴ്ച വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു.

രാത്രി 12 മണിയോടെയായിരുന്നു മരണം. മദ്യപിച്ചെത്തി ഭാര്യയെ മര്‍ദ്ദിക്കുക ഇയാളുടെ പതിവായിരുന്നു. അയല്‍ക്കാരെയടക്കം അസഭ്യം പറയുകയും കൈയ്യേറ്റത്തിനു മുതിരുകയും ചെയ്യുന്നതിനാല്‍ വഴക്കുണ്ടായാല്‍ ആരും വീട്ടിലേക്ക് ചെല്ലാറില്ലെന്ന് അയല്‍വാസികള്‍ പറഞ്ഞു. മൃതദേഹം മോര്‍ച്ചറിയില്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News