രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യരുത്; യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറിയ സംഭവത്തില്‍ പ്രതികരണവുമായി നടി അഹാന കൃഷ്ണ
നടി അഹാനയുടെ വീട്ടില്‍ അര്‍ധരാത്രി അതിക്രമിച്ച് കയറാന്‍ ശ്രമം നടത്തിയ യുവാവ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരിന്നു. സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. തീവ്രവാദികളുടെ ആക്രമണമാണോ പിന്നിലെന്ന് അന്വേഷിക്കണമെന്നായിരുന്നു കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടത്.
പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണകുമാറിന്റെ മകളും നടിയുമായ അഹാന കൃഷ്ണകുമാര്‍. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറിയ സംഭവം രാഷ്ട്രീയവല്‍ക്കരിക്കുകയോ വര്‍ഗീയവല്‍ക്കരിക്കുകയോ ചെയ്യരുതെന്ന് അഹാന കൃഷ്ണ ആവശ്യപ്പെടുന്നു. അംഗീകരിക്കാനാവാത്തതും അവിശ്വസനീയവുമായ പ്രവൃത്തിയാണ് യുവാവില്‍ നിന്നും ഉണ്ടായത്. വിഷയം അറിഞ്ഞ ഉടനെ വിളിച്ച് അന്വേഷിച്ചവര്‍ക്ക് നന്ദി, ഞങ്ങള്‍ക്കത് നല്ല രീതിയില്‍ കൈകാര്യം ചെയ്യാനായെന്നും അഹാന ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.
സംഭവം വിവരിച്ച് കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നടി അഹാനയെ കാണാന്‍ എത്തിയതെന്നായിരുന്നു പിടിയിലായ യുവാവ് പോലീസിനോട് പറഞ്ഞത്.